താമരശ്ശേരി രൂപത മുന്‍ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി അന്തരിച്ചു

താമരശ്ശേരി രൂപത മുന്‍ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി അന്തരിച്ചു

കോഴിക്കോട്: താമരശ്ശേരി രൂപത മുന്‍ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി (87)അന്തരിച്ചു. ഹൃദയാഘത്തെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഞായറാഴ്ച രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിച്ചത്.
13 വര്‍ഷത്തോളം താമരശ്ശേരി രൂപതയുടെ അധ്യക്ഷനായിരുന്നു. 2010-ല്‍ സ്ഥാനം ഒഴിഞ്ഞു. 10 വര്‍ഷമായി വിശ്രമ ജീവിതം നയിച്ചുവരുകയായിരുന്നു.
1997 ലാണ് അദ്ദേഹം താമരശ്ശേരി രൂപതയുടെ ബിഷപ്പായി ചുമതലയേല്ക്കുന്നത്. താമരശ്ശേരി രൂപതയുടെ വിദ്യാഭ്യാസരംഗത്തും സാമൂഹ്യരംഗത്തും വലിയ സംഭാവന നല്കിയ വ്യക്തിയായിരുന്നു മാര്‍ പോള്‍ ചിറ്റിലപ്പിള്ളി.
തൃശൂര്‍ അതിരൂപതയില്‍ മറ്റം ഇടവകയില്‍ ചിറ്റിലപ്പിള്ളി ചുമ്മാര്‍-കുഞ്ഞായി ദമ്പതിമാരുടെ എട്ട് മക്കളില്‍ ആറാമനായി 1934 ഫെബ്രുവരി 7 നായിരുന്നു മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ ജനനം. 1951 ല്‍ മറ്റം സെന്റ് ഫ്രാന്‍സീസ് ഹൈസ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി പാസ്സായി. തേവര എസ്.എച്ച്. കോളേജില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് പാസ്സായ ശേഷം 1953 ല്‍ സെമിനാരിയില്‍ ചേര്‍ന്നു.1958 ല്‍ മംഗലപ്പുഴ മേജര്‍ സെമിനാരിയിലെ പഠനത്തിനു ശേഷം തിയോളജി പഠനത്തിനായി റോമിലെ ഉര്‍ബന്‍ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു.

1961 ഒക്ടോബര്‍ 18ന് മാര്‍ മാത്യു കാവുകാട്ടില്‍ നിന്നു റോമില്‍ വച്ച് പൗരഹിത്യം സ്വീകരിച്ചു. തുടര്‍ന്ന് റോമിലെ ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടി. 1966 ല്‍ തിരിച്ചെത്തി ആളൂര്‍, വെള്ളാച്ചിറ എന്നീ ഇടവകകളില്‍ അസി.വികാരിയായി. 1967-1971 കാലത്ത് വടവാതൂര്‍ മേജര്‍ സെമിനാരിയില്‍ പ്രൊഫസറായി സേവനമനുഷ്ഠിച്ചു. 1971 ല്‍ കുണ്ടുകുളം പിതാവിന്റെ ചാന്‍സലറായി നിയമിക്കപ്പെട്ടു. 1978 മുതല്‍ 88 വരെ തൃശൂര്‍ അതിരൂപതയുടെ വികാരി ജനറാള്‍ ആയിരുന്നു. 1988 ല്‍ സീറോ-മലബാര്‍ വിശ്വാസികള്‍ക്കുവേണ്ടി കല്യാണ്‍ രൂപത സ്ഥാപിതമായപ്പോള്‍ ആ രൂപതയുടെ പ്രഥമ മെത്രാനായി നിയോഗിക്കപ്പെട്ടു. 10 വര്‍ഷത്തോളം അവിടെ ശുശ്രൂഷ ചെയ്തു. പിന്നീടാണ് താമരശ്ശേരി രൂപതയുടെ ബിഷപ്പായി സ്ഥാനമേറ്റത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org