കേരളസഭയ്ക്കൊരു പുതുമിഷൻ: ട്രാൻസ് ജെൻഡേഴ്സ്

കേരളസഭയ്ക്കൊരു പുതുമിഷൻ: ട്രാൻസ് ജെൻഡേഴ്സ്

അപൂര്‍വതകളുടെ ശേഖരത്തിലേക്കു കേരളത്തിന് അഭിമാനിക്കാവുന്ന ഒരാഘോഷം കൂടി. ഏപ്രില്‍ 28-ന് തിരുവനന്തപുരം പാളയത്തെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ചാണ് ട്രാന്‍സ് ജെന്‍ഡേഴ്സിനുവേണ്ടിയുള്ള ആദ്യത്തെ സംസ്ഥാനതല കായികമത്സരങ്ങള്‍ നടന്നത്. കേരള ഗവണ്‍മെന്‍റും ജെന്‍ഡര്‍ മൈനോറിറ്റി ഫെഡറേഷനും സംയുക്തമായി സംഘടിപ്പിച്ച ഈ കായികമാമാങ്കത്തില്‍ കേരളത്തിലെ 14 ജില്ലകളില്‍നിന്നായി 130-ഓളം ട്രാന്‍സ്ജെന്‍ഡര്‍ കായികതാരങ്ങളാണു പങ്കെടുത്തത്. ഒരു സംസ്ഥാനമൊന്നാകെ ട്രാന്‍സ്ജെന്‍ഡേഴ്സിനുവേണ്ടി ഇത്തരത്തിലൊരു സംസ്ഥാനതല കായിക മാമാങ്കം സംഘടിപ്പിക്കുന്നതു ലോകചരിത്രത്തില്‍ ആദ്യത്തെ സംഭവമാണെന്നായിരുന്നു കേരള ഒളിമ്പിക് അസോസിയേഷന്‍ ജോയിന്‍റ് സെക്രട്ടറി ശ്രീ പി. ശശിധരന്‍നായര്‍ അഭിപ്രയപ്പെട്ടത്. അതെ, കേരളം വീണ്ടും ലോക കായിക ഭൂപടത്തില്‍ ഒരു തനതിടം നേടിയിരിക്കുകയാണ്.

ഏതു ജീവിതതലങ്ങളിലും മത്സരം അടിമുടി നിറഞ്ഞുനില്ക്കുന്ന ഈ ആധുനിക ലോകത്തില്‍ ലിംഗവിവേചനത്തിന്‍റെ പേരില്‍ പിന്തള്ളപ്പെട്ടിരുന്ന ട്രാന്‍സ്ജെന്‍ഡര്‍ സമൂഹവും കടന്നുവരികയാണ്. ഇതൊരു തുടക്കമാണ്, മാറ്റത്തിന്‍റെ മുന്നേറ്റത്തിന്‍റെ…

2014 ഏപ്രില്‍ 15-നാണു സുപ്രീംകോടതി ട്രാന്‍സ്ജെന്‍ഡേഴ്സിനു സമൂഹത്തില്‍ ഉണ്ടായിരുന്ന സകല വിവേചനങ്ങളെയും റദ്ദാക്കി ഉത്തരവു പുറപ്പെടുവിച്ചത്. ആര്‍ട്ടിക്കിള്‍ 14, 15, 16-ല്‍ ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്കു സകലവിധ നിയമപരിരക്ഷയും ഭാരതപൗരര്‍ എന്ന രീതിയിലുള്ള സകല സ്വാതന്ത്ര്യവും അനുവദിച്ചു. ഇതിന്‍റെ ചുവടുപിടിച്ച് 2015-ല്‍ കേരളത്തില്‍ ട്രാന്‍സ് ജെന്‍ഡേഴ്സിനായി സംസ്ഥാനതല നയരേഖയും നിലവില്‍ വന്നു. ശുചിമുറി മുതല്‍ നീതിപീഠം വരെ തലമുറകളായി ഈ ഭിന്നലിംഗക്കാര്‍ അനുഭവിച്ചുകൊണ്ടിരുന്ന വിവേചനത്തിനും ആത്മസംഘര്‍ഷത്തിനും അങ്ങനെ കടലാസില്‍ അറുതിയായി.
സ്ഥിതിവിവരക്കണക്കു പ്രകാരം കേരളത്തില്‍ 25,000- ത്തിലധികം ഭിന്നലിംഗക്കാരുണ്ട്. അവരില്‍ നാലായിരം പേര്‍ക്കിടയില്‍ കേരള സാമൂഹ്യനീതി വിഭാഗം നടത്തിയ സര്‍വേഫലങ്ങള്‍ ഈ വിഭാഗത്തിലുള്ളവര്‍ കാലങ്ങളായി അനുഭവിച്ചുകൊണ്ടിരുന്ന വിവേചനങ്ങളിലേക്കു വിരല്‍ചൂണ്ടുന്നു.

