ഫാ. പോള്‍ തേലക്കാട്ട്: സമൂഹനന്മയ്ക്കായി കഴിവുകള്‍ വിനിയോഗിച്ച പുരോഹിതന്‍ – മാര്‍ മനത്തോടത്ത്

ഫാ. പോള്‍ തേലക്കാട്ട്: സമൂഹനന്മയ്ക്കായി കഴിവുകള്‍ വിനിയോഗിച്ച പുരോഹിതന്‍ – മാര്‍ മനത്തോടത്ത്

കൊച്ചി: തന്‍റെ കഴിവുകള്‍ സഭയുടെയും സമൂഹത്തിന്‍റെയും നന്മയ്ക്കായി വിനിയോഗിച്ച വൈദികനാണു റവ. ഡോ. പോള്‍ തേലക്കാട്ട് എന്ന് എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് അഭിപ്രായപ്പെട്ടു. എറണാകുളം ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ഫാ. തേലക്കാട്ടിന്‍റെ സപ്തതി സമ്മേളനത്തില്‍ അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ആയിരിക്കുന്നതിനെ തിരുത്തുകയും ആകാമായിരുന്നതിനെ സ്വപ്നം കാണുകയും ആ സ്വപ്നം സാക്ഷാത്കരിക്കുന്നതിനുവേണ്ടി ത്യാഗങ്ങള്‍ സഹിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണു തേലക്കാട്ടച്ചന്‍റെ വീക്ഷണം. വിവിധ നിലകളില്‍ കേരളത്തിന്‍റെ മത-സാമൂഹിക-സാംസ്കാരിക രംഗങ്ങളില്‍ പ്രശോഭിച്ച വ്യക്തിയാണദ്ദേഹം – മാര്‍ മനത്തോടത്ത് പറഞ്ഞു. സാമൂഹിക-സാഹിത്യ-സാംസ്കാരിക രംഗത്തു പ്രവര്‍ത്തിക്കുമ്പോള്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരിക സ്വാഭാവികമാണെന്നും തനിക്കു നേരിടേണ്ടി വന്ന വിമര്‍ശ്നങ്ങളോടു തേലക്കാട്ടച്ചന്‍ ക്രിയാത്മകമായി പ്രതികരിച്ചുവെന്നും മാര്‍ മനത്തോടത്ത് സൂചിപ്പിച്ചു. വിമര്‍ശനങ്ങളെ അതിജീവിക്കാന്‍ ഫാ. തേലക്കാട്ടിന് കരുത്തു ലഭിച്ചത് അദ്ദേഹത്തിനു സത്യത്തോടുള്ള തുറവി ഉള്ളതിനാലാണെന്നും മാര്‍ മനത്തോടത്ത് പറഞ്ഞു.

മറ്റുള്ളവര്‍ സ്വതന്ത്രരാകണം എന്ന വിചാരമുള്ളിടത്താണ് ഒരുവന്‍റെ സ്വാതന്ത്ര്യ ബോധം പൂര്‍ണമാകുന്നതെന്നും സ്വതന്ത്രാത്മാവായി ജീവിച്ചു മാതൃകാലോകത്തി നായി സ്വപ്നം കാണുന്ന മനുഷ്യനാണു ഫാ. തേലക്കാട്ടെന്നും സമ്മേളനം ഉദ് ഘാടനം ചെയ്ത പ്രഫ. എം. കെ. സാനു പറഞ്ഞു. മലയാളഭാഷ സംസാരിക്കുന്നവര്‍ക്കിടയിലെല്ലാം ചൈതന്യ പൂര്‍ണമായ ആത്മസത്തയോടെ സ്വയം എരിഞ്ഞു കൊണ്ടിരിക്കുന്ന തിരിയാണ് തേലക്കാട്ടച്ചന്‍റെ എഴുത്തു ജീവിതം. ആ നിഷ്കളങ്കതയ്ക്കു സത്യത്തിന്‍റെ സാഹസികമായ ഉള്‍ക്കാഴ്ചയുണ്ട്. ഇരുട്ടിന്‍റെ പഠനങ്ങള്‍ക്കിടയില്‍ സൗമ്യമായ ദീപമാണ് ഫാ. തേലക്കാട്ടെന്നും പ്രഫ. എം.കെ. സാനു പറഞ്ഞു.

ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍, തിരക്കഥാകൃത്ത് ജോണ്‍ പോള്‍, കവയത്രി വിജയലക്ഷ്മി, റവ. ഡോ. കെ.എം. ജോര്‍ജ്, മാധ്യമപ്രവര്‍ത്തകന്‍ ജോണി ലൂക്കോസ്, ഇ.എന്‍. നന്ദകുമാര്‍, കരയോഗം വേണു, റവ. ഡോ. കുര്യാക്കോസ് മുണ്ടാടന്‍, സത്യദീപം ചീഫ് എഡിറ്റര്‍ ഫാ. മാത്യു കിലുക്കന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

സമ്മേളനത്തിനു മുന്നോടിയായി 'ക്രിസ്തുസത്യം സമകാലിക മലയാളത്തില്‍' എന്ന വിഷയത്തിലുള്ള സെമിനാറില്‍ പിഎസ്സി മുന്‍ ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ മോഡറേറ്ററായി. എഴുത്തുകാരായ പ്രഫ. എം.തോമസ് മാത്യു. കെ.എല്‍ മോഹനവര്‍മ, മ്യൂസ് മേരി എന്നിവര്‍ പ്രഭാഷണം നടത്തി. ഫാ. തേലക്കാട്ടിനെക്കുറിച്ചുള്ള ഡോക്യുമെന്‍ററിയുടെ പ്രദര്‍ശനവുമുണ്ടായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org