പ്രവൃത്തിയിലൂടെ വിശ്വാസം പ്രാവര്‍ത്തികമാക്കിയ വൈദിക ശ്രേഷ്ഠന് വിട

പ്രവൃത്തിയിലൂടെ വിശ്വാസം പ്രാവര്‍ത്തികമാക്കിയ വൈദിക ശ്രേഷ്ഠന് വിട

താമരശ്ശേരി: താമരശ്ശേരി രൂപത മുന്‍ മെത്രാന്‍ മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ മൃതസംസ്‌കാര ശുശ്രൂഷകള്‍ താമരശ്ശേരി മേരിമാതാ കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്നു. രാവിലെ 10.30 ന് ആരംഭിച്ച സംസ്്ക്കാര ശുശ്രൂഷയുടെ രണ്ടാം ഭാഗത്തിന് തലശ്ശേരി അതിരൂപത മുന്‍മെത്രാന്‍ മാര്‍ ജോര്‍ജ് വലിയമറ്റം മുഖ്യകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് സീറോ മലബാര്‍ സഭ തലവന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സാന്നിധ്യത്തില്‍ തലശ്ശേരി അതിരൂപതാ മെത്രാന്‍ മാര്‍ ജോര്‍ജ് ഞരളക്കാട്ട് മുഖ്യകാര്‍മ്മികത്വം വഹിച്ചു. സംസ്‌ക്കാരത്തിന്റെ സമാപന ശുശ്രൂഷയില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികനായി. ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, ഡോ. വര്‍ഗ്ഗീസ് ചക്കാലയ്ക്കല്‍, ജോസഫ് മാര്‍ തോമസ്, മാര്‍ ആഡ്രൂസ് താഴത്ത് എന്നിവര്‍ സഹകാര്‍മികരായിരുന്നു. ബിഷപ്പുമാരായ മാര്‍ ജേക്കബ് തൂങ്കുഴി, മാര്‍ തോമസ് തറയില്‍, ഡോ. അലക്സ് വടക്കുംതല, മാര്‍ ടോണി നീലങ്കാവില്‍ എന്നിവരും എംഎസ്ടി ഡയറക്ടര്‍ ജനറല്‍ ഫാ. ആന്റണി പെരുമായനും സംസ്‌ക്കാര ശുശ്രൂഷയില്‍ സന്നിഹിതരായിരുന്നു.

കോവിഡ് 19 പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടു നടന്ന സംസ്‌ക്കാര ശുശ്രൂഷയില്‍ തിരഞ്ഞെടുക്കപ്പെട്ട വൈദികരും അല്‍മായ പ്രതിനിധികളും രാഷ്ട്രീയ പ്രമുഖരും അഭിവന്ദ്യ ചിറ്റിലപ്പിള്ളി പിതാവിന്റ കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്. സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ തല്‍സമയ സംപ്രേക്ഷണത്തിലൂടെ താമരശ്ശേരി, കല്ല്യാണ്‍ രൂപതകളിലെ ദൈവജനവും മറ്റു വിശ്വാസികളും സംസ്‌ക്കാര ശുശ്രൂഷയില്‍ പങ്കുചേര്‍ന്നു.

കര്‍ഷക ജനതയ്ക്ക് ഒപ്പം നിന്ന ഇടയശ്രേഷ്ഠനായിരുന്നു മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയെന്നും അദ്ദേഹത്തിന്റെ നിര്യാണത്തോടെ ഒരു യുഗം അവസാനിക്കുകയാണെന്നും അനുസ്മരിച്ചുകൊണ്ട് ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. വിശ്വാസസംരക്ഷണത്തിലും സഭാ വിശ്വസ്തതയിലും പ്രത്യയ ശാസ്ത്ര സിദ്ധാന്തങ്ങള്‍ക്കെതിരെ പഴുതില്ലാത്ത നിലപാടു സ്വീകരിച്ച വ്യക്തിയായിരുന്നു മാര്‍ പോള്‍ ചിറ്റിലപ്പിള്ളി. രോഗികളോട് അഗാതമായ കാരുണ്യം കാണിച്ചിരുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി ഭവന നിര്‍മ്മാണ പദ്ധതി ആസൂത്രണം ചെയ്തു. താമരശ്ശേരി രൂപതയെ ബാല്യത്തില്‍ നിന്ന് യൗവ്വനത്തിലേക്ക് വളര്‍ത്തിയ പിതാവാണ് മാര്‍ ചിറ്റിലപ്പിള്ളി. – ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അനുസ്മരിച്ചു.

