സംഭാഷണങ്ങളെ ആര്‍ക്കാണ് ഭയം?

സംഭാഷണങ്ങളെ ആര്‍ക്കാണ് ഭയം?

2023 ഒക്‌ടോബറില്‍ വത്തിക്കാനില്‍ നടക്കുന്ന മെത്രാന്മാരുടെ സാധാരണ സിനഡിന് ഒരുക്കമായുള്ള പ്രാരംഭ രേഖ (preparatory document) പ്രസിദ്ധീകരിച്ചുകൊണ്ട് സിനഡല്‍ സഭയ്ക്കായുള്ള സാര്‍വ്വത്രികാഹ്വാനത്തെ പരി. പിതാവ് ഫ്രാന്‍സിസ് പാപ്പ ഒന്നു കൂടി ഉയര്‍ത്തി ഉറപ്പിച്ചു. കഴിഞ്ഞ സെപ്തംബര്‍ 7-ന് പുറത്തിറക്കിയ ഈ നയരേഖയില്‍ 'സിനഡല്‍ സഭയ്ക്കായി: കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം' എന്ന സന്ദേശത്തെ ആഗോള സിനഡിന്റെ മുഖ്യസാക്ഷ്യമായി അവതരിപ്പിക്കുക വഴി സംഭാഷണത്തിലൂടെ സഭയുടെ സൂനഹദോസ് സ്വഭാവത്തെ (synodal nature) തിരിച്ചറിയാനും തിരികെയെത്തിക്കാനുമാണ് ശ്രമിക്കുന്നത് എന്ന് വ്യക്തം. ഈ പ്രാരംഭനയരേഖയ്‌ക്കൊപ്പം സിനഡിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഒരു കൈപ്പുസ്തകവും (vademecum) പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാര്‍വ്വത്രിക സിനഡിന്റെ സ്വഭാവവും ലക്ഷ്യവും വിശദീകരിക്കുകയും അതിലേക്കുള്ള സൗഹാര്‍ദ്ദപാതയെ വ്യക്തമായി വെളിപ്പെടുത്തുകയും ചെയ്യുന്ന ഇരു രേഖകളും അതിന്റെ ദര്‍ശന സൗഭഗത്താലും പ്രായോഗിക ക്രമത്താലും സമ്പുഷ്ടമാണ്.
ഈ കൈപ്പുസ്തകം ഒരു നിയമപ്പുസ്തകം (rulebook) എന്നതിനേക്കാള്‍ സഭയുടെ പ്രാദേശിക സ്വഭാവത്തെ പുതുതായി സന്ദര്‍ശിക്കാനും ക്രിയാത്മകമായി പിന്തുണയ്ക്കാനുമുള്ള സഹായിഗ്രന്ഥമായി സമര്‍പ്പിച്ചുകൊണ്ടാണ് നല്കപ്പെട്ടിരിക്കുന്നത്. അജപാലക മാനസാന്തരത്തിലൂടെയാകണം ഇത് ഫലപ്രാപ്തിയിലെത്തേണ്ടത്. പ്രാദേശികതലത്തില്‍ ആശയരൂപീകരണത്തിന് നേതൃത്വം നല്കുന്ന മെത്രാന്മാര്‍ അതതു സംസ്‌ക്കാരത്തിനും, സന്ദര്‍ഭത്തിനും ഇണങ്ങിയ മട്ടിലും ഓരോ രൂപതയുടെയും പരിമിതികളും സാധ്യതകളും വിശദമായി പരിശോധിച്ചും, വ്യക്തമായി പഠിച്ചും ത്യാജഗ്രാഹ്യ ബുദ്ധിയോടെ നിര്‍വഹിക്കണമെ ന്ന നിര്‍ദ്ദേശം സഭയെ കുറെക്കൂടി തുറവിയുള്ള സുവിശേഷ സംസ്‌ക്കാരമാക്കി മാറ്റിത്തീര്‍ക്കാനാണെന്നും ഉറപ്പാണ്. ഈ വിവേചനം വിവേകപൂര്‍ണ്ണമായി ആധികാരികമാകുന്നത് ആഴമായ ധ്യാനത്തിലും (reflection) പരസ്പര ധാരണയിലും, വിശ്വാസലക്ഷ്യങ്ങളുടെ പൊതു പങ്കാളിത്തത്തിലുമാണെന്ന് രേഖ വിശദീകരിക്കുന്നു.
