ബധിരര്‍ക്കും മൂകര്‍ക്കും വേണ്ടിയുള്ള ഫാമിലി കൗണ്‍സലിംഗ് സെന്‍റര്‍ ഉദ്ഘാടനം

ബധിരര്‍ക്കും മൂകര്‍ക്കും വേണ്ടിയുള്ള ഫാമിലി കൗണ്‍സലിംഗ് സെന്‍റര്‍ ഉദ്ഘാടനം

കൊച്ചി: കൈകളുയര്‍ത്തി സന്തോഷം പ്രകടിപ്പിച്ചാണ് ബധിരരും മൂകരുമായ യുവതീയുവാക്കന്മാര്‍ തങ്ങള്‍ക്കു വേണ്ടി തുടങ്ങുന്ന ഫാമിലി കൗണ്‍സലിംഗ് സെന്‍ററിനെ സ്വാഗതം ചെയ്തത്. ഇത് പരസ്പരം ഉള്‍ക്കൊള്ളാനുള്ള മനസ്സിന്‍റെയും ഹൃദയത്തിന്‍റെയും ഐക്യം ഉണ്ടാക്കും എന്നത് അവരില്‍ പുതുപ്രതീക്ഷയുടെ വെളിച്ചമായി. കെസിബിസി തലത്തില്‍ ബധിരരും മൂകരുമായ ദമ്പതികള്‍ക്കു വേണ്ടിയുള്ള ഫാമിലി കൗണ്‍സലിംഗ് സെന്‍ററിന്‍റെ ഉദ്ഘാടനം പാലാരിവട്ടം പിഒസിയില്‍ നടന്നു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് ഉദ്ഘാടനം ചെയ്തു. കെസിബിസി ഫാമിലി കമ്മീഷനാണ് ഇതിന് നേതൃത്വം നല്കുന്നത്.

ഫാ. ബിജു, ഫാ. പ്രയേഷ്, സിസ്റ്റര്‍ അഭയ, സിസ്റ്റര്‍ വിക്ടോറിയ, സ്റ്റാലിന്‍ തോമസ്, കെസി ഐസക്, കുഞ്ഞുമോള്‍ വി.എ., റാണി തോമസ് തുടങ്ങിയ സൈന്‍ ലാംഗ്വജില്‍ പരിചയസമ്പന്നരായ കൗണ്‍സിലേഴ്സിന്‍റെ സേവനം ഇതിനായി ലഭ്യമാക്കുമെന്ന് കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍ മാടശേരി പറഞ്ഞു. ബധിരരും മൂകരുമായ യുവതീയുവാക്കന്മാര്‍ക്കു വേണ്ടിയുള്ള വിവാഹ ഒരുക്ക കോഴ്സ് പാലാരിവട്ടം പിഒസിയില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നു. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നാല്പതിലധികം ബധിരരും മൂകരുമായിട്ടുള്ള വിവാഹാര്‍ത്ഥികളാണ് കോഴ്സില്‍ പങ്കെടുക്കുന്നത്. കുടുംബബന്ധങ്ങള്‍, ലൈംഗികത, ആശയവിനിമയം തുടങ്ങിയ കുടുംബജീവിതവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളിലാണ് ക്ലാസ്സുകള്‍. പ്രത്യേക പരിശീലനം ലഭിച്ച പ്രഗത്ഭരാണ് സൈന്‍ ലാംഗ്വജില്‍ ക്ലാസുകള്‍ നയിക്കുന്നത്. ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ സമുദായത്തില്‍പെട്ട ഏവര്‍ക്കും ഇതില്‍ പങ്കെടുക്കാവുന്നതാണ്.

ഈ കോഴ്സിന്‍റെ അവസാനത്തില്‍ ബധിരരും മൂകരുമായ യുവതീയുവാക്കന്മാര്‍ ക്കുവേണ്ടിയുള്ള വിവാഹാലോചനാസംഗമവും പിഒസിയില്‍ നടന്നു. യുവതീയുവാക്കള്‍ക്കും കുടുംബാഗങ്ങള്‍ക്കും പങ്കാളിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കു വയ്ക്കാനുള്ള വേദിയാണിത്. ബധിരരും മൂകരുമായ യുവതീയുവാക്കന്‍മാര്‍ക്കുവേണ്ടിയുള്ള മാട്രിമോണിയല്‍ സര്‍വീസില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസരവും ഇതിലൊരുക്കിയിട്ടുണ്ട്. (വിശദവിവരങ്ങള്‍ക്ക് ബന്ധപ്പടുക: 9995028229, 9497605833, 9495812190, E: kcbcfamily commission@gmail.com, W: kcbcfamilycommission.org).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org