Latest News
|^| Home -> National -> പോര്‍ച്ചുഗലില്‍ നിന്നെത്തിയ ഫാത്തിമാ തിരുസ്വരൂപത്തിനു മെത്രാന്മാരുടെ സ്വീകരണം

പോര്‍ച്ചുഗലില്‍ നിന്നെത്തിയ ഫാത്തിമാ തിരുസ്വരൂപത്തിനു മെത്രാന്മാരുടെ സ്വീകരണം

Sathyadeepam

പോര്‍ച്ചുഗലില്‍ ഫാത്തിമയില്‍ പരിശുദ്ധ മാതാവിന്‍റെ പ്രത്യക്ഷീകരണത്തിന്‍റെ നൂറാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി എത്തിയ തിരുസ്വരൂപം, കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ കേരളത്തിലെ കത്തോലിക്കാ മെത്രാന്‍മാര്‍ സ്വീകരിച്ചു. മൗണ്ട് സെന്‍റ് തോമസില്‍ നടന്നുവന്ന മെത്രാന്മാരുടെ വാര്‍ഷിക ധ്യാനത്തിന്‍റെ സമാപന വേളയിലാണ് പോര്‍ച്ചുഗലില്‍നിന്നും ഫാത്തിമ സെന്‍റിനറി സെലിബ്രേഷന്‍ കമ്മറ്റിയുടെ (എഫ്.സി.സി.സി.) നേതൃത്വത്തില്‍ വിമാനമാര്‍ഗം കൊണ്ടുവന്ന തിരുസ്വരൂപം എത്തിച്ചേര്‍ന്നത്. മാതൃ സ്തുതികളുടെയും പ്രാര്‍ത്ഥനകളുടെയും അകമ്പടിയില്‍ ദേവാലയത്തിലേക്ക് തിരുസ്വരൂപം ആനയിച്ചു.

കേരളത്തിലെ മെത്രാപ്പോലീത്തമാരുടെയും മെത്രാന്മാരുടെയും സാന്നിധ്യത്തില്‍ കെ.സി.ബി. സി. പ്രസിഡന്‍റ് ആര്‍ച്ച്ബിഷപ് ഡോ. എം. സൂസൈപാക്യം തിരുസ്വരൂപം വെഞ്ചെരിച്ചു. എല്ലാ മെത്രാന്മാരും മാതാവിന്‍റെ തിരുസ്വരൂപത്തിനു മുമ്പില്‍ പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചു. സമൂഹത്തില്‍ സമാധാനവും പരസ്നേഹ മനോഭാവവും കുടുംബങ്ങളില്‍ വിശ്വാസചൈതന്യവും വളര്‍ത്താന്‍ ഫാത്തിമ സന്ദേശയാത്രാ പ്രയാണം വഴി സാധിക്കട്ടെയെന്ന് ആര്‍ച്ച്ബിഷപ് സൂസൈപാക്യം പ്രതീക്ഷ പ്രകടിപ്പിച്ചു.

1917 മേയ് 13-നാണ് ഫാത്തിമയില്‍ കോവദ ഈറിയ എന്ന സ്ഥലത്ത് ആടുമേയിച്ചിരുന്ന ലൂസി, ജസീന്താ ഫ്രാന്‍സിസ് എന്നീ കുട്ടികള്‍ക്ക് ആറുതവണ പ്രത്യക്ഷപ്പെട്ട് മാതാവ് സ്വര്‍ഗീയ സന്ദേശം നല്‍കിയതിന്‍റെ ശതാബ്ദിയാഘോഷം കത്തോലിക്കാ സഭയില്‍ ലോകമെങ്ങും നടക്കുകയാണ്. കേരളത്തില്‍ കെ.സി.ബി.സി. കരിസ്മാറ്റിക് കമ്മീഷന്‍റെ നേതൃത്വത്തിലാണ് ആഘോഷങ്ങള്‍ നടക്കുന്നത്.

ആഗസ്റ്റ് 15-ാം തീയതി ആരംഭിച്ച ഫാത്തിമ സന്ദേശയാത്ര ഒക്ടോബര്‍ 28-ന് വല്ലാര്‍പാടം ബസിലിക്കയില്‍ സമാപിക്കും. തുടര്‍ച്ചയായി 76 ദിവസങ്ങളില്‍ കേരളത്തിലെ മൂന്നു റീത്തുകളിലെ അറുനൂറോളം കത്തോലിക്കാ പള്ളികളില്‍ ഫാത്തിമ സന്ദേശയാത്രാ ടീം തിരുസ്വരൂപവുമായി എത്തിച്ചേരും. കേരളത്തിലെ 31 രൂപതകളിലെ 24 സോണുകളില്‍ രൂപീകരിച്ച ഫാത്തിമ സെന്‍റിനറി സെലിബ്രേഷന്‍ കമ്മിറ്റിയാണ് ക്രമീകരണങ്ങള്‍ ചെയ്യുന്നത്. ഓരോ ദിവസവും 6 മുതല്‍ 12 വരെ ഇടവക പള്ളികള്‍ സന്ദര്‍ശിക്കും.

Leave a Comment

*
*