ഫാത്തിമായിലെ മൂന്നാം രഹസ്യത്തിന്‍റെ സന്ദേശം സമകാലിക പ്രസക്തിയുള്ളത് -കാര്‍ഡിനല്‍ ബെര്‍ത്തോണെ

ഫാത്തിമായിലെ മൂന്നാം രഹസ്യത്തിന്‍റെ സന്ദേശം സമകാലിക പ്രസക്തിയുള്ളത് -കാര്‍ഡിനല്‍ ബെര്‍ത്തോണെ

ഫാത്തിമായിലെ മൂന്നാം രഹസ്യം കഴിഞ്ഞു പോയ സംഭവങ്ങളെക്കുറിച്ചുള്ളതാണെങ്കിലും അതു നല്‍കുന്ന മാനസാന്തരത്തിന്‍റെ സന്ദേശം എന്നും പ്രസക്തിയുള്ളതും സമകാലികവുമാണെന്ന് വത്തിക്കാന്‍ മുന്‍ സ്റ്റേറ്റ് സെക്രട്ടറി കാര്‍ഡിനല്‍ താര്‍സീസ്യോ ബെര്‍ത്തോണെ പ്രസ്താവിച്ചു. 2000-ാമാണ്ടില്‍ സഭ ഈ രഹസ്യം വെളിപ്പെടുത്തുമ്പോള്‍ അതിനു നേതൃത്വം നല്‍കിയ വ്യക്തിയാണ് കാര്‍ഡിനല്‍ ബെര്‍ത്തോണെ. ഫാത്തിമായില്‍ ദര്‍ശനം ലഭിച്ചവരില്‍ ജീവിച്ചിരുന്ന സിസ്റ്റര്‍ ലൂസിയായുമായി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ നിര്‍ദേശപ്രകാരം മൂന്നു തവണ കൂടിക്കാഴ്ച നടത്തിയതും കാര്‍ഡിനല്‍ ബെര്‍ത്തോണെയായിരുന്നു. ഫാത്തിമാ ദര്‍ശനങ്ങളുടെ ശതാബ്ദി ഈ വര്‍ഷം ലോകമെങ്ങും ആഘോഷിച്ചുവരികയാണ്. ഇതിനോടു ബന്ധപ്പെട്ടാണ് വിവിധ വാര്‍ത്താമാധ്യമങ്ങള്‍ കാര്‍ഡിനല്‍ ബെര്‍ത്തോണെയുടെ അഭിമുഖം പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ മേയ് മാസത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഫാത്തിമാ സന്ദര്‍ശിക്കുകയും മാതാവിന്‍റെ ദര്‍ശനം ലഭിച്ച ഫ്രാന്‍സിസ്കോ, ജെസീന്ത എന്നീ കുട്ടികളെ വിശുദ്ധരായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഫാത്തിമായിലെ ഒന്നാം രഹസ്യം നരകദര്‍ശനവും രണ്ടാം രഹസ്യം രണ്ടാം ലോകമഹായുദ്ധത്തെ കുറിച്ചുള്ള പ്രവചനവും ആയിരുന്നുവെന്ന് നേരത്തെ വ്യക്തമാക്കപ്പെട്ടിരുന്നു. എന്നാല്‍ മൂന്നാം രഹസ്യം സിസ്റ്റര്‍ ലൂസിയ വെളിപ്പെടുത്തിയില്ല. അവര്‍ ഇതു സംബന്ധി ച്ചു മാര്‍പാപ്പയ്ക്കു കത്തു നല്‍കി. രണ്ടായിരാമാണ്ടു വരെ അതു വെളിപ്പെടുത്തേണ്ടതില്ലെന്നു തീരുമാനിച്ച സഭ, മഹാജൂബിലി വര്‍ഷത്തില്‍ അതിന്‍റെ ഉള്ളടക്കം പുറത്തു വിട്ടു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും സഭയും നേരിട്ട സഹനങ്ങളായിരുന്നു മൂന്നാം രഹസ്യത്തില്‍ വിവരിച്ചിരുന്നത്.

ദൈവമാതാവ് മനുഷ്യവംശത്തെ ഉപേക്ഷിച്ചിട്ടില്ലെന്ന പ്രത്യാശാഭരിതമായ സന്ദേശമാണ് ഫാത്തിമായിലെ ദര്‍ശനങ്ങള്‍ നല്‍കുന്നതെന്നു കാര്‍ഡിനല്‍ ബെര്‍ത്തോണെ അഭിപ്രായപ്പെട്ടു. മാതാവ് ഇവിടെ സന്നിഹിതയാണ്. മനുഷ്യവംശത്തിന് അവള്‍ കാവല്‍ നില്‍ക്കുന്നു. ദൈവത്തിന്‍റെ കരുണയുടെ വക്താവും രക്ഷയുടെ മദ്ധ്യസ്ഥയുമാണ് മാതാവ് – കാര്‍ഡിനല്‍ ബെര്‍ത്തോണെ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org