നിക്കരാഗ്വയിലെ അറിയപ്പെടുന്ന കവിയും മുന്‍ സാംസ്കാരിക വകുപ്പു മന്ത്രിയുമായ ഫാ. ഏണെസ്റ്റോ കാര്ദെനാലിനെ പൗരോഹിത്യവൃത്തിയില്‍ നിന്നു സസ്പെന്‍ഡ് ചെയ്തിരുന്നത് ഫ്രാന്‍സിസ് മാര്‍പാപ്പ പിന്‍വലിച്ചു. ഡാനിയല്‍ ഒര്‍ട്ടേഗായുടെ രാഷ്ട്രീയപാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുകയും മന്ത്രിസഭയില്‍ മന്ത്രിയാകുകയും ചെയ്തതിനെ തുടര്‍ന്ന് 1984-ലാണ് ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ അദ്ദേഹത്തെ പൗരോഹിത്യവൃത്തിയില്നിന്നു വിലക്കിയത്. 1994-ല്‍ ഒര്‍ട്ടേഗായുടെ സ്വേച്ഛാധിപത്യപ്രവണതകളില്‍ പ്രതിഷേധിച്ച് അദ്ദേഹം പാര്‍ട്ടി വിട്ടിരുന്നു.
94 കാരനായ ഫാ. ഏണെസ്റ്റോ തനിക്കെതിരെയുണ്ടായ അച്ചടക്കനടപടി സ്വീകരിക്കുകയും കഴിഞ്ഞ 35 വര്‍ഷമായി പുരോഹിതവൃത്തിയില്‍ നിന്നു പൂര്‍ണമായി വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. ഏതാനും ആഴ്ചകളായി രോഗബാധിതനായി കഴിയുന്ന അദ്ദേഹത്തെ ആശുപത്രിയില്‍ ചെന്നു കണ്ട് നിക്കരാഗ്വയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ് വാല്ദിമീര് സോമെര്ടാഗ് മാര്‍പാപ്പയുടെ നടപടി അറിയിക്കുകയും ഒപ്പം ചേര്‍ന്ന് ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു. 1984-നു ശേഷം ഫാ. ഏണെസ്റ്റോ ആദ്യമായി അര്‍പ്പിച്ച ദിവ്യബലിയായിരുന്നു അത്. രോഗബാധിതനായതിനെ തുടര്‍ന്നു തന്നെ സന്ദര്‍ശിക്കാനെത്തിയ വത്തിക്കാന്‍ നുണ്‍ഷ്യോയോട് ഫാ. ഏണെസ്റ്റോ തനിക്കു വീണ്ടും പുരോഹിതശുശ്രൂഷ ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് നുണ്‍ഷ്യോയുടെ ഇടപെടലിനെ തുടര്‍ന്നാണ് മാര്‍പാപ്പ സസ്പെന്ഷന് പിന്‍വലിച്ചത്. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കും നുണ്‍ഷ്യോയ്ക്കും ഫാ. ഏണെസ്റ്റോ നന്ദി പറഞ്ഞു.