Latest News
|^| Home -> Editorial -> ട്രോളുകളെക്കുറിച്ച് സംസാരിക്കാം

ട്രോളുകളെക്കുറിച്ച് സംസാരിക്കാം

Sathyadeepam

നവസാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായിക്കഴിഞ്ഞ ഒന്നാണു ട്രോളുകള്‍. സംവാദങ്ങളുണ്ടാക്കാനും വ്യക്തിബന്ധങ്ങളെയും സമൂഹത്തെയും ഇളക്കിമറിക്കാനുമുള്ള ഉദ്ദേശത്തോടെ സൃഷ്ടിക്കപ്പെടുന്ന ഇന്‍റര്‍നെറ്റിലെ അപസ്വരങ്ങളാണു ട്രോളുകള്‍. 1980-കളുടെ ആരംഭം മുതല്‍ ഇന്‍റര്‍നെറ്റ് ലോകത്തു ട്രോളുകളുടെ സാന്നിദ്ധ്യമുണ്ട്.

സ്കാന്‍ഡിനേവിയന്‍ നാടോടിക്കഥകളിലെ യാത്രക്കാരുടെ വഴിമുടക്കികളായിരുന്ന കലഹപ്രിയരായ വിരൂപജീവികളുടെ പേരായിരുന്നു ട്രോള്‍. ഇന്‍റര്‍നെറ്റ് ലോകത്തും ട്രോളുകള്‍ വഴി നടക്കുന്നതും ഇതുതന്നെ. ‘ഓണ്‍ലൈന്‍ പീഡനം’ എന്നാണു മാധ്യമലോകം ട്രോളുകളെ വിശേഷിപ്പിക്കുന്നത്. ഇത്തരം ട്രോളുകള്‍ക്കു സാമൂഹ്യമാധ്യമങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന പ്രീതിയും പ്രചാരവും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.

വസ്തുതകളേക്കാള്‍ വിവരങ്ങള്‍ക്കു പ്രാധാന്യമുള്ള ലോകമാണ് ഇന്‍റര്‍നെറ്റ്. ആര്‍ക്കും എന്തും എഴുതിയിടാവുന്ന സ്ഥലം; അതിനാല്‍ത്തന്നെ എഴുതിയിട്ടിരിക്കുന്നതിലെ സത്യമേത്, അസത്യമേത് എന്നു തിരിച്ചറിയാനാവാത്ത സ്ഥിതിയുണ്ട് ഇന്‍റര്‍നെറ്റില്‍. അങ്ങനെ യാഥാര്‍ത്ഥ്യങ്ങളെ വളച്ചൊടിക്കാനും തെറ്റുകളെ ശരികളാക്കാനും സ്വന്തം അഭിപ്രായത്തെ സമൂഹത്തിന്‍റെ മൊത്തം തീരുമാനമായി അവതരിപ്പിക്കാനും ട്രോളുകളെ വ്യക്തികളും പ്രസ്ഥാനങ്ങളും രാഷ്ട്രീയകക്ഷികളും ഉപയോഗിക്കുന്നു. 2016-ല്‍ ഹാര്‍വാര്‍ഡിലെ രാഷ്ട്രീയനിരീക്ഷകന്‍ ഗ്രേ കിംഗ് അവതരിപ്പിച്ച പഠനറിപ്പോര്‍ട്ട് പ്രകാരം ചൈനീസ് ഗവണ്‍മെന്‍റിന്‍റെ ഒരു ഏജന്‍സി നാലര കോടിയോളം ഗവണ്‍മെന്‍റ് അനുകൂല പോസ്റ്റുകളാണു പ്രതിവര്‍ഷം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. സമീപകാലത്ത് ഉക്രെയ്നില്‍ റഷ്യന്‍ സൈന്യം നടത്തിയ കടന്നാക്രമണത്തെ ന്യായീകരിക്കാനും ട്രോളുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഉപയോഗിച്ചതായി നാറ്റോ (NATO) പഠനറിപ്പോര്‍ട്ടുണ്ട്. ഇത്തരത്തിലുള്ള ട്രോളുകള്‍ സമൂഹങ്ങള്‍ തമ്മില്‍ മാനസിക അകല്‍ച്ചയും വൈരാഗ്യവും ഉണ്ടാക്കുന്നു.

