പ്രതികരണത്തിന് പിഴയിടുമ്പോള്‍

പ്രതികരണത്തിന് പിഴയിടുമ്പോള്‍

ഒടുവില്‍ ഉന്നത നീതിപീഠം ജനാധിപത്യത്തിന് പിഴയിട്ടു, ഒരു രൂപ! കോടതിയലക്ഷ്യകേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്, ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ചാണ് വിധി പറഞ്ഞത്. സെപ്തംബര്‍ 15 നകം പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസം തടവ് അനുഭവിക്കേണ്ടി വരുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
മനുഷ്യാവകാശ പ്രവര്‍ത്തകനും സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകനുമായ പ്രശാന്ത് ഭൂഷന്റെ ജൂണ്‍ 27-ലെയും 29-ലെയും രണ്ട് വിമര്‍ശന ട്വീറ്റുകള്‍ പരമോന്നത നീതിപീഠത്തിന്റെ അന്തസ്സു കെടുത്തിയെന്ന ന്യായത്തിലൂന്നിയാണ് അത് 'അലക്ഷ്യ'മായി കോടതിയിലെത്തിയത്. ഭൂഷന്റെ ജനാധിപത്യ രാഷ്ട്രീയ പ്രസ്താവനയില്‍ അപ്രഖ്യാപിതാടിയന്തിരാവസ്ഥയെക്കുറിച്ചുള്ള നാടിന്റെ ആകുലതയുണ്ടായിരുന്നു. അതിന് കോടതി കൂട്ടുനിന്നുകൂടാ എന്ന നിലപാടുമുണ്ടായിരുന്നു. ജഡ്ജിമാരുടെ നിയമനത്തില്‍ പോലുമിടപെട്ടുകൊണ്ട് കോടതിയെ വരുതിയിലാക്കാനുള്ള മോദി സര്‍ക്കാരിന്റെ നിരന്തര പരിശ്രമപരിസരങ്ങളില്‍ ഈ ആകുലതയ്ക്ക് അടിസ്ഥാനമുണ്ടായിരിക്കെ, ഒരു ജനാധിപത്യ വിശ്വാസിയുടെ രാഷ്ട്രീയവിമര്‍ശനം കോടതി കയറിയത് സകലരെയും അമ്പരപ്പിച്ചു.
വിയോജിപ്പിന്റെ വ്യത്യസ്തതയിലൂടെ വ്യതിരിക്തമാകുന്ന സ്വാതന്ത്ര്യം ആത്മമന്ത്രമാകുന്നയിടമായിട്ടാണ്, ആധുനിക മനുഷ്യന്റെ ആവാസപരിസരമായി ജനാധിപത്യ വ്യവസ്ഥയെ വിവക്ഷിച്ചുപോരുന്നത്. വിമര്‍ശിക്കുന്നതിലൂടെ മാത്രം വിരചിതമാകേണ്ടതാണ് ഇന്ത്യയുടെ ആധുനിക ചരിത്രവും.
എന്നാല്‍ വിമര്‍ശിക്കപ്പെടേണ്ടതെന്തോ അത് വിഗ്രഹമായി മാറുമ്പോള്‍ ജനാധിപത്യം 'മതാത്മക'മായി മരവിക്കുകയും കൈചൂണ്ടേണ്ടിടത്ത്, കൈകൂപ്പി നിന്ന് കണ്ണടയ്ക്കുന്ന അപചയത്തിലേയ്ക്ക് അത് അധഃപതിക്കുമെന്ന മുന്നറിയിപ്പ് ഭണഘടനാ ശില്പി ഡോ. ബി.ആര്‍. അംബേദ്ക്കറുടേതാണ്. "ആത്മാക്കളെ മോക്ഷത്തിലേയ്ക്ക് നയിക്കുന്ന പാതയായിരിക്കാം മതങ്ങളിലെ ഭക്തി. എന്നാല്‍ രാഷ്ട്രീയത്തിലെ ഭക്തി അഥവാ വീരാരാധന അധഃപതനത്തിലേയ്ക്കും ആത്യന്തികമായി സേഛ്വാധിപത്യത്തിലേക്കുമുള്ള പാതയാണ് തുറക്കുക." വിയോജിപ്പിന്റെ ഇടങ്ങള്‍ ചുരുങ്ങി വരുന്നതിനെ സേഛ്വാധിപത്യത്തിന്റെ മടങ്ങിവരവായിത്തന്നെ വേണം വിവക്ഷിക്കാനെന്ന് രാഷ്ട്രീയ നിരീക്ഷകനായ രാമചന്ദ്രഗുഹയുമാവര്‍ത്തിക്കുമ്പോള്‍, രാഷ്ട്രീയ വിമര്‍ശനം പോലും കോടതിയലക്ഷ്യമാകുന്നതിനെ അത്ര യാദൃശ്ചികമായി കാണേണ്ടതില്ല.
