സംവരണം ‘സംവരണം’ ചെയ്യപ്പെടുമ്പോള്‍

സംവരണം ‘സംവരണം’ ചെയ്യപ്പെടുമ്പോള്‍

മുന്നോക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് 10% സാമ്പത്തികസംവരണം ഉറപ്പാക്കാനുദ്ദേശിച്ച് കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍ ഒക്‌ടോബര്‍ 23-ന് പുറപ്പെടുവിച്ച വിജ്ഞാപനം സംവരണ രാഷ്ട്രീയ ചര്‍ച്ചകളെ വീണ്ടും സജീവമാക്കിയിരിക്കുകയാണ്. സംവരണവിഷയം എക്കാലത്തും അവസര തുല്യതയെന്ന ഭരണഘടനാ തത്വത്തിനപ്പുറം രാഷ്ട്രീയായുധമായി ഉപയോഗിക്കപ്പെടുന്ന പശ്ചാത്തലത്തില്‍, നിലവിലെ സംവരണ സംതുലിതയെ ഇത് അട്ടിമറിക്കുമെന്ന ആക്ഷേപമുയര്‍ത്തി സംവരണ ഉപഭോക്താക്കള്‍ രംഗത്തു വന്നു കഴിഞ്ഞു.
2019 ജനുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക സംവരണ വിജ്ഞാപനത്തിനെതിരെ സുപ്രീംകോടതിയില്‍ നല്കിയ കേസില്‍ അന്തിമ വിധി വരുന്നതിനു മുമ്പ് ഇവിടെ സാമ്പത്തിക സംവരണത്തിനുദ്ദ്യമിച്ചത് തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിനെ മുന്‍നിറുത്തി രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് എന്നതാണ് പ്രധാന വിമര്‍ശനം. കൂടാതെ പൊതുമെറിറ്റില്‍ നിന്ന് 10% സീറ്റ് മാറുമ്പോള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പിന്നാക്കക്കാരുടെ അവസരത്തെ ബാധിക്കുമെന്ന ആശങ്കയുണ്ട്. പൊതുവിഭാഗത്തിനുളള്ള 50% ഒഴിവിന്റെ 10% എന്ന നിലയിലാകും സാമ്പത്തിക സംവരണം നടക്കാന്‍ പോകുന്നതെന്ന മട്ടിലാണ് എതിര്‍പ്പുകള്‍ പ്രചരിക്കുന്നത്. ആകെ ഒഴിവിന്റെ 10% സാമ്പത്തിക സംവരണമാക്കരുത് എന്നതാണവരുടെ പ്രധാന ആവശ്യവും.
സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി താഴേക്കിടയിലുള്ള ദരിദ്ര വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളാണ്, ഭരണഘടനയുടെ 103-ാം ഭേദഗതിയിലൂടെ സാമ്പത്തിക സംവരണ വിജ്ഞാപനമായി പുറത്തുവന്നിരിക്കുന്നത്. നിലവിലെ സംവരണ വിഭാഗങ്ങളെ ഇത് ബാധിക്കുന്നില്ല. ഓപ്പണ്‍ മെറിറ്റില്‍ നിന്നാണ് സാമ്പത്തിക സംവരണത്തിനുള്ള സീറ്റു കള്‍ നല്കുന്നത്. ഇതാണ് സാമ്പത്തിക സംവരണത്തെ എതിര്‍ക്കുന്നവര്‍ക്കുള്ള മറുപടി.
മുന്നോക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്കായി ഏര്‍പ്പെടുത്തിയ സാമ്പത്തിക സംവരണം യാഥാര്‍ത്ഥ്യമാക്കാന്‍ ഭരണഘടനയുടെ 15 ഉം 16 ഉം വകുപ്പുകളിലാണ് മാറ്റം വരുത്തിയത്. 2019 ജനുവരി 12 ന് രാഷ്ട്രപതി കയ്യൊപ്പു ചാര്‍ത്തി നിയമമായിത്തീര്‍ന്ന സാമ്പ ത്തിക സംവരണ പുനര്‍നിര്‍ണ്ണയത്തില്‍ 15 (6), 16 (6) എന്നീ ഉപവകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തു കൊണ്ട്, സര്‍ക്കാര്‍ നിയമനങ്ങളിലും, സര്‍ക്കാര്‍ നിയന്ത്രിത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശനമുള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് തീരുമാനിക്കപ്പെട്ടു. ഇപ്പോള്‍ എതിര്‍പ്പുയര്‍ത്തുന്ന പല സമുദായ സംഘടനകളും നേരത്തെ ഈ നീക്ക ത്തെ അനുകൂലിച്ചിരുന്നുവെന്നതാണ് മറ്റൊരു വൈചിത്ര്യം.
