അതിരുകളില്‍ അദൃശ്യരാകുന്നവര്‍

അതിരുകളില്‍ അദൃശ്യരാകുന്നവര്‍

2020 ഒക്‌ടോബര്‍ 3-ന് ഫ്രാന്‍സിസ് പാപ്പ 'ഏവരും സഹോദരര്‍' എന്ന തന്റെ മൂന്നാമത്തെ ചാക്രികലേഖനം ലോകസമക്ഷം സമര്‍പ്പിച്ചു. സമാധാന ദൂതനായ വി. ഫ്രാന്‍സിസ്സിന്റെ സൗഹാര്‍ദ്ദ സന്ദേശം പ്രത്യേക പ്രചോദനമായി സ്വീകരിച്ച് രചിക്കപ്പെട്ട ലേഖനം വിശ്വശാന്തിക്കായുള്ള സാര്‍വ്വത്രിക സാമൂഹ്യാഹ്വാനമായി അപ്പസ്‌തോലിക മുദ്രയാര്‍ന്നത്, അസ്സീസിയിലെ അതേ വിശുദ്ധന്റെ അനശ്വര സ്മാരകത്തെ സാക്ഷിയാക്കിയായിരുന്നു. പാപ്പയുടെ ലോകശ്രദ്ധയാകര്‍ഷിച്ച തിരുവെഴുത്ത്, 'ലൗദാത്തോ സി', പൊതുഭവനമായ അമ്മ ഭൂമിയോട് നാം പുലര്‍ത്തേ ണ്ട സര്‍വ്വ സാഹോദര്യത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലായിരുന്നുവെങ്കില്‍, അടഞ്ഞുപോയ ലോകത്തിനു മീതെ നിഴലായി മൂടുന്ന വിഭാഗീയതയുടെ കരിമേഘങ്ങള്‍ക്കു മുകളില്‍ വിരിഞ്ഞുയരേണ്ട സാമൂഹ്യ സാഹോദര്യ ത്തിന്റെ മഴവില്ലഴകിനെക്കുറിച്ചുള്ള ശുഭസ്വപ്നങ്ങളാണ് പാപ്പ പങ്കുവയ്ക്കുന്നത്. എട്ട് അധ്യായങ്ങളിലായി 287 ഖണ്ഡികകളില്‍ 45,000 വാക്കുകള്‍ ഇഴചേര്‍ത്തിണക്കിയൊരുക്കിയ തിരുവരുളില്‍ സങ്കുചിത ചിന്തകളിലേയ്ക്കും, അത്യാര്‍ത്തിയിലേയ്ക്കും, യുദ്ധ വെറിയിലേയ്ക്കും സംവേദന ലോപത്തിലേയ്ക്കും ഇടുങ്ങിയിറുകിപ്പോകുന്ന ലോകമനസ്സാക്ഷിക്കുള്ള തിരുത്തലുകളാണ്.
ലൗദാത്തോ സി എന്ന ചാക്രിക ലേഖനത്തിന്റെ പ്രധാന പ്രേരണ പരിസ്ഥിതി പരിപാലനയുടെ സാര്‍വ്വത്രിക ഉത്തരവാദിത്വത്തെക്കറിച്ച് സ്പഷ്ടമായി പ്രസ്താവിച്ച ഓര്‍ത്തഡോക്‌സ് പാത്രിയര്‍ക്കീസ് ബര്‍ത്തലോമിയോയുടെ വാക്കുകളായിരുന്നുവെങ്കില്‍, പുതിയ ചാക്രിക ലേഖന രചനയില്‍ പ്രചോദനമായത്, അബുദാബി ഗ്രാന്‍ഡ് ഇമാം അഹമ്മദ് അല്‍ തയ്യേബുമായി പങ്കുവച്ച സംഭാഷണ സന്ദര്‍ഭമായിരുന്നുവെന്ന് പാപ്പ ഓര്‍ത്തെടുക്കുന്നുണ്ട്.
തുല്ല്യ അവകാശങ്ങളോടെയും കടമകളോടെയും സൃഷ്ടിക്കപ്പെട്ട സകല മനുഷ്യരുടെയും മഹത്വം ദൈവദത്തമാകയാല്‍, അവിഭാജ്യമാണെന്നും, അതവിരാമമായി തുടരുന്നുവെന്നുറപ്പാക്കാന്‍ സാര്‍വ്വത്രിക സമൂഹത്തിന്റെ പൊതു നന്മയെ (common good) ലക്ഷീകരിക്കുന്ന സാമൂഹ്യ സാഹോദര്യത്തിലൂടെ (social fraternity) മാത്രമേ സാധ്യമാകൂവെന്നും അസന്നിഗ്ദ്ധമായി അവതരിപ്പിക്കുന്ന ചാക്രിക ലേഖനം അതിനുള്ള ഏക പോംവഴിയായി സംഭാഷണത്തെയും സംവാദത്തെയുമാണ് (Encounter) സമര്‍പ്പിക്കുന്നത്.