ജനാധിപത്യത്തിന്റെ കാവല്‍പ്പുരകളെന്ന നിലയില്‍ കോടതികള്‍ക്ക് ഇന്ത്യയുടെ ജനാധിപത്യ മനസ്സില്‍ ദൈവതുല്യമായ സ്ഥാനമാണെ ന്നും. സാധാരണക്കാരന്റെ അവസാനത്തെ ആശ്രയവും അഭയസ്ഥാനവുമെന്ന നിലയില്‍ കൂടിയാണതിന്റെയൗന്നത്യം. അതിനര്‍ത്ഥം അത് വിമര്‍ശനാതീതമെന്നല്ല. മറിച്ച് വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ സമീപിക്കുമ്പോഴാണ് നിയമവ്യഖ്യാനത്തിന്റെ നിര്‍വ്വാഹക ഭാഷ നീതിഭാഷയായി നിര്‍ണ്ണയിക്കപ്പെടുന്നത്. "മറ്റുള്ളവര്‍ക്കു വേണ്ടി നിലകൊള്ളുന്നിടത്തോളം എനിക്കുവേണ്ടിയും നിലകൊള്ളുന്നതാണ് ഭാഷയെ ന്ന്" കാറല്‍മാക്‌സ് പറയുന്നതിന്റെ കാരണവുമിതാണ്. ഭാഷയില്‍ ഞാനല്ലാത്തവര്‍ എത്രത്തോളം വലുതാകുന്നുവോ അത്രത്തോളം എന്റെ ഭാഷയും വലുതാകും.
പിഴയൊടുക്കാന്‍ ഭൂഷന്‍ തീരുമാനിച്ചതോടെ വിവാദത്തിന് താല് ക്കാലിക വിരാമമാകുമെങ്കിലും ഭരണഘടനാ തത്ത്വങ്ങളുടെ പുനരുജ്ജീവനത്തിന്റെ പുതിയ പോരാട്ടമുഖം തുറക്കാനിതിടയാക്കുമെന്ന പ്രതീക്ഷയിലാണ് ജനാധിപത്യലോകം.
കേരളത്തില്‍ അപ്രഖ്യാപിത നിയമന നിരോധനത്തെപ്പറ്റി റാങ്ക് ലിസ്റ്റിലുള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വേദനയോടെ വെളിപ്പെടുത്തിയത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയപ്പോള്‍, ഉദ്യോഗവിലക്കിന്റെ ഭീഷണിയുയര്‍ത്തി പിഎസ്‌സി നടത്തിയ പ്രതികരണവും അസഹിഷ്ണുതയുടെ അങ്ങേയറ്റത്തെ അശ്‌ളീലാവതരണമായി. വ്യാപകപ്രതിഷേധത്തെത്തുടര്‍ന്ന് പിന്നീടത് തിരുത്തിയെങ്കിലും, ഫാസിസ്റ്റ് വിരുദ്ധതയെ മുദ്രാവാക്യമാക്കിയവര്‍ പോലും കൈചൂണ്ടുന്നവരെ കൈകാര്യം ചെയ്യുന്ന പ്രവണത, കാര്യങ്ങളുടെ യഥാര്‍ത്ഥ ദിശയെ തീരുമാനിക്കുന്നുണ്ട്.
ആധുനിക കാലത്ത് ഫാസിസം പ്രത്യക്ഷ അടയാളങ്ങളോടെയല്ല വെളിച്ചപ്പെടുന്നത്. ചോദ്യങ്ങളെ അവഗണിക്കുകയാണ് ആദ്യഘട്ടം. പിന്നെ അതിനെ മെരുക്കുവാനാകുമോ എന്ന അന്വേഷണമുണ്ടാകും. ശേഷം ആക്രോശത്തോടെ അതിനെ ആക്രമിക്കുകയാണ് പതിവ്. ചിലപ്പോഴെങ്കിലും ചിലര്‍ ചാനല്‍ ചര്‍ച്ചകള്‍ ബഹിഷ്‌ക്കരിക്കുന്നതിലൂടെ അസുഖകരമായ ചോദ്യങ്ങളെയാണ് ഒഴിവാക്കുന്നത്. എന്നാല്‍ മുന്‍പേ പിറക്കുന്ന ഉത്തരങ്ങള്‍ കൊണ്ട് ചോദ്യങ്ങളെപ്പോലും മറച്ചുകൊണ്ടാണ് സഭയുടെ ഔപചാരിക സൈബര്‍ച്ചുമരുകളിലെ ഫാസിസാവിഷ്‌ക്കാരങ്ങള്‍.
ചോദ്യങ്ങള്‍ക്കുള്ള ഇടം തന്നെയാണ് ജനാധിപത്യത്തിന്റെ വികസനയിടവും. പൊയ്മുഖ നിര്‍മ്മിതി രാഷ്ട്ര നിര്‍മ്മാണമായി തെറ്റിദ്ധരിപ്പിക്കുന്നൊരുകാലത്ത്, രാഷ്ട്രീയപ്രവര്‍ത്തനം ന്യായീകരണത്തൊഴിലായി മാത്രം അധഃപതിച്ചൊതുങ്ങുമ്പോള്‍, നാം ചോദിച്ചു കൊണ്ടേയിരിക്കണം… ഉത്തരത്തിനു വേണ്ടി മാത്രമല്ല, അതൊരു ഉത്തരവാദിത്വമാണെന്നറിയുകയാലും; സമൂഹത്തിലും സഭയിലും, അല്ലെങ്കില്‍ അതൊരു ഉത്തരിപ്പുകടമായി അവശേഷിക്കുമെന്നതിനാലും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org