ദൈവത്തിനുപരി എന്തു പ്രതിഷ്ഠിക്കുന്നതും സന്തോഷം കെടുത്തും: ഫ്രാന്‍സിസ് മാര്‍പാപ്പ

ദൈവത്തിനുപരി എന്തു പ്രതിഷ്ഠിക്കുന്നതും സന്തോഷം കെടുത്തും: ഫ്രാന്‍സിസ് മാര്‍പാപ്പ

ദൈവത്തിനുപരിയായി ഏതെങ്കിലും വസ്തുവിനെയോ തത്ത്വശാസ്ത്രത്തെയോ പ്രതിഷ്ഠിക്കുന്നത് സന്തോഷത്തെ കെടുത്തുമെന്നും യഥാര്‍ത്ഥസ്നേഹത്തെ അനുഭവിക്കാനുള്ള കഴിവിനെ അതു തടസ്സപ്പെടുത്തുമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. ഒരു വസ്തുവിനോടോ ആശയത്തോടോ ഉള്ള ബന്ധം നമ്മെ സ്നേഹത്തിന് അന്ധരാക്കി തീര്‍ക്കുന്നു. സ്നേഹവും വിഗ്രഹാരാധനയും പൊരുത്തപ്പെടുകയില്ല. എന്തെങ്കിലുമൊന്ന് നിങ്ങള്‍ക്ക് കേവലവും പവിത്രവുമാകുമ്പോള്‍ അതു ജീവിതപങ്കാളിയേക്കാളും കുഞ്ഞിനെക്കാളും സൗഹൃദത്തേക്കാളും നിങ്ങള്‍ക്കു പ്രധാനപ്പെട്ടതാകുന്നു – മാര്‍പാപ്പ വിശദീകരിച്ചു. സെ. പീറ്റേഴ്സ് അങ്കണത്തില്‍ പൊതുദര്‍ശനവേളയില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. ഒന്നാമത്തെ കല്‍പനയെ കുറിച്ചായിരുന്നു മാര്‍പാപ്പയുടെ വിചിന്തനം.

യഥാര്‍ത്ഥത്തില്‍ എന്താണ് എന്‍റെ ദൈവം എന്നു ക്രൈസ്തവര്‍ ആത്മപരിശോധന ചെയ്യണമെന്നു മാര്‍പാപ്പ ആവശ്യപ്പെട്ടു. ഹസ്തരേഖ മുതല്‍ പണവും മയക്കുമരുന്നും വരെ പലതരം വിഗ്രഹങ്ങളുണ്ട്. അവയെല്ലാം സന്തോഷം വാഗ്ദാനം ചെയ്യുന്നു. പക്ഷേ നല്‍കുന്നില്ല. ഒരു വസ്തുവിനെയോ ആശയത്തെയോ മുന്നില്‍ കണ്ട് അതിനു വേണ്ടി ജീവിക്കുന്നവര്‍ സ്വയംവിനാശകരമായ ഒരു ചുഴിയില്‍ അകപ്പെടുകയാണ്. അവര്‍ കാത്തിരിക്കുന്ന ഫലം ഒരിക്കലും വരികയില്ല. വസ്തുക്കളെ മിഥ്യാദൈവങ്ങളായി കാണാനുള്ള പ്രവണതയില്‍ എല്ലാവരും വീണുപോയേക്കാം, മതവിശ്വാസികളുള്‍പ്പെടെ – മാര്‍പാപ്പ വിശദീകരിച്ചു.

പ്രാര്‍ത്ഥനയിലും ദൈവപരിപാലനയിലും ആശ്രയിക്കാതെ ഭാവിയെ കുറിച്ചറിയാന്‍ വെമ്പുന്നത് വിഗ്രഹാരാധനയായി മാറാറുണ്ടെന്നു മാര്‍ പാപ്പ പറഞ്ഞു. ഓരോ ദിവസത്തേയും യാഥാര്‍ത്ഥ്യത്തില്‍ ജീവിക്കാനാണു ദൈവം നമ്മെ പഠിപ്പിക്കുന്നത്. ഭാവിയെ കുറിച്ചുള്ള ഭ്രമകല്‍പനകളല്ല ആവശ്യം. വിഗ്രഹങ്ങള്‍ നിഷ്കളങ്കമായ ബന്ധങ്ങളല്ല ഉണ്ടാക്കുന്നത്. അവ നിങ്ങളുടെ രക്തമാവശ്യപ്പെടുന്നു. പണം മനുഷ്യന്‍റെ ജീവിതം മോഷ്ടിക്കുകയും ആത്യന്തികമായി ഏകാന്തതയിലേയ്ക്കു നയിക്കുകയും ചെയ്യുന്നു. സ്വന്തം ജീവിതത്തില്‍ ഇങ്ങനെ ഏതെങ്കിലും വിഗ്രഹങ്ങളുണ്ടോ എന്ന് ആത്മപരിശോധന നടത്താന്‍ എല്ലാവരും തയ്യാറാകണം – മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org