മൂന്നാം സഹസ്രാബ്ദത്തിലെ സഭയുടെ അടിസ്ഥാന സ്വഭാവമായി ദൈവം പ്രതീക്ഷിക്കുന്ന സിനഡാലിറ്റി, യാഥാര്‍ത്ഥ്യമാകാന്‍ 'ശ്രവണവും, സ്വീകരണവും' (hearing and sharing) സഭയുടെ സ്വാഭാവിക സമീപന രീതിയാകണമെന്ന പ്രാരംഭ നയരേഖയിലെ ആമുഖ സൂചന സഭാംഗങ്ങള്‍ക്കുള്ള നവദൗത്യാഹ്വാനം തന്നെയാണ്. സമ്പൂര്‍ണ്ണമായ സഭാത്മക ജീവിതത്തിനും ഫലപ്രദമായ അതിന്റെ ദൗത്യനിര്‍വ്വഹണത്തിനും ഇത് നിര്‍ണ്ണായക ഘടകമാണെന്നാണ് പാപ്പയുടെ മതം.
ഇന്റര്‍നാഷണല്‍ തെയോളജിക്കല്‍ കമ്മീഷന്‍ (ITC) സിനഡാലിറ്റിയെ നിര്‍വ്വചിക്കുന്നത് ശ്രദ്ധേയമാണ്. "പ്രഥമമായും പ്രധാനമായും സിനഡാലിറ്റി സഭയുടെ ജീവിതത്തെയും ദൗത്യത്തെയും ഭാവാത്മകമാക്കുന്ന പ്രത്യേക ശൈലിയാണ്. അത് സുവിശേഷ പ്രഘോഷണത്തിനായി പരിശുദ്ധാത്മാവില്‍ യേശുക്രിസ്തു തന്നെ വിളിച്ചു ചേര്‍ക്കുന്ന ഒരുമിച്ച് യാത്ര ചെയ്യുന്ന ദൈവജനത്തിന്റെ കൂട്ടായ്മയാണ്. സിനഡാലിറ്റി സഭയുടെ സാധാരണ ജീവിതരീതിയും പ്രവര്‍ത്തന ശൈലിയുമാണ്." ഇത് ദൈവജനത്തിന്റെ അരൂപിയിലുള്ള ഒരുമിച്ചുള്ള മുമ്പോട്ടുള്ള യാത്രയാണ്. സഭ ഒരു പ്രേഷിത തീര്‍ത്ഥാടക സമൂഹമായി രൂപപ്പെടുന്നതും രൂപാന്തരപ്പെടുന്നതും സിനഡാലിറ്റിയില്‍ മാത്രമാണ് (PD.I.).
ഈ സിനഡല്‍ പ്രക്രിയയുടെ അത്യന്തികലക്ഷ്യം സിനഡാലിറ്റിയുടെ താത് ക്കാലികാനുഭവമല്ലെന്നും സഭാ ജീവിതത്തില്‍ മുഴുവന്‍ ദൈവജനത്തിനും ക്രിയാത്മക പങ്കാളിത്തമുറപ്പാക്കുന്ന ഒരു സിനഡല്‍ സഭാ സമൂഹത്തിന്റെ ദീര്‍ഘകാല സമ്പൂര്‍ണ്ണ സാക്ഷാത്ക്കാരമാണെന്നും കൈപ്പുസത്കം വ്യക്തമാക്കുന്നുണ്ട്. സിനഡല്‍ യാത്രയെന്നാല്‍ മെത്രാന്മാരുടെ മാത്രം ഒരുമിച്ചുള്ള യാത്രയല്ല, സകല വിശ്വാസികളോടുമൊപ്പം, പ്രാദേശിക സഭകളുടെ പങ്കാളിത്തമുറപ്പാക്കുന്ന സുവിശേഷ തീര്‍ത്ഥയാത്രയാണെന്നാണ് നയരേഖ സൂചന (LG 32.33). ദൈവജനത്തിന്റെ താല്പര്യങ്ങള്‍, പ്രതിഫലിക്കുന്ന അജപാലന തീരുമാനങ്ങള്‍ സിനഡാലിറ്റിയുടെ അത്യന്തികലക്ഷ്യമാകണമെന്ന് രേഖ വ്യക്തമായി പറയുന്നുമുണ്ട്. (ITC Syn 68).
