ഫാര്‍മേഴ്സ് ഫെഡറേഷന്‍റെ ആഭിമുഖ്യത്തില്‍ കര്‍ഷകരക്ഷാ മുന്നേറ്റത്തിനു തുടക്കം

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ അലയടിച്ചുയര്‍ന്ന കര്‍ഷകപ്രക്ഷോഭം കേരളത്തിലേക്കും. പല തട്ടുകളായി വിഘടിച്ചുനിന്നാല്‍ കര്‍ഷകര്‍ പുറന്തള്ളപ്പെടുമെന്ന തിരിച്ചറിവില്‍ കേരളത്തിലെ വിവിധ കര്‍ഷകപ്രസ്ഥാനങ്ങള്‍ ഒറ്റക്കെട്ടായി അണിചേരാനുള്ള കര്‍ഷക രക്ഷാമുന്നേറ്റത്തിന്‍റെ അണിയറപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. കേരള ഫാര്‍മേഴ്സ് ഫെഡറേഷന്‍റെ ആഭിമുഖ്യത്തില്‍ വിവിധ കര്‍ഷകപ്രസ്ഥാനങ്ങള്‍ സംയുക്തമായി ഏപ്രില്‍ 18-ന് കൊച്ചിയില്‍ കര്‍ഷകരക്ഷാമുന്നേറ്റ അവകാശപ്രഖ്യാപന കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നു. കൊച്ചി ചെമ്പുമുക്ക് സെന്‍റ് മൈക്കിള്‍സ് ഓഡിറ്റോറിയത്തിലും ഗ്രൗണ്ടിലുമായി മൂവായിരത്തോളം കര്‍ഷകസംഘടനാപ്രതിനിധികളും നേതാക്കളും പങ്കുചേരും.

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുപ്രകാരമുള്ള ന്യായവിലകര്‍ഷകന് ലഭ്യമാക്കുക, വിള ഇന്‍ഷ്വറന്‍സിനോടൊപ്പം കര്‍ഷക ഇന്‍ഷ്വറന്‍സും ഏര്‍പ്പെടുത്തുക, റബര്‍, കുരുമുളക്, ഏലമുള്‍പ്പെടെ കാര്‍ഷികമേഖലയുടെ നടുവൊടിക്കുന്ന രാജ്യാന്തര കരാറുകള്‍ തിരുത്തുക, കൃഷിഭൂമിയുടെ താരിഫ് വില കാര്‍ഷികവരുമാനത്തിനനുസൃതമായി പുനര്‍നിര്‍ണ്ണയിക്കുക, പശ്ചിമഘട്ടപരിസ്ഥിതിലോല പ്രശ്നമുള്‍പ്പെടെ വിവിധ ഭൂപ്രശ്നങ്ങള്‍ക്ക് അടിയന്തര നിയമനിര്‍മ്മാണവും നടപടികളുമുണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് കര്‍ഷകരക്ഷാ മുന്നേറ്റം.

കേരളത്തിലെ വിവിധ കര്‍ഷകസംഘടനകള്‍ക്കുപുറമെ മഹാരാഷ്ട്ര, കര്‍ണ്ണാടക, ആന്ധ്ര, തമിഴ്നാട് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെയും കര്‍ഷകസംഘടനാ നേതാക്കള്‍ പങ്കെടുക്കും. അതിജീവന പോരാട്ടത്തില്‍ അണിചേരൂ എന്നതാണ് കര്‍ഷകരക്ഷാ മുന്നേറ്റത്തിന്‍റെ മുദ്രാവാക്യം. കേരള ഫാര്‍മേഴ്സ് ഫെഡറേഷന്‍ ചെയര്‍മാന്‍ ജോര്‍ജ് ജെ. മാത്യുവിന്‍റെ ആദ്ധ്യക്ഷ്യത്തില്‍ കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന സമിതി കര്‍ഷക കണ്‍വന്‍ഷന്‍റെ രൂപരേഖ തയ്യാറാക്കി. ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍, കേരള ഫാര്‍മേഴ്സ് ഫെഡറേഷന്‍ ഭാരവാഹികളായ വി.വി.അഗസ്റ്റിന്‍, കെ.സി.ഡോമിനിക്, ജോണി മാത്യു, ജോഷി ജോസഫ്, ജോസഫ് മൈക്കിള്‍, ടോണി കുരുവിള എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org