മറന്നുപോകരുതാത്ത ചരിത്രബോധം സംഭാഷണങ്ങളെ യഥാര്‍ത്ഥത്തില്‍ ആധികാരികമാക്കേണ്ടത് അത് സഹിഷ്ണുതയുടെയും സംയമനത്തിന്റെയും അനുരഞ്ജന പാതകളിലേയ്ക്കു നമ്മെ നയിക്കുന്നതു കൊണ്ടാകണം. വേരു പറിഞ്ഞ വേവലാതിയോടെ വഴിയരികില്‍ മുറിവേറ്റ് കിടക്കുന്ന 'അപരിചിതന്‍' പുതിയ കാലത്തെ അഭയാര്‍ത്ഥിയാണ്. "നല്ല സമരിയാക്കാരനാകണോ, ഉദാസീനരായ കാഴ്ചക്കാരാകണോ എന്നത്, ഓരോ ദിവസവും നാം തീരുമാനിക്കേണ്ടതുണ്ട്' (FT.69). കാരണം 'ആഗോള വത്കൃത സമൂഹം നമ്മെ വേഗത്തില്‍ അയല്‍ക്കാരാക്കുന്നുണ്ടെങ്കിലും അത് നമ്മെ നല്ല സഹോദരങ്ങളാക്കുന്നില്ലെന്ന (FT.05) തിരിച്ചറിവുണ്ടാകണം. നമുക്കിഷ്ടമുള്ളവരെ ചേര്‍ത്തുപിടിക്കുകയും, നമുക്ക് അപ്രിയരോ, നിയന്ത്രണത്തിനതീതരോ ആയവരെ പുറത്താക്കുന്നതുമായ (FT.47) ആത്മഭാഷണവിനിമയവേദികള്‍ സഭാഷണങ്ങളെത്തന്നെ റദ്ദാക്കുന്നതെങ്ങനെയെന്ന് പാപ്പ ചൂണ്ടിക്കാണിക്കുന്നു. പ്രാപഞ്ചികൈക്യത്തിലേയ്ക്ക് (univesal communion) നയിക്കുന്ന ആധികാരിക സ്‌നേഹം അടയാളപ്പെടുന്നതും സഫലീകരണത്തിലേയ്ക്ക് (fulfilment) ഒരാള്‍ പാകപ്പെടുന്നതും ആരില്‍ നിന്നും ഒഴിഞ്ഞ് മാറാതിരിക്കുമ്പോഴാണെന്ന് മറക്കാതിരിക്കണം (FT.95).
അതിരുകളെ അതിലംഘിക്കുന്ന സാമൂഹ്യ സാഹോദര്യത്തിലേയ്ക്ക് (social friendship) സമന്വയിക്കാന്‍ സഹായിക്കുന്ന സംശുദ്ധമായ രാഷ്ട്രീയത്തെ സാധ്യമാക്കുന്നത് സ്‌നേഹശുശ്രൂഷയ്ക്കുള്ള ദൈവവിളിയായി അത് സ്വീകരിക്കുമ്പോഴാണെന്ന് പാപ്പായ്ക്ക് ഉറപ്പുണ്ട്. അപ്പോഴും അത് ജനപ്രിയതയുടെ (populism) താല്‍ക്കാലികാകര്‍ഷണങ്ങളില്‍ നിന്ന് മുക്തവും (FT.159) അവസര അസമത്വമെന്ന ആധുനിക ദാരിദ്ര്യത്തെ (FT.21) സമഗ്രമായി അഭിസംബോധന ചെയ്യത്തക്കവിധം സാമ്പത്തിക ദുഷ്പ്രവണതകള്‍ക്ക് (economy) വിധേയപ്പെടാതെ യഥാര്‍ത്ഥ ജനപിന്തുണയാല്‍ (people) നിര്‍ണ്ണയിക്കപ്പെട്ടതുമാകണം. സാമൂഹ്യ ഉപവി, പൊതുനന്മയിലേയ്ക്ക് എപ്പോഴും ഏകാഗ്രമാകയാല്‍ വ്യക്തിനിഷ്ഠ താല്പര്യങ്ങള്‍ക്കപ്പുറത്ത് സകലരെയും വിശാല ദര്‍ശനത്തില്‍ ഐക്യപ്പെടുത്തുന്ന കൂട്ടായ്മ നിര്‍മ്മിതിയെ സാധ്യമാക്കുന്നുണ്ട് (FT.182). ഏറ്റവും ചെറുതും ഏറ്റവും ദുര്‍ബലവും, ഏറ്റവും ദരിദ്രവുമായത് നമ്മുടെ ഹൃദയത്തെ തൊടുമ്പോഴാണ് രാഷ്ട്രീയ പ്രവര്‍ത്തനം നീതിയുക്തവും, കുലീനപൂര്‍ണ്ണവുമാകുന്നത് (FT.194) എന്ന് പാപ്പ ഓര്‍മ്മിപ്പിക്കുന്നു. വിയോജിക്കുവാനുള്ള ജനാധിപത്യ ഇടം നിരന്തരം തുറന്നു കൊടുക്കുന്ന സംശദ്ധ രാഷ്ട്രീയമാണ് സമൂഹ നിര്‍മ്മിതിയെ യഥാര്‍ത്ഥത്തില്‍ സാധ്യമാക്കുന്നത്.
