ആദ്യത്തെ ആഫ്രോ-അമേരിക്കന്‍ വൈദികന്‍ വിശുദ്ധപദവിയിലേയ്ക്ക്

ആദ്യത്തെ ആഫ്രോ-അമേരിക്കന്‍ വൈദികന്‍ വിശുദ്ധപദവിയിലേയ്ക്ക്

ആഫ്രിക്കന്‍-അമേരിക്കന്‍ വംശജരില്‍നിന്ന് അമേരിക്കയില്‍ ആദ്യമായി വൈദികനായ ഫാ. അഗസ്റ്റസ് ടോള്‍ടണ്‍ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെടാന്‍ സാദ്ധ്യത. ദൈവദാസനായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ഫാ. ടോള്‍ടണിന്‍റെ മാദ്ധ്യസ്ഥ്യത്തില്‍ നടന്ന ഒരു അത്ഭുതരോഗശാന്തി വത്തിക്കാന്‍ ഔദ്യോഗികമായി അംഗീകരിച്ചു. അമേരിക്കയുടെ ചരിത്രത്തിലെ സംഘര്‍ഷഭരിതമായ വംശീയ സംഘര്‍ഷങ്ങളുടെ കാലഘട്ടത്തില്‍ വൈദികനായ ഫാ. ടോള്‍ടണു കറുത്തവരേയും വെളുത്തവരേയും തന്‍റെ പള്ളിയിലേയ്ക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ കറുത്ത വര്‍ഗക്കാരനെന്ന വിവേചനവും പ്രതിസന്ധികളും അദ്ദേഹം നിരന്തരമായി നേരിടുകയും ചെയ്തു.

അമേരിക്കയിലെ കറുത്ത വര്‍ഗക്കാരായ ക്രൈസ്തവരുടെ ചരിത്രത്തില്‍ നിര്‍ണായകമായ ഒരു നാഴികക്കല്ലായിരിക്കും ഫാ. ടോള്‍ടണിന്‍റെ അള്‍ത്താരയിലേയ്ക്കുള്ള ആരോഹണമെന്ന് സഭാനിരീക്ഷകര്‍ കരുതുന്നു. അടിമത്തത്തില്‍ നിന്നു രക്ഷപ്പെടാന്‍ ജന്മഗ്രാമത്തില്‍ നിന്നു പലായനം ചെയ്തവരാണ് ഫാ.ടോള്‍ടണും കുടുംബവും. ചെന്നെത്തിയ സ്ഥലത്തെ കത്തോലിക്കാ പുരോഹിതന്‍ ഇവരെ സഹായിക്കുകയും ടോള്‍ടണിനും സഹോദരങ്ങള്‍ക്കും കത്തോലിക്കാ സ്കൂളില്‍ പ്രവേശനം നല്‍കുകയും ചെയ്തു. അള്‍ത്താരബാലനായി മാറിയ ടോള്‍ടണ്‍ തുടര്‍ന്നു സെമിനാരിയില്‍ ചേരാന്‍ തീരുമാനിച്ചു. പക്ഷേ കറുത്ത വര്‍ഗക്കാരനായതുകൊണ്ടു തന്നെ അമേരിക്കയിലെ സെമിനാരികളിലൊന്നും അദ്ദേഹത്തെ പ്രവേശിപ്പിച്ചില്ല. അതിനാല്‍ അദ്ദേഹം റോമിലേയ്ക്കു പോകുകയും അവിടെ പുരോഹിതപഠനം നടത്തുകയും ചെയ്തു. പട്ടം സ്വീകരി ച്ച ശേഷമാണ് അദ്ദേഹം അമേരിക്കയിലേയ്ക്കു മടങ്ങിയത്. പുരോഹിതനായി അമേരിക്കയില്‍ മടങ്ങിയെത്തിയ ടോള്‍ടണ് വീരോചിതമായ സ്വീകരണമാണ് ജനങ്ങള്‍ നല്‍കിയത്. പൗരോഹിത്യവേഷത്തില്‍ വരുന്ന നീഗ്രോ യുവാവിനെ കാണാന്‍ പതിനായിരകണക്കിനു ജനങ്ങള്‍ തെരുവുകളില്‍ തടിച്ചുകൂടി. അദ്ദേഹത്തില്‍ നിന്നു വി. കുര്‍ബാന സ്വീകരിക്കാന്‍ നൂറുകണക്കിനാളുകള്‍ മണിക്കൂറുകളോളം വരി നിന്നു. അവരില്‍ വെള്ളക്കാരുമുണ്ടായിരുന്നു. ചിക്കാഗോയില്‍ കറുത്ത വര്‍ഗക്കാര്‍ക്കുള്ള ഒരിടവക അദ്ദേഹം ആരംഭിച്ചു. അവിടെ സേവനം ചെയ്യുമ്പോള്‍ 1897-ല്‍ തന്‍റെ 43-ാം വയസ്സില്‍ സൂര്യാഘാതം മൂലം അദ്ദേഹം മരണമടയുകയായിരുന്നു. 2010-ലാണ് അദ്ദേഹത്തിന്‍റെ നാമകരണത്തിനുള്ള നടപടികള്‍ ആരംഭിച്ചത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org