കേരളത്തിലെ ഭിന്നലിംഗക്കാരില്‍ 58 ശതമാനവും പത്താംക്ലാസ്സ് പഠനം പൂര്‍ത്തിയാക്കാത്തവരാണ്. ദാരിദ്ര്യത്തേക്കാളുപരി ക്ലാസ്സിലും സ്കൂളിലും അവര്‍ക്കനുഭവിക്കേണ്ടിവന്ന ദുരനുഭവങ്ങളാണ് ഇതിനു മുഖ്യകാരണം. പഠനം കഴിഞ്ഞ ഇവരില്‍ നൂറു ശതമാനം പേര്‍ക്കും ലിംഗവിവേചനത്തിന്‍റെ പേരില്‍ ജോലി നിഷേധിക്കപ്പെട്ടു. ജോലി ലഭിക്കാന്‍വേണ്ടി ഇവരില്‍ 78 ശതമാനം പേരും തങ്ങളുടെ വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്താറില്ല. ജോലി ലഭിച്ചവരില്‍ത്തന്നെ 54 ശതമാനം പേര്‍ക്കും അയ്യായിരത്തില്‍ താഴെ ശമ്പളമേ ലഭിക്കുന്നുള്ളൂ.

2014-ലെ സുപ്രീംകോടതി വിധിയും 2015-ലെ കേരള സംസ്ഥാന ട്രാന്‍സ്ജെന്‍ഡര്‍ പൊളിസിയും ഈ വിഭാഗത്തിനു നല്കുന്ന ആത്മവിശ്വാസവും പ്രോത്സാഹനവും ചില്ലറയല്ല. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇവരുടെ സര്‍വവിധ ഉന്നമനത്തിനായും പ്രതിജ്ഞാബദ്ധമായിരിക്കുമെന്ന് ഉറപ്പുനല്കുന്നുണ്ട്. അതിനായി ഭിന്നലിംഗക്കാര്‍ക്കായുള്ള സംസ്ഥാനതല നീതിബോര്‍ഡ് സ്ഥാപനങ്ങളില്‍ പരിശോധന നടത്തുമെന്നും വിവിധ ഏജന്‍സികളില്‍ നിന്നു വാര്‍ഷിക റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും അറിയിച്ചിട്ടുണ്ട്.

ആണ്‍ശരീരത്തില്‍ പെണ്‍മനസ്സും പെണ്‍ശരീരത്തില്‍ ആണ്‍മനസ്സുമായി കഴിയുന്ന ഈ സമൂഹവും നമ്മുടെ പ്രത്യേക പരിഗണനയര്‍ഹിക്കുന്നുണ്ട്. അവരിലെ സര്‍ഗാത്മക ശേഷികളെ പരിപോഷിപ്പിക്കാന്‍ വേദികളുണ്ടാകണം. തുച്ഛ വരുമാനത്തിന്‍റെയും ലൈംഗികദുരുപയോഗങ്ങളുടെയും ചൂഷണത്തില്‍നിന്ന് അവരെ രക്ഷിക്കാന്‍ ശ്രദ്ധ വേണം. ഇക്കാര്യങ്ങളില്‍ മുന്‍കാലങ്ങളിലുണ്ടായിരുന്ന ശ്രദ്ധക്കുറവ് ഇവരുടെ സാമൂഹ്യജീവിതത്തെയും വ്യക്തിജീവിതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന്‍റെ കുറവും പലവിധ ആസക്തികള്‍ക്കടിപ്പെട്ടുള്ള ജീവിതവും അവരുടെ ജീവിതത്തിന്‍റെ താളം തെറ്റിച്ചിട്ടുണ്ട്.
കേരളത്തിലെ സാമൂഹ്യനീതി വിഭാഗത്തിലെ ജെന്‍ഡര്‍ സെല്‍ ഭിന്നലിംഗക്കാര്‍ക്കായുള്ള നീതിബോര്‍ഡിനെ ശക്തിപ്പെടുത്തണമെന്നു പറയുമ്പോഴും കേരളത്തിലെ കത്തോലിക്കാസമൂഹം ഇവരുടെ കാര്യത്തിലെടുക്കാന്‍ പോകുന്ന പ്രോത്സാഹനജനകമായ നിലപാടുകള്‍ക്കായി കേരള സാംസ്കാരിക സമൂഹം കാത്തിരിക്കുന്നു. സ്കൂളുകള്‍ക്കും ആശുപത്രികള്‍ക്കും മീതെ ഒരു മിഷനായി നമ്മുടെ ആത്മാവില്‍ ഈ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം എന്നാണു കത്തുക?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org