സര്‍വ്വശക്തമായ ദേശരാഷ്ട്ര സങ്കല്പം (nation state) ജനാധിപത്യ വിരുദ്ധമാകാനുള്ള അനിവാര്യ സാധ്യതയ്ക്ക് ഇന്ത്യയിലെ പുതിയ രാഷ്ട്രീയ സാഹചര്യം വേണ്ടുവോളം തെളിവ് നല്കുന്നുണ്ട്. അതിന്റെ പ്രധാന ലക്ഷണമായ സമഗ്രാധിപത്യം ജനതയെ വെറും ഗുണഭോക്താക്കള്‍ മാത്രമാക്കും! ജനങ്ങളുടെ സക്രിയമായ നേതൃത്വം അവര്‍ക്ക് തന്നെ നഷ്ടപ്പെടുന്നതിലൂടെ നിഷ്‌ക്രിയരായ കാണികളും, ഇരകളും മാത്രമായി അവര്‍ പരിവര്‍ത്തിക്കപ്പെടും. പ്രതിഷേധം രാജ്യദ്രോഹമാകുന്നതോടെ അടിമത്വം സമ്പൂര്‍ണ്ണമാകും. ആദിവാസികള്‍ക്കുവേണ്ടി ദശാബ്ദങ്ങളോളം ശബ്ദിച്ച, 84 വയസ്സുള്ള ഫാ. സ്റ്റാന്‍സ്വാമിയുടെ മാവോയിസ്റ്റ് ബന്ധമാരോപിച്ചുള്ള ജനാധിപത്യ വിരുദ്ധമായ തടങ്കലിനെക്കുറിച്ചുള്ള പ്രതികരണം പോലും അവധാനതയോടെ ആലോചിച്ച് മാത്രം വേണമെന്ന് നാം കരുതുവോളം ജനാധിപത്യത്തിന്റെ കീഴടങ്ങല്‍ സ്വഭാവികവും സാധാരണവുമാകും. അജപാലകരുടെ 'ആക്ടിവിസ'ത്തിലെ സുവിേശഷ വിരുദ്ധതയെ തിരയുന്ന പുതിയ സൈബര്‍ സഭാ സംരക്ഷകര്‍ അധികാര പ്രമത്തതയ്‌ക്കെതിരെ ആഞ്ഞടിച്ച ക്രിസ്തുവിനെ വിശദീകരിക്കുന്നതെങ്ങനെയാണാവോ? (ലൂക്കാ 13:32).
പ്രസിദ്ധ ചിന്തകനായ ഴാക് റാന്‍സിയ ഓര്‍മ്മിപ്പിക്കുന്നതുപോലെ 'ജനാധിപത്യം അദൃശ്യരായ ജനതയെ ദൃശ്യരാക്കുകയാണ് ചെയ്യേണ്ടത്. കേട്ടിട്ടില്ലാത്ത ശബ്ദങ്ങള്‍ കേള്‍ക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയാണ് വേണ്ടത്.'
അപരന്‍ അയല്ക്കാരനും സഹോദരനുമായി പരിണമിക്കുന്ന സാമൂഹ്യ സാഹോദര്യത്താലടയാളപ്പെട്ടതും, ഏറ്റവും ചെറിയവനുപോലും പ്രവേശനാനുമതി ലഭിക്കത്തക്ക വിധം വിശാലവും വികസിതവുമായ സംഭാഷണ വേദികളാല്‍ സമ്പന്നവുമായ പുതിയ ലോകക്രമത്തെ സജ്ജീകരിക്കാന്‍ സാധ്യമായതെല്ലാം ഫ്രത്തെല്ലി തൂത്തിയിലുണ്ട്. നീതീകരിക്കുന്ന യുദ്ധമെന്നൊന്നില്ലെന്നും, പൊതുനന്മയെ സാധൂകരിക്കുവോളമെ, സ്വകാര്യ സ്വത്തവകാശത്തിന് നിലനില്‍ക്കാനാവുകയൊള്ളൂവെന്നും പുതിയ ചാക്രികലേഖനം പഠിപ്പിക്കുമ്പോള്‍ സര്‍വ്വ സാഹോദര്യത്തിലടിസ്ഥാനപ്പെട്ട വിശ്വമാനവികതയുടെ പുതിയ ചക്രവാളങ്ങളെ അത് തുറക്കുക തന്നെയാണ്. അതിരുകളില്‍ അദൃശ്യരാകുന്നവരെ പ്രത്യക്ഷീകരിക്കാനും പ്രസക്തരാക്കാനും, ക്രിസ്തുവിന്റെ സ്‌നേഹത്താല്‍ നിര്‍ബന്ധിതരാകുന്ന പുതിയ കൂട്ടായ്മകളുണ്ടാകട്ടെ സഭയിലും സമൂഹത്തിലും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org