മാര്‍ ജേക്കബ് മനത്തോടത്ത് എറണാകുളം – അങ്കമാലി അതിരൂപതയുടെ അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്റര്‍

മാര്‍ ജേക്കബ് മനത്തോടത്ത് എറണാകുളം – അങ്കമാലി അതിരൂപതയുടെ അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്റര്‍

എറണാകുളം – അങ്കമാലി അതിരൂപതയിലെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച് അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്ററെ നിയമിച്ചുകൊണ്ട് പരിശുദ്ധപിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ ഉത്തരവ് പുറപ്പെടുവിച്ചു. പാലക്കാട് രൂപതാ മെത്രാനായ മാര്‍ ജേക്കബ് മനത്തോടത്താണ് അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിക്കപ്പെട്ടിരിക്കുന്നത്. പാലക്കാട് രൂപതയുടെ മെത്രാനെന്ന നിലയിലുള്ള ഉത്തരവാദിത്വം അദ്ദേഹം തുടര്‍ന്നും നിര്‍വ്വഹിക്കുന്നതായിരിക്കും.

2018 ജൂണ്‍ 22 വെള്ളിയാഴ്ച റോമന്‍ സമയം ഉച്ചയ്ക്ക് 12 മണിക്ക് വത്തിക്കാനിലും ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞു 3.30 ന് കാക്കനാട് മൗണ്ട് സെന്‍റ് തോമസ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കൂരിയായിലും ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തി. എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലിത്തന്‍ ആര്‍ച്ചുബിഷപ് എന്ന സ്ഥാനത്ത് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തുടരും. ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തും ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടിലും സഹായമെത്രാന്മാരായി തുടരുന്നതാണ്. ഇപ്പോള്‍ നിലവിലുള്ള അതിരൂപതാ ആലോചനാസംഘം, സാമ്പത്തികകാര്യസമിതി, വൈദികസമിതി, അജപാലന സമിതി തുടങ്ങിയവയുടെ പ്രവര്‍ത്തനം അഡ്മിനിസ്ട്രേറ്റര്‍ നിയമനത്തോടെ സസ്പെന്‍റ് ചെയ്യപ്പെട്ടിരിക്കുകയാണെങ്കിലും അഡ്മിനിസ്ട്രേറ്റര്‍ക്ക് പ്രസ്തുത സമിതികള്‍ക്ക് മാറ്റം വരുത്തുകയോ അവ പുനഃസംഘടിപ്പിക്കുകയോ ചെയ്ത് പ്രവര്‍ത്തനക്ഷമമാക്കാന്‍ അധികാരം ഉണ്ടാകും.

എറണാകുളം-അങ്കമാലി അതിരൂപതയിലെ കോടംതുരുത്തില്‍ 1947 ഫെബ്രുവരി 22 നാണ് മാര്‍ മനത്തോടത്തിന്‍റെ ജനനം. 1972 നവംബര്‍ 4-ന് പൗരോഹിത്യം സ്വീകരിച്ചു. വിവിധ ഇടവകകളില്‍ വികാരിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കര്‍ദി. മാര്‍ ആന്‍റണി പടിയറയുടെ സെക്രട്ടറി, അതിരൂപതാ കോടതിയിലെ നീതി സംരക്ഷകന്‍, ബന്ധ സംരക്ഷകന്‍, അതിരൂപതാ ചാന്‍സലര്‍, ആലോചനാസമിതി അംഗം, സേവ് എ ഫാമിലി പ്ലാന്‍ ഇന്ത്യയുടെ എക്സിക്യൂട്ടീവ് സെക്രട്ടറി, ആലുവാ സെന്‍റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി അധ്യാപകന്‍ എന്നീ നിലകളിലും ശുശ്രൂഷ ചെയ്തു. 1992 നവംബര്‍ 28-ന് എറണാകുളം – അങ്കമാലി അതിരൂപതയുടെ സഹായമെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. പിന്നീട് 1996 നവംബര്‍ 11 -ന് പാലക്കാട് രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ടു. സിബിസിഐ ഹെല്‍ത്ത് കമ്മീഷന്‍ മെമ്പര്‍, സീറോ മലബാര്‍ വിശ്വാസ പരിശീലന കമ്മീഷന്‍ ചെയര്‍മാന്‍ എന്ന നിലകളിലും പ്രവര്‍ത്തിക്കുന്നു.

ജൂണ്‍ 23-ാം തീയതി എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ വച്ച് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ് ജംബത്തി സ്താദിക്വാത്രോയുടെ സാന്നിധ്യത്തില്‍ മാര്‍ ജേക്കബ് മനത്തോടത്ത് ഔദ്യോഗികമായി സ്ഥാനം ഏറ്റെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org