പ്രളയഭൂമിയില്‍ കാരുണ്യപ്രവാഹമായി എറണാകുളം അങ്കമാലി അതിരൂപത

പ്രളയഭൂമിയില്‍ കാരുണ്യപ്രവാഹമായി എറണാകുളം അങ്കമാലി അതിരൂപത

കൊച്ചി: മധ്യകേരളത്തിലെ പ്രളയം പിഴുതെറിഞ്ഞ മേഖലകളില്‍ സന്നദ്ധസേവനവും സഹായങ്ങളും സജീവമാക്കി എറണാകുളം അങ്കമാലി അതിരൂപത. ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റിടങ്ങളിലുമായി ഇതുവരെ ആറു കോടിയിലധികം രൂപയുടെ സഹായമാണു കാരുണ്യപ്രവാഹം എന്ന പേരില്‍ അതിരൂപത വിവിധ തലങ്ങളിലൂടെ ലഭ്യമാക്കിയത്.

കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലായി അതിരൂപതയുടെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെത്തി. അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ സഹൃദയയാണു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഇടവകകളും സ്ഥാപനങ്ങളും വൈദികരും സന്യസ്തരും വിശ്വാസി സമൂഹവും ഒന്നിച്ചു കൈകോര്‍ത്തു സന്നദ്ധപ്രവര്‍ത്തനങ്ങളിലുണ്ട്.

ദുരിതാശ്വാസ ക്യാമ്പുകളിലേക്കു ഭക്ഷണം, അനുബന്ധ സൗകര്യങ്ങള്‍, വീടുകളിലേക്കു ഭക്ഷ്യവസ്തുക്കള്‍, വസ്ത്രങ്ങള്‍, മരുന്നുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, കുടിവെള്ളം, ക്ലീനിംഗ് സാമഗ്രികള്‍ തുടങ്ങിയവയാണ് എത്തിച്ചത്. അതിരൂപതയില്‍ പ്രളയക്കെടുതി ബാധിച്ച 280 ഇടവകകള്‍ കേന്ദ്രീകരിച്ചു നാനാജാതി മതസ്ഥര്‍ക്കു ദുരിതാശ്വാസം ലഭ്യമാക്കി.

വിവിധ ഇടവക പള്ളികളിലും അനുബന്ധ സ്ഥാപനങ്ങളിലുമായി 1250 ദുരിതാശ്വാസ ക്യാമ്പുകളാണു പ്രവര്‍ത്തിച്ചത്. 2.6 ലക്ഷം പേര്‍ ഈ ക്യാമ്പുകളില്‍ താമസിച്ചു. ക്യാമ്പുകള്‍ പലതും ഇപ്പോഴും തുടരുന്നുണ്ട്. 400ഓളം വൈദികര്‍, അഞ്ഞൂറോളം സമര്‍പ്പിതര്‍, സെമിനാരി വിദ്യാര്‍ഥികള്‍, ആയിരത്തിലധികം അല്മായ വാളണ്ടിയര്‍മാര്‍ എന്നിവര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. നൂറു വാഹനങ്ങളും 380 ബോട്ടുകളും രക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചു. അതിരൂപതയിലെ ഇടവകകള്‍, സന്യാസ സമൂഹങ്ങള്‍, ആശുപത്രികള്‍, സംഘടനകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. സഹൃദയയുടെ പൊന്നുരുന്നിയിലെ ആസ്ഥാനം, അതിരൂപതയുടെ പാസ്റ്ററല്‍ സെന്‍ററായ അങ്കമാലി സുബോധന എന്നിവ കേന്ദ്രീകരിച്ചാണു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

വെള്ളമിറങ്ങിപ്പോയ വീടുകള്‍ വൃത്തിയാക്കി താമസ യോഗ്യമാക്കുന്നതിനും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഇപ്പോള്‍ പ്രാധാന്യം നല്കുന്നത്. ഇതിനായി വോളണ്ടിയര്‍മാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. ഇലക്ട്രിക്, പ്ലംബിംഗ് ജോലികള്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ വിദഗ്ധരുടെ സംഘത്തെ ലഭ്യമാക്കുന്നു. എറണാകുളം ലിസി, അങ്കമാലി ലിസി ആശുപത്രികളുടെ നേതൃത്വത്തില്‍ എല്ലാ ദിവസങ്ങളിലും വിവിധ സ്ഥലങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടന്നുവരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org