യൂറോപ്പില്‍ മതം തിരിച്ചുവരവിന്‍റെ പാതയിലെന്നു വത്തിക്കാന്‍ വിദേശകാര്യമന്ത്രി

യൂറോപ്പില്‍ മതം തിരിച്ചുവരവിന്‍റെ  പാതയിലെന്നു വത്തിക്കാന്‍ വിദേശകാര്യമന്ത്രി

മതം യൂറോപ്യന്‍ രാഷ്ട്രീയത്തില്‍ ഇന്ന് ഒരു നിരോധിത വിഷയമല്ലെന്നും മതം യൂറോപ്പില്‍ തിരിച്ചുവരവിന്‍റെ പാതയിലാണെന്നും വത്തിക്കാന്‍ വിദേശകാര്യമന്ത്രി ആര്‍ച്ചുബിഷപ് പോള്‍ ഗല്ലഘര്‍ പ്രസ്താവിച്ചു. ലോകം വളരെ മതാത്മകമായ ഒരിടമാണെന്നു യൂറോപ്യന്‍ രാഷ്ട്രീയക്കാര്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. ലോകമെങ്ങും മതങ്ങളിലെ അംഗത്വം വര്‍ദ്ധിച്ചു വരികയാണ്. വിശ്വാസികള്‍ക്ക് ഇതൊരു വലിയ ഉത്തരവാദിത്വവും നല്‍കുന്നുണ്ട്. ഈ ഉത്തരവാദിത്വം നാം വളരെ ഗൗരവത്തിലെടുക്കണം. മതം വളരെ ഭാവാത്മകമായ സംഭാവനകളാണ് സമൂഹത്തിനു നല്‍കുന്നതെന്നു നാം ഉറപ്പാക്കണം. മതം, കത്തോലിക്കാസഭ തന്നെ, പ്രശ്നത്തിന്‍റെയല്ല മറിച്ചു പരിഹാരത്തിന്‍റെ ഭാഗമാണെന്നു പറയാനും ഇതാവശ്യമാണ് – ആര്‍ച്ചുബിഷപ് വിശദീകരിച്ചു. യൂറോപ്യന്‍ കര്‍മ്മപദ്ധതിയുടെ ഭാവിക്കുള്ള ക്രൈസ്തവ സംഭാവന എന്ന വിഷയത്തെ കുറിച്ചു ചര്‍ച്ച ചെയ്യുന്നതിനു റോമില്‍ ചേര്‍ന്ന മതനേതാക്കളുടെയും രാഷ്ട്രീയ നേതാക്കളുടെയും യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു ആര്‍ച്ചുബിഷപ്. 28 യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധി സംഘങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

കുടിയേറ്റക്കാരുടെ പെരുപ്പത്തെ കുറിച്ചുള്ള ചോദ്യത്തിനുത്തരമായി, ചില തത്വങ്ങളോടു ചേര്‍ന്നു നില്‍ക്കേണ്ടതുണ്ടെന്നു ആര്‍ച്ചുബിഷപ് പറഞ്ഞു. മതസ്വാതന്ത്ര്യത്തില്‍ നമ്മള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ അതു ഹിന്ദുവിനും മുസ്ലീമിനും മറ്റെല്ലാവര്‍ക്കും സാധുവാണ്, ക്രിസ്ത്യാനിക്കു സാധുവായിരിക്കുന്നതു പോലെ. യൂറോപ്പില്‍ മുസ്ലീം ജനസംഖ്യ വര്‍ദ്ധിക്കുന്നതിനെ കുറിച്ച് തെറ്റായ വിവരങ്ങളും ഭീതിയും പരത്താനുള്ള ശ്രമങ്ങളുണ്ട്. മതത്തെ പൊതുസംവാദങ്ങളില്‍ കടന്നുവരാന്‍ സമ്മതിക്കാതെ സ്വകാര്യമണ്ഡലത്തിലേയ്ക്ക് ഒതുക്കുന്ന തരത്തിലുള്ള രാഷ്ട്രീയ കൃത്യത യൂറോപ്പില്‍ അമിതമാണ്. ഇതിനെയും ചെറുക്കേണ്ടതുണ്ട് – ആര്‍ച്ചുബിഷപ് പറഞ്ഞു.

മതം സമൂഹത്തില്‍ നിന്ന് അപ്രത്യക്ഷമാകുമെന്നാണ് 20 വര്‍ഷം മുമ്പ് നിരവധി പേര്‍ കരുതിയിരുന്നതെന്ന് വത്തിക്കാന്‍ സാമ്പത്തിക സമിതി അദ്ധ്യക്ഷനും ജര്‍മ്മനിയിലെ മ്യൂണിച്ച് ആര്‍ച്ചുബിഷപ്പുമായ കാര്‍ഡിനല്‍ റീയിന്‍ഹാര്‍ഡ് മാര്‍ക്സ് ഓര്‍മ്മിപ്പിച്ചു. സമൂഹം പുരോഗമിക്കുമ്പോള്‍ മതം ഇല്ലാതാകുമെന്നാണ് സാമൂഹ്യശാസ്ത്രജ്ഞരും രാഷ് ട്രീയക്കാരും വിചാരിച്ചിരുന്നത്. എന്നാല്‍ അങ്ങനെയല്ല സംഭവിച്ചിരിക്കുന്നത്. 21-ാം നൂറ്റാണ്ടില്‍ മതം വലിയ പ്രാധാന്യമാര്‍ജിക്കും. അതു സമാധാനത്തിന്‍റെയും സംഭാഷണത്തിന്‍റെയും ഉപകരണമാകണമോ ഏറ്റുമുട്ടലിന്‍റെ ഉപകരണമാകണമോ എന്ന ചോദ്യവും ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതായി വരും – കാര്‍ഡിനല്‍ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org