സിറിയയില്‍ വൈദികനെ തട്ടിക്കൊണ്ടുപോയിട്ട് 6 വര്‍ഷം

സിറിയയില്‍ വൈദികനെ തട്ടിക്കൊണ്ടുപോയിട്ട് 6 വര്‍ഷം

ഇറ്റലിയില്‍ നിന്നുള്ള ഈശോസഭാവൈദികനായ ഫാ. പൗലോ ദാല്‍ ഒഗ്ലിയോയെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയിട്ട് ആറു വര്‍ഷം തികഞ്ഞു. ഇതുവരേയും അദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരങ്ങളും തങ്ങള്‍ക്കു ലഭ്യമായിട്ടില്ലെന്ന് അദ്ദേഹത്തിന്‍റെ സഹോദരങ്ങളും സുഹൃത്തുക്കളും റോമില്‍ നടത്തിയ മാധ്യമസമ്മേളനത്തില്‍ പറഞ്ഞു. ഈ പ്രശ്നത്തിനു പരിഹാരമുണ്ടാക്കണമെന്ന് അവര്‍ അന്താരാഷ്ട്രസമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. സിറിയയിലെ റാഖായില്‍ വച്ചാണ് തീവ്രവാദികള്‍ ഫാ. പൗലോയെ തട്ടിക്കൊണ്ടു പോയത്. അവിടെയുളള മാര്‍ മൂസ ആശ്രമത്തിന്‍റെ സ്ഥാപകനാണ് ഫാ. പൗലോ. അദ്ദേഹത്തിന്‍റെ സ്വകാര്യവസ്തുക്കള്‍ സിറിയയില്‍ നിന്ന് ഇറ്റലിയിലെ കുടുംബത്തിനെത്തിക്കാന്‍ തന്നെ ഭരണകൂടം 5 വര്‍ഷമെടുത്തുവെന്നും അതിനാല്‍ ആ ഭരണകൂടത്തില്‍ തങ്ങള്‍ക്കു വിശ്വാസമില്ലാത്ത സ്ഥിതിയാണെന്നും ബന്ധുക്കള്‍ പറഞ്ഞു. അദ്ദേഹം ജീവിച്ചിരിക്കുന്നുവെന്നും മരിച്ചുവെന്നുമുള്ള പരസ്പരവിരുദ്ധമായ വിവരങ്ങളാണ് മധ്യപൂര്‍വദേശത്തു നിന്നു തങ്ങള്‍ക്കു ലഭിക്കുന്നതെന്നും അവര്‍ പറഞ്ഞു.

സിറിയയില്‍ തട്ടിയെടുക്കപ്പെട്ട അഞ്ചു ക്രിസ്ത്യന്‍ സന്യസ്തരെ കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അമേരിക്കന്‍ ഭരണകൂടം 50 ലക്ഷം ഡോളര്‍ സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്. ഫാ. പൗലോ ആണ് അവരിലൊരാള്‍. ഗ്രീക് ഓര്‍ത്തഡോക്സ് ഫാ. മാഹെര്‍ മഹ്ഫൂസ്, സിറിയന്‍ ഓര്‍ത്തഡോക്സ് ആര്‍ച്ചുബിഷപ് ഗ്രിഗോറിയോസ് ഇബ്രാഹിം, ഗ്രീക് ഓര്‍ത്തഡോക്സ് ആര്‍ച്ചുബിഷപ് ബുലോസ് യസീഗി, അര്‍മീനിയന്‍ കാത്തലിക് ഫാ.മൈക്കള്‍ കയ്യാല്‍ എന്നിവരാണു മറ്റുള്ളവര്‍. എന്തെങ്കിലും നടന്നേക്കാമെന്ന ചെറിയൊരു പ്രത്യാശ തങ്ങള്‍ക്കു നല്‍കിയ ഒരു നീക്കമാണ് ഇതെന്ന് ഇവരുടെ ബന്ധുക്കള്‍ പറയുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org