നിരവധി കാത്തലിക് പേജുകള്‍ ഫേസ്ബുക് ബ്ലോക്ക് ചെയ്തു

നിരവധി കാത്തലിക് പേജുകള്‍ ഫേസ്ബുക് ബ്ലോക്ക് ചെയ്തു

ദശലക്ഷകണക്കിനു വായനക്കാര്‍ ഉള്ള രണ്ടു ഡസനോളം കാത്തലിക് പേജുകള്‍ ഫേസ്ബുക്ക് കാരണമൊന്നും പറയാതെ ബ്ലോക്ക് ചെയ്തു. ബ്രസീലിലെ 21 ഉം ഇംഗ്ലീഷ് ഭാഷയിലുള്ള 4 ഉം പേജുകളാണ് 24 മണിക്കൂറിനുള്ളില്‍ ബ്ലോക്ക് ചെയ്യപ്പെട്ടത്. 60 ലക്ഷം ഫോളോവേഴ്സുള്ള പേജാണ് ഇവയില്‍ ഏറ്റവും അധികം പ്രചാരമുണ്ടായിരുന്നത്. ഫേസ്ബുക്കിന്‍റെ നയങ്ങളും ചട്ടങ്ങളും പൂര്‍ണമായി പാലിച്ചു പ്രവര്‍ത്തിച്ചിരുന്നവയാണ് ഈ പേജുകളെന്നും ഇതു ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് അധികൃതര്‍ക്കയച്ച അപ്പീലുകള്‍ക്കൊന്നും ഇതുവരെ മറുപടിയില്ലെന്നും ചില പേജുകളുടെ അഡ്മിന്മാര്‍ പറഞ്ഞു. കാരണമൊന്നും പറയാതെയാണ് 60 ലക്ഷം ഫോളോവേഴ്സ് ഉള്ള തന്‍റെ കാത്തലിക് ആന്‍ഡ് പ്രൗഡ് എന്ന ഇംഗ്ലീഷ് പേജ് ബ്ലോക്ക് ചെയ്തതെന്ന് അഡ്മിനാ നൈജീരിയന്‍ സ്വദേശി കെന്നെത്ത് അലിംബ വ്യക്തമാക്കി. അമേരിക്കന്‍ വൈദികനായ ഫാ. ഫ്രാന്‍സിസ് ജെ ഹോഫ്മാന്‍ നടത്തുന്ന 35 ലക്ഷം ഫോളോവേഴ്സ് ഉള്ള പേജും ബ്ലോക്ക് ചെയ്തവയില്‍ ഉള്‍പ്പെടുന്നു. മതപരവും യാഥാസ്ഥിതികമെന്നു വിശേഷിപ്പിക്കാവുന്നതുമായ ഉള്ളടക്കം സെന്‍സര്‍ ചെയ്യാനുള്ള പ്രവണത ഫേസ്ബുക്ക് പ്രകടിപ്പിക്കുന്നുണ്ടെന്ന പരാതി അന്താരാഷ്ട്ര തലത്തില്‍ നേരത്തെയും ഉയര്‍ന്നിട്ടുണ്ട്. മാര്‍ക് സുക്കര്‍ ബെര്‍ഗ് പക്ഷേ ഇതു നിഷേധിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റാണ് 200 കോടി ഉപയോക്താക്കളുള്ള ഫേസ്ബുക്ക്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org