എന്നാല്‍ ആഗോള മെത്രാന്‍സിനഡിനോടുള്ള കേരള കത്തോലിക്കാ സഭയുടെ പ്രതികരണം വേണ്ടത്ര ഫലപ്രദമാണോ എന്ന് സംശയിക്കുന്നവരുണ്ട്. ആഗോള സിനഡിന്റെ പശ്ചാത്തലത്തില്‍ കേരള സഭയുടെ സാക്ഷ്യജീവിതം കുറച്ചുകൂടി കാര്യക്ഷമമാക്കാനുള്ള ആശയരൂപീകരണ ശ്രമങ്ങള്‍ക്ക് കെ.സി.ബി.സി. തലത്തില്‍ പ്രത്യേക നേതൃത്വം നല്‌കേണ്ടതല്ലേ? പ്രശ്‌നങ്ങളില്‍ പ്രതിരോധം തീര്‍ക്കുന്ന പ്രതികരണവേദിയായി മാത്രം ചെറുതാകാതെ, കേരളത്തിന്റെ സാമൂ ഹ്യ സാംസ്‌ക്കാരിക വേദിയെ സമ്പന്നമാക്കുന്ന ആധികാരിക ഇടപെടലുകള്‍ ഉണ്ടാകത്തക്കവിധം അത് സൗഹാര്‍ദ്ദപരമായും പുരോഗമനാത്മകമായും വികസിക്കേണ്ടതുണ്ട്.
ഇതിനിടയില്‍ സീറോ മലബാര്‍ സഭയുടെ കേന്ദ്ര കാര്യാലയം രൂപതാതല ചര്‍ച്ചകള്‍ക്ക് വേണ്ടത്ര സമയമനുവദിക്കാതിരിക്കുന്നത് ആഗോള സിനഡിന്റെ ചൈതന്യത്തിനെതിരാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഒക്‌ടോബര്‍ 17-ന് മാത്രമാരംഭിച്ച രൂപത/അതിരൂപതാതല നയരൂപീകരണ പരിപാടികള്‍ നവം. 30-ന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന് നിര്‍ദ്ദേശിക്കുമ്പോള്‍, സംഭാഷണത്തിലൂന്നിയുള്ള കൂട്ടായ്മ ദര്‍ശനമെന്ന സിനഡല്‍ സഭയുടെ അടിസ്ഥാന സ്വഭാവം തന്നെ റദ്ദാക്കപ്പെടുകയാണ്. 2022 ഏപ്രില്‍ 22 വരെ സമയമുള്ളപ്പോഴാണ് ചര്‍ച്ചാ സമയത്തിന്റെ ഈ വെട്ടിച്ചുരുക്കല്‍. ജനുവരിയിലെ സീറോ മലബാര്‍ സിനഡിനു മുമ്പ് ചര്‍ച്ചകള്‍ പൂര്‍ത്തീകരിച്ച് ക്രോഡീകരിക്കാനാണെന്നാണ് വാദം. ജനുവരിയിലെ സിനഡ് മാര്‍ച്ചിലേക്ക് മാറ്റുകയോ, ഇതിനായി മാത്രം മറ്റൊരു സിനഡ് വിളിച്ചു ചേര്‍ക്കുക യോ ചെയ്തുകൊണ്ട് താഴെത്തട്ടു മുതലുള്ള ചര്‍ച്ചകള്‍ക്ക് ആവശ്യമായ സമയവും സ്ഥലവും അനുവദിക്കണം.
വ്യത്യസ്തമായതിനെ സ്വീകരിച്ചും വിയോജിപ്പുകളെ ശ്രവിച്ചും സിനഡല്‍ സഭയായി സീറോ മലബാര്‍ സഭയും മാറിത്തീരേണ്ടതിന് ആഗോള സിനഡൊരുക്ക മാതൃകയില്‍ സംഭാഷണവും സൗഹാര്‍ദ്ദവും സഭാ ജീവിതശൈലിയാകണം. ഏകീകരണത്തിലൂടെ മാത്രമല്ല ഏകതയുണ്ടാകുന്നതെന്നും, വ്യത്യസ്തമായതിനെ വിരുദ്ധമായി കാണേണ്ടതില്ലെന്നും സഭ തിരിച്ചറിയണം.
സംവാദത്തിന്റെ സൗഹാര്‍ദ്ദപാതയിലേക്ക് പരിപാകം ചെയ്യപ്പെട്ട സിനഡാലിറ്റിയനുഭവത്തിലേക്ക് കേരള സഭ പൊതുവിലും സീറോ മലബാര്‍ സഭ പ്രത്യേകിച്ചും ഒരുമിച്ചെത്താന്‍ ആഗോള സിനഡൊരുക്കത്തിന്റെ കൂട്ടായ്മ വഴികള്‍ സവിശേഷമായി സഹായിക്കട്ടെ. അതിനുള്ള ശ്രമങ്ങള്‍ ആത്മാര്‍ത്ഥമാകട്ടെ. സംഭാഷണങ്ങളെ ഭയപ്പെടരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org