Latest News
|^| Home -> Editorial -> വൈകരുത് നീതി

വൈകരുത് നീതി

Sathyadeepam

കേരളത്തിലെ സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന നഴ്സുമാരുടെ ശമ്പളവര്‍ദ്ധനയ്ക്കായുള്ള സമരം മൂന്നാം ആഴ്ചയിലേക്ക്. വെള്ളരിപ്രാവുകളെന്നും ഭൂമിയിലെ മാലാഖമാരെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ നമ്മുടെ പ്രസ്താവനകളിലും പ്രസംഗങ്ങളിലും അവര്‍ക്കു നാം ചാര്‍ത്തികൊടുക്കുന്നുണ്ടെങ്കിലും അവരോടുള്ള പരിഗണനയുടെ, നീതിയുടെ കാര്യത്തില്‍ നാം ഇനിയും ഏറെ മുന്നോട്ടുപോകണമെന്നുതന്നെയാണ് അവരുടെ ഈ സമരം നമ്മോട് പറയുന്നത്. ദയ, ക്ഷമ, കരുതല്‍, സഹാനുഭൂതി, സൗമ്യത എന്നീ പദങ്ങളുടെ ആള്‍രൂപമാണു നഴ്സ്. പക്ഷേ, ഇതൊക്കെ അവര്‍ക്കു ലഭിക്കാന്‍ അവര്‍ തന്നെ പൊരുതേണ്ട സ്ഥിതിയിലേക്കാണു കാര്യങ്ങള്‍ നീങ്ങുന്നത്. എത്രമാത്രം അവഗണനയും നീതികേടും നമ്മുടെ ഭാഗത്തുനിന്ന് അവര്‍ അനുഭവിക്കുന്നുണ്ട് എന്നതിന്‍റെ തെളിവുകളാണു സ്വതേ ശാന്തരായ അവരിലെ സാധാരണക്കാരായ നഴ്സുമാര്‍ പോലും സാമൂഹ്യമാധ്യമങ്ങളിലൂടെ നടത്തുന്ന ഹൃദയം തുറന്നുള്ള പരസ്യക്കുമ്പസാരങ്ങള്‍!

കത്തോലിക്കാസ്ഥാപനങ്ങളിലെ നഴ്സുമാര്‍ക്കു സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന വേതനം ഉറപ്പാക്കേണ്ടതാണെന്നുള്ള സീറോ-മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന്‍റെ നിര്‍ദ്ദേശം സ്വകാര്യമേഖലയിലെ നഴ്സുമാര്‍ക്ക് ആശ്വാസത്തിന്‍റെ നാളംതന്നെയാണ്. നഴ്സുമാര്‍ക്ക് അര്‍ഹമായ വേതനം നല്കാതെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി കത്തോലിക്കാ ആശുപത്രികള്‍ പണം ചെലവഴിക്കുന്നതു പ്രോത്സാഹിപ്പിക്കുന്നില്ല എന്ന കാര്യവും പിതാവ് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഭാരതത്തിനു സുവിശേഷവെളിച്ചം നല്കിയ വി. തോമാശ്ലീഹായുടെ ‘ദുക്റാന’ തിരുനാള്‍ ദിനത്തില്‍ സീറോ-മലബാര്‍ സഭയുടെ ആസ്ഥാനകേന്ദ്രമായ കാക്കനാട് സെന്‍റ് തോമസ് മൗണ്ടില്‍വച്ചു പിതാവു നടത്തിയ ഈ പ്രസ്താവത്തിനു പ്രാധാന്യമുണ്ട്.

