ഫാത്തിമ ജൂബിലി ആഘോഷം കേരളസഭയില്‍

കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ തീരുമാനപ്രകാരം കരിസ്മാറ്റിക് കമ്മീഷന്‍റെ നേതൃത്വത്തില്‍ വിവിധ മരിയന്‍ മൂവ്മെന്‍റുകളുടെ സഹകരണത്തോടെ ഫാത്തിമായിലെ പരിശുദ്ധ അമ്മയുടെ പ്രത്യക്ഷപ്പെടലിന്‍റെ ശതാബ്ദി ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂത്തിയാകുന്നു. ജൂബിലി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി കരിസ്മാറ്റിക് കമ്മീഷന്‍ ചെയര്‍മാന്‍ സാമുവല്‍ മാര്‍ ഐറേനിയൂസ് പിതാവ് രക്ഷാധികാരിയായും കരിസ്മാറ്റിക് കമ്മീഷന്‍ സെക്രട്ടറിയും കെ.സി.സി.ആര്‍.എസ്.ടി. ചെയര്‍മാനുമായ ഫാ.വര്‍ഗീസ് മുണ്ടക്കല്‍ കപ്പൂച്ചിന്‍ ചെയര്‍മാനായും ഒരു സമിതി കരിസ്മാറ്റിക് കമ്മീഷന്‍റെ കേന്ദ്രകാര്യാലയമായ കളമശ്ശേരി എമ്മാവൂസില്‍ ചേര്‍ന്ന ആലോചനായോഗത്തില്‍ നിലവില്‍ വന്നു. സമിതി അംഗങ്ങളായി ഫാ.ജോസ് പാലാട്ടി സി.എം.ഐ., ഫാ. ജോസ് പുതിയേടത്ത്, ഫാ.ഷൈന്‍ ആന്‍റണി, ഫാ. ആന്‍ഡ്രൂസ് ഒ.സി.ഡി., ഫാ. ഷിബു ഒ.സി.ഡി., ബ്ര. അഭിലാഷ്, ടി. ദേവപ്രസാദ്, എം.എ. ജോപ്പന്‍, മാര്‍ട്ടിന്‍ ന്യൂനസ്, ജോയി വഞ്ചിപ്പുര, സാബു ജോസ്, ജോര്‍ജ് കുമ്പിളിമൂട്ടില്‍, ഷിജു ചെമ്മരപ്പള്ളി എന്നിവരെയും തെരഞ്ഞെടുത്തു.
ആഘോഷത്തോടനുബന്ധിച്ച് ഏപ്രില്‍ 23 ന് എല്ലാ മരിയന്‍ മിനിസ്ട്രികളുടെയും പങ്കാളിത്തത്തോടെ കളമശ്ശേരി എമ്മാവൂസില്‍ വെച്ച് ഒരുക്കധ്യാനം നടത്തും. മേയ് 13-ാം തീയതി ഫാത്തിമായിലെ ആദ്യ പ്രത്യക്ഷപ്പെടലിന്‍റെ ആഘോഷങ്ങളും സംഘടിപ്പിക്കും. ആ ഗസ്റ്റ് 12 മുതല്‍ 15 വരെ ഇരിങ്ങാലക്കുട ആളൂരില്‍ നടക്കുന്ന കരിസ്മാറ്റിക് ജൂബിലിവര്‍ഷ അഖില ലോക മലയാളി സംഗമവേദിയില്‍ ഫാത്തിമാ മാതാവിന്‍റെ തിരുസ്വരൂപം പ്രതിഷ്ഠിക്കുന്നതും കണ്‍വെന്‍ഷന്‍ സമാപനത്തോടെ തിരുസ്വരൂപ പ്രയാണത്തിന് തുടക്കം കുറിക്കുന്നതുമാണ്. കേരളത്തിലെ 31 കത്തോലിക്ക രൂപതകളിലെയും പ്രത്യേകം തിരഞ്ഞെടുക്കുന്ന സെന്‍ററുകളില്‍ തിരുസ്വരൂപം ആഘോഷമായി എത്തിക്കുന്നതും ഒക്ടോബര്‍ അവസാനത്തോടെ പ്രയാണം പൂര്‍ത്തിയാകുന്നതുമാണ്. തുടര്‍ന്ന് നടക്കുന്ന മരിയന്‍ കോണ്‍ഫെറന്‍സോടെ ജൂബിലി ആഘോഷങ്ങള്‍ സമാപിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org