ഏകദേശം 20-ഓളം പെറ്റീഷന്‍സ് ആണ് ഈ ഭരണഘടനാ ഭേദഗതിക്കെതിരെ സുപ്രീംകോടതിയിലെത്തിയത്. ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളെ നിരാകരിക്കുന്ന ഭേദഗതി ആര്‍ട്ടിക്കിള്‍ 14 നെ അസ്ഥിരപ്പെടുത്തുന്നുവെന്നതാണ് പ്രധാന വിമര്‍ശനം. 1992-ലെ ഇന്ദ്രാസാഹ്നി ഢ െഭാരത സര്‍ക്കാര്‍ കേസിലെ വിധിയെ ഓര്‍മ്മിപ്പിച്ച് സാമ്പത്തിക മാനദണ്ഡം സംവരണ തത്ത്വമാകുന്നതിലെ അധാര്‍മ്മികതയെക്കുറിച്ചാണ് മറ്റൊരു പരാതി. സംവരണ പരിധി 50%ത്തിലധികമാകാന്‍ പുതിയ ഭേദഗതി കാരണമാകുന്നുവെന്നതാണ് വേറൊരാക്ഷേപം. 5 ദിവസത്തെ തുടര്‍ച്ചയായ വാദം കേള്‍ക്കലിനൊടുവില്‍ 2020 ആഗസ്റ്റ് 5-ന് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് കേസ് കൈമാറി.
അവശവിഭാഗത്തിന്റെ സാമ്പത്തിക ഉന്നമനം, സംവരണ സംവിധാനത്തിന്റെ പ്രധാന മാനദണ്ഡവും ലക്ഷ്യവുമാകുന്നത് ഭരണഘടനാ തത്ത്വങ്ങള്‍ക്ക് വിരുദ്ധമാകുന്നതെങ്ങനെയെന്നതാണ് പ്രധാന ചോദ്യം. സാമ്പത്തികമായി മെച്ചപ്പെട്ടാലും ജാതീയമായ വിവേചനം അസ്പര്‍ശ്യതയുടെ പുതിയ അടയാളങ്ങളെ അവശേഷിപ്പിക്കുമെന്ന വസ്തുതയ്ക്കാധാരമായി ധാരാളം ഉത്തരേന്ത്യന്‍ ഉദാഹരണങ്ങളുയര്‍ത്തിയാണ് സാമ്പത്തിക കാരണങ്ങള്‍ സംവരണ മാനദണ്ഡമാക്കുന്നതിനെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്. സ്വാതന്ത്ര്യം കിട്ടി 70 ആണ്ടുകള്‍ക്കിപ്പുറവും ജാതിബോധമുയര്‍ത്തുന്ന സാമൂഹികാസമത്വാഘാത പ്രശ്‌നങ്ങള്‍ക്കുള്ള മറുപടിയായി സംവരണം മാത്രം എപ്പോഴും മുന്നോട്ട് വയ്ക്കുന്നതിന്റെ വൈരുദ്ധ്യം ബന്ധപ്പെട്ടവര്‍ വിശദീകരിക്കേണ്ടി വരും.
ഭരണഘടനയ്ക്ക് അന്തിമരൂപം നല്കിയ 1949 നവംബര്‍ 25-ന് ഭരണഘടനാ നിര്‍മ്മാണ സമിതിയില്‍ ഡോ. അംബേദ്ക്കര്‍ വിശദീകരിച്ചു. "എന്താണ് സാഹോദര്യം? എല്ലാ ഇന്ത്യാക്കാരും സഹോദരന്മാരാണെന്ന വിശ്വാസം. സാമൂഹ്യജീവിതത്തിന് ഐക്യവും സഹാനുഭൂതിയും ഉണ്ടാകാന്‍ സഹായിക്കുന്ന തത്ത്വമാണിത്. സാഹോദര്യം ഇല്ലെങ്കില്‍ സ്വാത ന്ത്ര്യവും സമത്വവും വെറും വെള്ളപൂശല്‍ മാത്രമാണ്. അതിനാല്‍ സാഹോദര്യം നടപ്പിലാക്കാന്‍ ജാതിവ്യത്യാസം വിസ്മരിക്കപ്പെടേണ്ടത് അത്യാവശ്യമാണ്." നൂറ്റാണ്ടുകളോളം ജാതിവിവേചനത്തിന്റെ പരിക്കുകളേറ്റ അവശ ഭൂരിപക്ഷത്തെ മുഖ്യധാരയിലേയ്ക്കുയര്‍ ത്താന്‍ സംവരണതത്ത്വങ്ങള്‍ ജനാധിപത്യ സമൂഹത്തിലനിവാര്യമാണെന്ന് ആദ്യന്തം വാദിച്ച അംബേദ്ക്കര്‍ തന്നെയാണ്, ജാതി-ഉന്മൂലനം മാത്രമാണ് സാഹോദര്യത്തിലധിഷ്ഠിതമായ സാമൂഹ്യക്ഷേമത്തെ സന്നിഹിതമാക്കുന്നത് എന്ന് തിരിച്ചറിഞ്ഞതും!