അമേരിക്കന്‍ ഗവേഷകനായ ബെന്‍ റാഡ്ഫോര്‍ഡ് തന്‍റെ “Bad Clowns” എന്ന പുസ്തകത്തില്‍ ട്രോള്‍ സൃഷ്ടാക്കളെ “വില്ലന്മാരായ വിദൂഷകര്‍” എന്നാണു വിശേഷിപ്പിച്ചത്. സ്വന്തം മുഖം മറച്ചു ചായങ്ങള്‍ തേച്ച്, ചമയങ്ങള്‍ ധരിച്ച് അവര്‍ മനുഷ്യന്‍റെ ചാപല്യങ്ങളെയും ഭയങ്ങളെയും സ്വന്തം സുഖത്തിനുവേണ്ടി ചൂഷണം ചെയ്യുന്നു എന്നാണു റാഡ് ഫോര്‍ഡിന്‍റെ നിരീക്ഷണം. ഇത്തരം ട്രോളുകള്‍ സൃഷ്ടിച്ച് മനുഷ്യര്‍ക്കിടയില്‍ ശത്രുതയും ആശയക്കുഴപ്പങ്ങളും സൃഷ്ടിക്കുന്നത് ഒരു തരം മാനസികരോഗത്തിന്‍റെ ലക്ഷണം തന്നെയാണ്.

ട്രോളുകള്‍ക്ക് ഇരയായിട്ടുള്ളവര്‍ ധാരാളമുണ്ട്. അതില്‍ പ്രശസ്തരും സാധാരണക്കാരുംപെടും. ഹിന്ദുസ്ഥാന്‍ ടൈംസ് “ട്രോളുകളെക്കുറിച്ചു സംസാരിക്കാം” എന്ന പേരില്‍ ഒരു മുന്നേറ്റം നടത്തുന്നുണ്ട്. എന്‍ഡി ടിവിയില്‍ 21 വര്‍ഷത്തോളം പ്രവര്‍ത്തിച്ച സുപ്രസിദ്ധ എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ ബര്‍ഖ ദത്ത് ട്രോളുകള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചു. 1999-ലെ കാര്‍ഗില്‍ യുദ്ധത്തിന്‍റെ വാര്‍ത്താവതരണത്തിനും 2004-ലെ ചെന്നൈ സുനാമി ദുരന്തത്തിന്‍റെ റിപ്പോര്‍ട്ടിംഗിനും പത്മശ്രീ പുരസ്കാരം ലഭിച്ച ബര്‍ഖ ദത്തിന്‍റെ അഭിപ്രായം ട്രോളുകള്‍ നിര്‍മിക്കുന്നവരെ നിസ്സഹകരണത്തിലൂടെ ഒറ്റപ്പെടുത്തുക എന്നാണ്. ട്രോളുകാരെ നമ്മള്‍ അവഗണിക്കുന്നു എന്നത് അവരുടെ മനോവീര്യം കെടുത്തും.

മാത്രമല്ല, ട്രോളുകള്‍ വഴി ഇത്തരത്തിലുള്ള ആക്രമണം നടത്തുന്നവരെ നിയന്ത്രിക്കാന്‍ ട്വിറ്റര്‍ ഇന്ത്യയും ശക്തമായ ചില നടപടികള്‍ എടുത്തിട്ടുണ്ടെന്നതു ശുഭോദര്‍ക്കമാണ്. ട്രോളുകള്‍ വഴി വ്യക്തിഹത്യ നടത്തുന്നതിനെയും സഭ്യമല്ലാ ത്ത പ്രയോഗങ്ങളും ചിത്രങ്ങളും ഉപയോഗിക്കുന്നതിനെയും വ്യക്തിപരമായ ഭീഷണികള്‍ നടത്തുന്നതിനെയും നിയമത്തിന്‍റെ സഹായമുപയോഗിച്ചു ശക്തമായി നേരിടുമെന്നു ട്വിറ്റര്‍ ഇന്ത്യയുടെ പബ്ലിക് പോളിസി മേധാവി മഹിമ കൗള്‍ ഉറപ്പുനല്കിയിട്ടുണ്ട്. ട്രോളുകള്‍ വഴി ഭീഷണി നടത്തുന്നവരെ നേരിടാന്‍ ട്വിറ്റര്‍ ഏഴു വഴികളും നിര്‍ദ്ദേശിക്കുന്നുണ്ട്.

ദൃശ്യമാധ്യമങ്ങളിലായാലും സാമഹ്യമാധ്യമങ്ങളിലായാലും വിദൂഷകരെ നമുക്കാവശ്യമുണ്ട്. കാരണം അവര്‍ ക്രിയാത്മക വിമര്‍ശനം നടത്തുന്നവരാണ്. പക്ഷ, ‘വില്ലന്‍ വിദൂഷക’രെ നമുക്കാവശ്യമില്ല. കാരണം അവര്‍ സ്വന്തം മുഖത്തു ചായം തേച്ചു സ്വന്തം സുഖത്തിനുവേണ്ടി അപരനെ കൊല്ലുന്നവരാണ്.

Leave a Comment

*
*