പ്രവൃത്തിയിലൂടെ വിശ്വാസം പ്രാവര്‍ത്തികമാക്കിയ വൈദിക ശ്രേഷ്ഠനും പ്രേഷിത തീഷണതയുള്ള ഉത്തമ മിഷനറിയുമാണ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയെന്ന് തൃശ്ശൂര്‍ അതിരൂപതാ മെത്രാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് വചന സന്ദേശത്തില്‍ അനുസ്മരിച്ചു. മികച്ച അധ്യാപകനും സംഘാടകനും അജപാലകനുമായിരുന്നു മാര്‍ ചിറ്റിലപ്പിള്ളി. ഒന്നുമില്ലായ്മയില്‍ നിന്നാണ് കല്ല്യാണ്‍ രൂപതയെ മാര്‍ ചിറ്റിലപ്പിള്ളി പടുത്തുയര്‍ത്തിയത്. സീറോ മലബാര്‍ സഭ ആഗോളതലത്തിലേക്ക് വളര്‍ന്നത് കല്ല്യാണ്‍ രൂപതയെ മാതൃകയാക്കിയാണ് – മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.

അനുസ്മരണ പ്രസംഗത്തില്‍ മഹാനുഭാവനായ വ്യക്തിത്വത്തെയാണ് സഭയ്ക്ക് നഷ്ടമായതെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. വിശ്വാസത്തിലും ആത്മീയതയിലും അടിയുറച്ച വ്യക്തിത്വമായതുകൊണ്ടാണ് മരണത്തെ ജീവിതത്തിന്റെ ഭാഗമായി സന്തോഷത്തോടെ സ്വീകരിക്കാന്‍ അദ്ദേഹത്തിനായതെന്നും സ്വാതികനും സംശുദ്ധനും കര്‍മ്മയോഗിയുമായിരുന്നു ചിറ്റിലപ്പിള്ളി പിതാവ് എന്നും കര്‍ദ്ദിനാള്‍ അനുസ്മരിച്ചു.

വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ വഴി ഫ്രാന്‍സിസ് മാര്‍പാപ്പ നല്‍കിയ അനുസ്മരണസന്ദേശം സീറോ മലബാര്‍ സഭ വൈസ് ചാന്‍സലര്‍ ഫാ. ഏബ്രഹാം കാവില്‍ പുരയിടത്തില്‍ വായിച്ചു. പൗരസ്ത്യസഭകള്‍ക്കായുള്ള സംഘ തലവന്‍ കാര്‍ഡിനല്‍ ലിയനാര്‍ദോ സാന്ദ്രിയുടെ അനുശോചന സന്ദേശം താമരശ്ശേരി രൂപതാ ചാന്‍സലര്‍ ഫാ. ജോര്‍ജ് മുനട്ട് വായിച്ചു.

എം.കെ. രാഘവന്‍ എം പി, കുഞ്ഞാലിക്കുട്ടി എംപി, ഇ.ടി. മുഹമ്മദ് ബഷീര്‍ എം പി, സാദിഖ് അലി തങ്ങള്‍, ശ്രേയാംസ് കുമാര്‍, ഫ്രാന്‍സിസ് ജോര്‍ജ്, ടി. സിദ്ദിഖ്, കെ. സി. അബു തുടങ്ങി നിരവധി രാഷ്ട്രീയ സാമൂഹിക നേതാക്കള്‍ അന്തിമോപചാരം അര്‍പ്പിക്കാനായി എത്തിയിരുന്നു. മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ സഹോദരങ്ങളായ ആന്റണി, സിസ്റ്റര്‍ ഇല്‍ഡഫോണ്‍സ് എന്നിവരും മറ്റു ബന്ധുക്കളും സംസ്‌ക്കാര ശുശ്രൂഷയില്‍ പങ്കെടുത്തു.

സംസ്‌ക്കാര ശുശ്രൂഷയില്‍ പങ്കെടുക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തവര്‍ക്ക് താമരശ്ശേരി രൂപത വികാരി ജനറല്‍ മോണ്‍. ജോണ്‍ ഒറവുങ്കര കൃതജ്ഞത അറിയിച്ചു. സംസ്‌ക്കാര ചടങ്ങുകള്‍ക്ക് താമരശ്ശേരി രൂപത വികാരി ജനറല്‍ മോണ്‍. ജോണ്‍ ഒറവുങ്കര, സീറോ മലബാര്‍ സഭ വൈസ് ചാന്‍സലര്‍ ഫാ. ഏബ്രഹാം കാവില്‍ പുരയിടത്തില്‍, താമരശ്ശേരി രൂപതാ ചാന്‍സലര്‍ ഫാ. ജോര്‍ജ് മുണ്ടനാട്ട്‌, വൈസ് ചാന്‍സലര്‍ ഫാ. അഭിലാഷ് ചിലമ്പിക്കുന്നേല്‍, പ്രൊക്യുറേറ്റര്‍ ഫാ. മാത്യു പുളിമൂട്ടില്‍, കത്തീഡ്രല്‍ വികാരി ഫാ. മാത്യു മാവേലി, രൂപതാ ഭവനിലെ മറ്റു വൈദികര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org