പതിറ്റാണ്ടുകളായി സംവരണാനുകൂല്യം സ്വീകരിച്ച ദളിത്-ന്യൂനപക്ഷ വിഭാഗത്തില്‍ അത് ഇതുവരെയുണ്ടാക്കിയ മാറ്റങ്ങളും വിലയിരുത്തപ്പെടേണ്ടതുണ്ട്. 2020 ഏപ്രില്‍ 22-ന് സുപ്രീംകോടതി നടത്തിയ നിരീക്ഷണത്തില്‍ സംവരണത്തിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കളെ കണ്ടെത്താനുള്ള ശ്രദ്ധേയമായ നിര്‍ദ്ദേശമുണ്ട്. "സംവരണവിഭാഗത്തിലെ നിശബ്ദ നിലവിളികളെ നാം കാണാതെ പോകരുത്. അവരില്‍ സാമ്പത്തികമായും, സാമൂഹ്യമായും ഉയര്‍ന്ന നിലവാരത്തിലെത്തിയവരുണ്ട്. സംവരണാനുകൂല്യം സ്വീകരിച്ചു കൊണ്ടിരിക്കുന്ന വിഭാഗങ്ങളിലെ കൂടുതല്‍ അവശരെയും, ആവശ്യക്കാരെയും കണ്ടെത്താനും, സഹായിക്കാനും ഉയര്‍ത്തിക്കൊണ്ടു വരാനുമുള്ള സംവിധാനമുണ്ടാകണം."
സംവരണ നിര്‍ദ്ദേശങ്ങള്‍ അവസരസമത്വമെന്ന ഭരണഘടനാ ബാധ്യതയെ ലക്ഷീകരിക്കണമെങ്കില്‍ അവ നടപ്പാക്കുന്നതിലെ ജനാധിപത്യ സ്വഭാവം കൂടെക്കൂടെ വിമര്‍ശിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും വേണം. 70 വര്‍ഷങ്ങള്‍ക്കു മുമ്പ് തയ്പിച്ച സംവരണക്കുപ്പായം എല്ലാക്കാലത്തും, എല്ലാവര്‍ക്കും ഒരുപോലെ പാകമാകുമെന്ന് കരുതരുത്. ന്യൂനപക്ഷം എല്ലായിടത്തും അങ്ങനെയല്ല. എല്ലാ അവശരും എല്ലായിടത്തും ഒരുപോലെ അവഗണിക്കപ്പെടുന്നുമില്ല. എല്ലാവര്‍ക്കും ഒരുപോലെ ബാധകമായ സംവരണാതത്ത്വവുമില്ല. സംവരണാനുകൂല്യങ്ങളിലൂടെ സാമൂഹികോന്നതി സാധിച്ചവര്‍ തങ്ങളുടെ തന്നെ സമുദായത്തിലെ കൂടുതല്‍ പാവപ്പെട്ടവര്‍ക്കായി അതൊക്കെയും ഒഴിഞ്ഞ് ഉപേക്ഷിച്ച് നല്കുമോ എന്ന ചോദ്യം പ്രധാനപ്പെട്ടതാണ്.
വിലകുറഞ്ഞ രാഷ്ട്രീയ നേട്ടത്തിനപ്പുറം സാമ്പത്തിക സംവരണം ലക്ഷ്യമിടുന്ന മുന്നോക്കക്കാരിലെ അവശരുടെ ഉദ്ധാരണം തങ്ങളുടെ പ്രധാന പരിപാടിയാണെന്ന് തെളിയിക്കാനുള്ള ബാധ്യത സര്‍ക്കാരിന്റേതാണ്. പുതിയ സംവരണ നീക്കം തങ്ങളുടെ അവസരാനുകൂല്യങ്ങളെ അനിശ്ചിതത്വത്തിലാക്കുമോ എന്ന സംവരണ സമൂഹങ്ങളുടെ ആശങ്കകള്‍ ദുരീകരിക്കേണ്ടത് ബഹുസ്വരതയുടെ സാമൂഹികാരോഗ്യത്തിന് അനിവാര്യമാണ്. അവശതയനുഭവിക്കുന്നവര്‍ ഏതു സമൂഹത്തിലാണെങ്കിലും സഹോദരരായി തിരിച്ചറിഞ്ഞ് സ്വന്തമാക്കുമ്പോഴാണ് സാഹോദര്യത്തിന്റെ സദ്ഭാവനയിലേയ്ക്ക് ഐക്യപ്പെട്ട് സംരക്ഷിതരാകുക. സംവരണം ഒരിക്കലും വിഭജനതത്വമാകരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org