ഹോസ്പിറ്റല്‍ സംവിധാനവും നഴ്സിങ്ങ് ശുശ്രൂഷാരീതിയും സഭ ലോകത്തിനു നല്കിയ സംഭാവനകളാണ്. വേദനിക്കുന്നവര്‍ക്കു ക്രിസ്തുവിന്‍റെ സ്നേഹവും കരുണയും നല്കുന്ന സുവിശേഷമാണ്, സുവിശേഷമാകേണ്ടതാണു സഭയുടെ ഓരോ ആശുപത്രിയും. അതിനാല്‍ സാമാന്യ നീതിയെയും സാമൂഹ്യനീതിയെയും വെല്ലുന്ന സുവിശേഷാധിഷ്ഠിതമായ ദൈവികനീതിയെക്കുറിച്ചാണു സഭ ഈ വിഷയത്തില്‍ ചിന്തിക്കേണ്ടതും തീരുമാനമെടുക്കേണ്ടതും. നഴ്സുമാര്‍ക്കു സാമാന്യനീതിയും സാമൂഹ്യനീതിയും ഉറപ്പു നല്കുന്നവയാണു കോടതിവിധികളും സര്‍ക്കാര്‍ നിയമങ്ങളും. എന്നാല്‍ കത്തോലിക്കാസഭയുടെ ആശുപത്രികളില്‍ സേവനം ചെയ്യുന്ന നഴ്സുമാര്‍ക്കു നാം നല്കേണ്ടതു ദൈവികനീതിയാണ്. അപ്പോഴാണു നഴ്സുമാരും തങ്ങള്‍ ശുശ്രൂഷിക്കുന്ന രോഗികള്‍ക്ക് മരുന്നുകള്‍ക്കപ്പുറമുള്ള കരുതലും സൗഖ്യവും നല്കുന്നവരായി മാറുക.

നഴ്സുമാര്‍ ശുശ്രൂഷ ചെയ്യുന്ന ആശുപത്രിയുടെ വലിപ്പമോ കിടക്കകളുടെ എണ്ണമോ അല്ല അവരുടെ വേതനത്തിലെ ഏറ്റക്കുറച്ചിലുകള്‍ക്കായി പരിഗണിക്കേണ്ടത്. അതു സര്‍ക്കാരും കോടതിയുമൊക്കെ നിശ്ചയിക്കട്ടെ. ഭാരതത്തിലെ ആരോഗ്യമേഖല സംവിധാനത്തില്‍ ഒന്നാംസ്ഥാനത്തു നില്ക്കുന്ന കേരളത്തിലെ ആതുരശുശ്രൂഷാമേഖലയില്‍ ഒരു പ്രധാന ശുശ്രൂഷ ചെയ്യുന്ന നഴ്സുമാര്‍ക്കു ജീവിക്കാനാവശ്യമായ കുടുംബവേതനം നല്കണമെന്നതായിരിക്കട്ടെ നമ്മുടെ നയം. ഓരോ തൊഴിലും ചെയ്യുന്നവര്‍ക്ക് അവരുടെ കുടുംബപരിപാലനത്തിന് ആവശ്യമായ വേതനം നല്കണമെന്നു “റേരും നൊവാരും” പോലുള്ള ചാക്രികലേഖനങ്ങളിലൂടെ പഠിപ്പിച്ച മാര്‍പാപ്പമാരുടെ സഭയാണിത്. ഫരിസേയരുടെ നീതിയെ അതിലംഘിക്കുന്ന നീതി നാം സ്വന്തമാക്കുന്നതപ്പോഴാണ്. ഇതാണു സുവിശേഷാധിഷ്ഠിതമായ നീതി.

2016-ല്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ജെ.എസ്. കെഹാറിന്‍റെ ബെഞ്ച് നല്കിയ വിധിയാണു ‘തുല്യജോലിക്കു തുല്യവേതനം’ എന്നുള്ളത്. ആശുപത്രികളിലൊക്കെത്തന്നെ ഡോക്ടറോടൊപ്പം, ചിലപ്പോള്‍ ഡോക്ടറേക്കാള്‍ കൂടുതല്‍ രോഗീപരിചരണത്തില്‍ ഏര്‍പ്പെടുന്നവരാണു നഴ്സുമാര്‍. ബിഎസ്സി നഴ്സിംഗ് കഴിഞ്ഞവരാണെങ്കില്‍ ഡോക്ടര്‍ ചെയ്യേണ്ടവപോലും അവര്‍ ചെയ്യുന്നുണ്ട്. ഡോക്ടറുടെ ചിന്തകള്‍ക്കും തീരുമാനങ്ങള്‍ക്കും കയ്യും കാലും നല്കുന്ന നഴ്സുമാരുടെ ജീവിതങ്ങളില്‍ വസന്തം നിറയ്ക്കാന്‍ നമുക്കു ബാദ്ധ്യതയുണ്ട്. നാമിന്ന് ആര്‍ജ്ജിച്ചിരിക്കുന്ന ആതുരശുശ്രൂഷാമേഖലയിലെ സല്‍പ്പേരിനും വളര്‍ച്ചയ്ക്കും പിന്നില്‍ ചിറകില്ലാത്ത ഈ മാലാഖമാരുടെ ചോരയും നീരും പുഞ്ചിരിയുമുണ്ടെന്ന വസ്തുത മറക്കാതിരിക്കാം.

