എറണാകളം-അങ്കമാലി അതിരൂപത ശതോത്തര രജത ജൂബിലിയിലേക്ക്

എറണാകളം-അങ്കമാലി അതിരൂപത ശതോത്തര രജത ജൂബിലിയിലേക്ക്

മാര്‍ത്തോമാ ക്രിസ്ത്യാനികളുടെ ചരിത്രത്തില്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ട ദിവസമാണ് 1896 ജൂലൈ 28. നൂറ്റാണ്ടുകളോളം വൈദേശിക മെത്രാന്മാരുടെ ആധിപത്യത്തിലും നിയന്ത്രണത്തിലുമായിരുന്ന മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ക്ക് സ്വന്തം ദേശത്തിലും സമുദായത്തിലും ജനിച്ച മെത്രാന്മാരെ ലഭിച്ചതിന്റെ ശതോത്തര രജതജൂബിലിയാണ് നാം ആചരിക്കുന്നത്. അതിനാല്‍ ഇത് സീറോ മലബാര്‍ സഭയുടെ ആഘോഷമാണ്. 1896 ജൂലൈ 28-ന് പ്രൊപ്പഗാന്ത തിരുസംഘത്തിന്റെ കൂടിക്കാഴ്ചയില്‍ പരിശുദ്ധ ലെയോ പതിമൂന്നാമന്‍ മാര്‍പാപ്പ ക്വേ റേയി സാക്രേ (Quae rei sacrae) എന്ന തിരുവെഴുത്തിലൂടെ സുറിയാനി ക്രിസ്ത്യാനികള്‍ക്കായി ചങ്ങനാശ്ശേരി, എറണാകുളം, തൃശൂര്‍ എന്നീ വികാരിയാത്തുകള്‍ സ്ഥാപിക്കുകയും മാത്യു മാക്കില്‍, ലൂയിസ് പഴേപറമ്പില്‍, ജോണ്‍ മേനാച്ചേരി എന്നിവരെ വികാരി അപ്പസ്തോലിക്കാമാരായി നിയമിക്കുകയും ചെയ്തു. 1896 ഒകടോബര്‍ 25-ന് കാണ്ടിയിലെ ഭദ്രാസന ദേവാലയത്തില്‍ വെച്ച് മൂന്നു പേരെയും അപ്പസ്തോലിക് ഡെലഗേറ്റ് മോണ്‍. സലേസ്‌കി വികാരി അപ്പസ്തകോലിക്കമാരായി അഭിഷേകം ചെയ്തു.

അതിമെത്രാസന മന്ദിരത്തിന്റെ നിര്‍മ്മാണം, മൈനര്‍ സെമിനാരിയുടെ സ്ഥാപനം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ മാര്‍ ലൂയിസ് പഴേപറമ്പില്‍ എറണാകുളം വികാരിയാത്തിനെ ക്രമാനുഗതമായ വളര്‍ച്ചയിലേക്ക് നയിച്ചു. വൈദികരുടേയും സന്യസ്തരുടേയും വിശ്വാസസമൂഹത്തിന്റേയും ആത്മീയ പുരോഗതിക്കായുള്ള പഴേപറമ്പില്‍ പിതാവിന്റെ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ ഇടയലേഖനങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. സുറിയാനി സഭയുടെ പുരോഗതിക്കായി മാര്‍ ലൂയീസ് പഴേപറമ്പില്‍ നല്കിയ നേതൃത്വവും പ്രവര്‍ത്തനങ്ങളുമാണ് 1923-ല്‍ സഭയ്ക്ക് ഒരു തനതായ ഹയറാര്‍ക്കി രൂപീകരിക്കപ്പെടുന്നതിന് സഹായകമായത്.

