ഈശോസഭാ വൈദികനെ പൊലീസ് പീഡിപ്പിക്കുന്നതില്‍ പ്രതിഷേധം

ഈശോസഭാ വൈദികനെ പൊലീസ് പീഡിപ്പിക്കുന്നതില്‍ പ്രതിഷേധം

ജാര്‍ഘണ്ടിലെ ഈശോസഭാ വൈദികന്‍ ഫാ. സ്റ്റാന്‍ സാമിയെ അന്വേഷണത്തിന്‍റെ പേരില്‍ പൊലീസ് നിരന്തരം പീഡിപ്പിക്കുന്നതില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഭീകരപ്രവര്‍ത്തനത്തിലും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നു എന്നാരോപിച്ച് 83 കാരനായ ഫാ. സ്റ്റാനിനെ കഴിഞ്ഞ വര്‍ഷം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹത്തിനു പുറമെ മനുഷ്യാവകാശ പ്രവര്‍ത്തകരായ ഏതാനും പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ഫാ. സ്റ്റാനിനെ പിന്നീടു വിട്ടയച്ചു.

എന്നാല്‍ അതിനുശേഷവും ഫാ. സ്റ്റാനിനെ പൊലീസ് നിരന്തരം ശല്യപ്പെടുത്തുകയാണെന്ന് ജാര്‍ഘണ്ടിലെ മനുഷ്യാവകാശ സംഘടനയായ 'ജനതികര്‍ മഹാസഭ' ആരോപിച്ചു. പലപ്പോഴായി അദ്ദേഹത്തെ ചോദ്യം ചെയ്തും അന്വേഷണം നടത്തിയും ബുദ്ധിമുട്ടിക്കുകയാണ്. നീതിക്കു വേണ്ടി പോരാടുന്നവരെ അമര്‍ച്ച ചെയ്യാനുള്ള സര്‍ക്കാരിന്‍റെ നിരന്തരമായ പരിശ്രമമാണ് ഇതിനു പിന്നിലെന്ന് സംഘടന കുറ്റപ്പെടുത്തി. ഏറ്റവുമൊടുവില്‍ ജൂണ്‍ 12 ന് ഫാ. സ്റ്റാനിനെ മഹാരാഷ്ട്ര പൊലീസ് ചോദ്യം ചെയ്യുകയുണ്ടായി. മൂന്നര മണിക്കൂറോളം ചോദ്യം ചെയ്തതിനുശേഷം അദ്ദേഹത്തിന്‍റെ കമ്പ്യൂട്ടറും ഹാര്‍ഡ് ഡിസ്ക്കും മറ്റും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

വര്‍ഷങ്ങളായി ജാര്‍ഘണ്ടിലെ ആദിവാസികളുടെയും മറ്റു പിന്നോക്ക വിഭാഗക്കാരുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുകയാണ് ഫാ. സ്റ്റാന്‍. പ്രകൃതി ചൂഷണത്തിനും ആദിവാസികളുടെ ഭൂമിയൊഴിപ്പിക്കലിനുമെതിരെ ശബ്ദിക്കുന്ന അദ്ദേഹം സര്‍ക്കാരിന്‍റെ വിമര്‍ശകനും അതുകൊണ്ടുതന്നെ നോട്ടപ്പുള്ളിയുമാണ്. വനഭൂമി സംരക്ഷണത്തിനും ആദിവാസി പരിരക്ഷയ്ക്കും വേണ്ടി നിരന്തരം പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ള വ്യക്തിയുമാണ് ഫാ. സ്റ്റാന്‍ സാമി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org