Comments

3 thoughts on “വൈകരുത് നീതി”

 1. jolish says:

  വർഷം 2008 കോതമംഗലം ധർമ്മഗിരി ആശുപത്രിയിൽ എന്റെ സഹോദരി ബോണ്ട് ചെയുന്ന സമയം ,അവൾക്കു യൂ കെ ക്ക് പോകുവാൻ പേപ്പർ ശര്യായപ്പോൾ (മൂന്നു മാസം കൂടി കഴിഞ്ഞാൽ 2 വർഷം ബോണ്ട് കാലാവധി തീരുമായിരുന്നു ) അവിടുത്തെ കന്യാസ്ത്രി അൻപതിനായിരം രൂപാ വാങ്ങിയിട്ടാ സർട്ടിഫിക്കറ്റ് തന്നത് . (അപ്പോൾ അവളുടെ ശമ്പളം വെറും ആയിരം രൂപാ ആയിരുന്നു എന്നും ഓർക്കണം ) ഞങ്ങളുടെ രൂപതയുടെ ആശുപത്രി ആണേ ഈ തരവാഴിത്തരം കാണിച്ചത്

 2. Kcym koratty forane samithi says:

  സത്യ സഭ വിജയിക്കട്ടെ…

 3. Thomas Johnny says:

  ഈ പറഞ്ഞതിൽ തരിമ്പെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ, ആദ്യം ബഹു. സുപ്രീം കോടതി നിശ്ചയിച്ച അടിസ്ഥാന ശമ്പളം കൊടുത്തു തുടങ്ങൂ…മറ്റെല്ലാവരെയും പോലെ ഇവരും സഭയുടെ മക്കൾ തന്നെയാണ്. ദാരിദ്ര്യവും സംന്യാസവും അവരിൽ ഭൂരിഭാഗത്തിന്റെയും ജീവിത വ്രതവുമല്ല. മാത്രമല്ല മറ്റെല്ലാവരെയും പോലെ മാന്യമായി, ജീവിക്കാനുള്ള അവകാശം നഴ്‌സ്‌മാർക്കുണ്ട്…അതിനുള്ള ഏറ്റവും കുറഞ്ഞ വേതനമാണ് അവർ ചോദിക്കുന്നത്…ഇന്നത്തെ കാലത്തു ഒന്ന് പട്ടിണി കിടക്കണമെങ്കിൽ പോലും കുറഞ്ഞത് പതിനായിരം രൂപയെങ്കിലും വേണമെന്നതു അതിശയോക്തിയൊന്നുമല്ല… അത് കൊണ്ട് ആഹ്വാനങ്ങൾക്കും, ആവശ്യമില്ലാത്ത പഠനങ്ങൾക്കും മുതിരാതെ ജീവിക്കാൻ കഷ്ടപ്പെടുന്ന അവർക്കു മതിയായ വേതനം കൊടുത്തു തുടങ്ങൂ…

  വിദ്യാഭ്യാസ-ആരോഗ്യ രംഗങ്ങൾ അടക്കം പലതിലും നമ്മൾ തുടങ്ങിവെച്ചു മാതൃകയായതു പോലെ നമ്മുടെ സഹോദരങ്ങൾക്ക് മെച്ചപ്പെട്ട മാന്യമായ ജീവിതം കൊടുക്കുന്നതിലും നമ്മൾ മാതൃകയാകട്ടെ…

  വിശക്കുന്ന വയറിനോട് ചെയ്യാവുന്ന ഏറ്റവും വലിയ സ്നേഹപ്രവർത്തി — കാരുണ്യപ്രവർത്തി — വയറു നിറയെ ആഹാരം നൽകുക എന്നതാണെന്ന് മറക്കാതിരിക്കുക…

  കൂട്ടത്തിൽ പറയട്ടെ, സഭയുടേതോ അല്ലാത്തതോ ആയ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുടെ സ്ഥിതി ഇതിനു സമാനമോ, ഇതിലപ്പുറമോ ആണെന്നാണ് ജനസംസാരം.

Leave a Comment

*
*