മാര്‍ ലൂയിസ് പഴേപറമ്പിലിനു ശേഷം അതിരൂപതയുടെ ഭരണം ഏറ്റെടുത്തത് ക്രാന്തദര്‍ശിയായ മാര്‍ അഗസ്റ്റിന്‍ കണ്ടത്തിലാണ്. കണ്ടത്തില്‍ തിരുമേനിയുടെ ഭരണകാലത്ത് 1923 ഡിസംബര്‍ 21-ന് റൊമാനി പൊന്തിഫിച്ചെസ് (Romani Pontifices) എന്ന അപ്പസ്‌തോലിക തിരുവെഴുത്തിലൂടെ പതിനൊന്നാം പിയൂസ് മാര്‍പാപ്പ എറണാകുളം കേന്ദ്രമായി സീറോ-മലബാര്‍ ഹയറാര്‍ക്കി സ്ഥാപിച്ചു. എറണാകുളം വികാരിയാത്ത് അതിരൂപതയായി ഉയര്‍ത്തുകയും ചങ്ങനാശ്ശേരി, തൃശൂര്‍ വികാരിയാത്തുകളെ രൂപതകളാക്കുകയും ചെയതു. മാര്‍ അഗസ്റ്റിന്‍ കണ്ടത്തിലിന്റെ ശ്രമഫലമായി 1921-ല്‍ എറണാകുളം മിസ്സം എന്ന പേരില്‍ ഔദ്യോഗിക ബുള്ളറ്റിനും മാര്‍ ലൂയിസ് പ്രസ്സും 1927-ല്‍ സത്യദീപം വാരികയും 1936-ല്‍ മലബാര്‍ മെയില്‍ ദിനപത്രവും ആരംഭിച്ചു.

തുടര്‍ന്ന് യുഗപ്രഭാവനായ മാര്‍ ജോസഫ് പാറേക്കാട്ടില്‍ അതിരൂപതയ്ക്ക് നവചൈതന്യം പകര്‍ന്നു നല്കി. വ്യവസായിക തലസ്ഥാനമായ കൊച്ചിയുടെ വളര്‍ച്ചയ്ക്കനുസൃതമായി ഇടവകകളും സ്ഥാപനങ്ങളും ആരംഭിച്ച് അദ്ദേഹം അതിരൂപതാ ഭരണം നര്‍വ്വഹിച്ചു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ പങ്കെടുത്ത പാറേക്കാട്ടില്‍ പിതാവ് കൗണ്‍സില്‍ തുറന്നുവച്ച സഭയുടെ വാതായനങ്ങള്‍ക്ക് അനുസൃതമായി അതിരൂപതയിലും സഭയിലും ആരാധനാക്രമം, സഭാഭരണം തുടങ്ങിയ മേഖലകളില്‍ നവചൈതന്യം പകര്‍ന്നു നല്കി. കേരളത്തില്‍നിന്നും ആദ്യമായി കര്‍ദ്ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടത് മാര്‍ ജോസഫ് പാറേക്കാട്ടിലാണെന്നുള്ളത് അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവത്തിന് മാറ്റേകുന്നു.

1992 ഡിസംബര്‍ 16-ന് ക്വേ മയോറി (Quae maiori) എന്ന തിരുവെഴുത്തിലൂടെ എറണാകുളം-അങ്കമാലി മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭ എന്ന നാമത്തില്‍ സീറോ-മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭയായി ഉയര്‍ത്തപ്പെട്ടു. എറണാകുളം മെത്രാപ്പോലീത്തയായിരുന്ന മാര്‍ ആന്റണി പടിയറ സഭയുടെ പ്രഥമ മേജര്‍ ആര്‍ച്ചുബിഷപ്പായി. മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ സ്ഥിരമായ ആസ്ഥാനം എറണാകുളം നഗരം തന്നെയായിരിക്കണമെന്നും തിരുവെഴുത്ത് പ്രസ്താവിക്കുന്നുണ്ട്.

മാര്‍ വര്‍ക്കി വിതയത്തില്‍ പിതാവാണ് തുടര്‍ന്ന് അതിരൂപതയുടെ സാരഥ്യം ഏറ്റെടുത്തത്. ആത്മീയമായ ഉത്കൃഷ്ഠയോടെ പിതാവ് അതിരൂപതയെ നയിച്ചു. തുടർന്ന് ആദ്യമായി സിനഡ് തിരഞ്ഞെടുത്ത മേജര്‍ ആര്‍ച്ചുബിഷപ്പായി മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി നിയമിതനായി. 2019 ആഗസ്റ്റ്  30ന് അതിരൂപതയുടെ സ്വതന്ത്ര ചുമതലയുള്ള മെത്രാപ്പോലീത്തന്‍ വികാരിയായി മാർ ആൻറണി കരിയിലിനെ സിനഡ് നിയമിച്ചു. കരിയില്‍ പിതാവിന്റെ നേതൃത്വത്തിലാണ് 1500 ചതുരശ്ര കിലോമീറ്ററില്‍ തൃശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന എറണാകുളം-അങ്കമാലി മേജര്‍ അതിരൂപത ശതോത്തര രജതജൂബിലിയിലേക്ക് പ്രവേശിക്കുന്നത്.

മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി, മാർ ജേക്കബ് മനത്തോടത്ത്, മാർ തോമസ് ചക്യത്ത്, മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ എന്നീ സഹായ മെത്രാൻമാർ വ്യത്യസ്ത കാലഘട്ടങ്ങളിൽ അതിരൂപതയുടെ പുരോഗതിക്കും അജപാലന വളർച്ചക്കും നല്കിയ നിസ്തുലമായ സംഭാവനകളെയും ഈ ജൂബിലി വർഷത്തിൽ അനുസ്മരിക്കേണ്ടതാണ്. മെത്രാൻമാരും വൈദികരും സന്യസ്തരും അല്മായ സഹോദരങ്ങളും വ്യത്യസ്ത മേഖലകളിൽ ഒരുമയോടെ പ്രവർത്തിച്ചതിന്റെ നൻമയാണ് എറണാകുളം – അങ്കമാലി അതിരൂപത എക്കാലവും യശസ്സ് ഉയർത്തി നില്കുന്നതിന് കാരണമാകുന്നത്.

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വളരെ ലളിതമായാണ് എറണാകുളം-അങ്കമാലി അതിരൂപത ജൂബിലി വർഷം ആരംഭിക്കുന്നത്. നാളെ (28 ജൂലൈ 2020) രാവിലെ മേജർ ആർക്കി എപ്പിസ്കോപ്പൽ വികാരി മാർ ആൻറണി കരിയിൽ സെൻറ്. മേരീസ് ബസിലിക്കയിൽ വിശുദ്ധ കുർബാന അർപ്പിച്ച് ജൂബിലി വർഷത്തിന് ആരംഭം കുറിക്കും. ഇതോടൊപ്പം അതിരൂപതയിലെ എല്ലാ ഇടവകളിലും കൃതജ്ഞതാ ബലിയർപ്പണം നടത്തും.
വൈകുന്നേരം 9 മണിക്ക് 'നിറവ് – അനുഗ്രഹത്തിന്റെ 125 വർഷങ്ങൾ' എന്ന പേരിൽ പ്രാർത്ഥന കൂട്ടായ്മ ഓൺലൈനിൽ നടത്തും. ഫാ. ഇഗ്നേഷ്യസ് പയ്യപ്പള്ളി അതിരൂപതയുടെ നാൾവഴികൾ അവതരിപ്പിക്കും. ഫാ. ജോയ് അയിനിയാടൻ ആമുഖവും മാർ. ആൻറണി കരിയിൽ സമാപന ആശീർവാദവും നൽകും. അതിരൂപതയുടെ യൂട്യൂബ് ചാനലിൽ എല്ലാവർക്കും തൽസമയം ഈ പ്രാർത്ഥന കൂട്ടായ്മയിൽ പങ്കുചേരാവുന്നതാണ്.

ഏറെ വെല്ലുവിളികള്‍ നിറഞ്ഞ കാലഘട്ടത്തിലാണ് എറണാകുളം – അങ്കമാലി അതിരൂപത ശതോത്തര രജത ജൂബിലിയിലേക്ക് പ്രവേശിക്കുന്നത്. കോവിഡ് 19-ന്റെ ഫലമായുണ്ടായ സാമൂഹിക- സാമ്പത്തിക- മാനസിക ക്ലേശങ്ങളുടെ പരിഹാരത്തിനാവണം അതിരൂപത ഊന്നല്‍ നല്‌കേണ്ടത്. അനാവശ്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മൊറോട്ടോറിയം പ്രഖ്യാപിക്കേണ്ടതുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ അതിരൂപതയ്ക്കുണ്ടായ പ്രതിസന്ധികളെ അതിജീവിക്കാനും പരിഹാരം കണ്ടെത്തുവാനുമാകണം. മുറിവുകള്‍ സ്‌നേഹസ്പര്‍ശനത്താല്‍ സുഖമാക്കപ്പെടണം. അങ്ങനെ വിശാലമായ അജപാലന കാഴ്ചപ്പാടുകളോടെയും തുറന്ന സമീപനങ്ങളോടെയും എറണാകുളം-അങ്കമാലി അതിരൂപത സഭയ്ക്കും സമൂഹത്തിനും മുന്നില്‍ എന്നും ഉജ്ജ്വലിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org