ഫാ. സ്റ്റാന്‍ സ്വാമിയെ ഉടന്‍ മോചിപ്പിക്കണം: കെ.സി.ബി.സി.

ഫാ. സ്റ്റാന്‍ സ്വാമിയെ ഉടന്‍ മോചിപ്പിക്കണം: കെ.സി.ബി.സി.

ഭീമ-കൊരേഗാവു സംഭവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചുകൊണ്ടു സ്റ്റാന്‍ സ്വാമി എന്ന ഈശോസഭാ വൈദികനെ ദേശീയ അന്വേഷണ ഏജന്‍സി അദ്‌ദേഹത്തിന്റെ വസതിയില്‍ നിന്ന് അര്‍ധരാത്രിയില്‍ അറസ്റ്റ് ചെയ്തു കൊണ്ടുപോയ സംഭവത്തില്‍ കേരള കത്തോലിക്കാ മെത്രാന്‍സമിതി അതിയായ ഉത്കണ്ഠ രേഖപ്പെടുത്തി. വയോധികനായ ഫാ. സ്റ്റാന്‍ സ്വാമിയെ ഉടനടി ജയില്‍ മോചിതനാക്കുകയും അദ്‌ദേഹത്തിന്റെ വസതിയിലേയ്ക്കു തിരികെ അയക്കുകയും ചെയ്യണമെന്നു കെ. സി. ബി. സി പ്രസിഡണ്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ചു ഫാ. സ്റ്റാന്‍ സ്വാമി ഏതാനും ദശകങ്ങളായി ആദിവാസി കളുടെയിടയില്‍ സജീവമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ആദിവാസികളുടെ അവകാശങ്ങള്‍, പ്രത്യേകിച്ചു ഭൂസ്വത്തിന്റെമേലുള്ള അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളന്നതിനും അദ്‌ദേഹം തന്റെ ഇടപെടലുകളിലൂടെ അവരെ ശക്തിപ്പെടുത്തി. ഈ വിധത്തിലുള്ള അദ്‌ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവിടെയുള്ള ചില വ്യക്തികളുടെ സ്ഥാപിതതാല്‍പ്പര്യങ്ങള്‍ക്കെതിരായിരുന്നു. ഇത്തരക്കാരുടെ ഗൂഢലോചനയാണു ഫാ. സ്റ്റാന്‍ സ്വാമിയുടെമേലുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്കു പിന്നിലുള്ളത്.
ദേശീയ അന്വേഷണ സമിതി കഴിഞ്ഞ ജൂലൈ ആഗസ്റ്റ് മാസങ്ങളിലായി അദ്‌ദേഹത്തെ അനേകം ദിവസങ്ങള്‍ ചോദ്യം ചെയ്തിരുന്നു. അപ്പോഴെല്ലാം അന്വേഷണവുമായി അദ്‌ദേഹം സഹകരിക്കുകയും വിശദമായ മൊഴി നല്‍കുകയും തന്റെ നിരപരാധിത്വം ഏറ്റുപറയുകയും ചെയ്തിരുന്നു. തുടര്‍ന്നും ഏത് അന്വേഷണവുമായി സഹകരിക്കുവാന്‍ തയ്യാറാണെന്നും അദ്‌ദേഹം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇതിനിടെയാണ് റാഞ്ചിയിലുള്ള വസതിയില്‍ നിന്ന് അദ്‌ദേഹത്തെ അറസ്റ്റ് ചെയ്തു മുംബൈയില്‍ എത്തിച്ചു റിമാന്‍ഡ് ചെയ്തു ജയിലിലടച്ചിരിക്കുന്നത്. ഈ കോവിഡുകാലത്തു പ്രായവും മറ്റു രോഗങ്ങളുമുള്ള ഈ വൈദികന് അല്‍പ്പംപോലും മാനുഷിക പരിഗണന നല്‍കാതെ സ്വീകരിച്ചിരിക്കുന്ന നടപടി തികച്ചും പ്രതിഷേധാര്‍ഹമാണ്.
പാവപ്പെട്ടവരുടെയും പ്രതികരണശേഷിയില്ലാത്തവരുടെയും പക്ഷം ചേര്‍ന്ന് അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ശൈലിയാണു കത്തോലിക്കാസഭയുടെതെന്നു സര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കാന്‍ കെ.സി.ബി.സി ആഗ്രഹിക്കുന്നു. ഫാ. സ്റ്റാന്‍ സ്വാമിയെപ്പോലെ ആത്മാര്‍ത്ഥതയും സമര്‍പ്പണബോധവും പ്രതിബദ്ധതയുമുള്ള അനേകായിരം വ്യക്തികളിലൂടെയാണു സഭ പാവപ്പെട്ടവര്‍ക്കും സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവര്‍ക്കും വേണ്ടി രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിന്റെ നിയമങ്ങള്‍ അനുസരിച്ചും രാജ്യതാല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുമുള്ള കത്തോലിക്കാസഭയുടെ പ്രവര്‍ത്തനങ്ങള്‍ ഏവരും അംഗീകരിക്കുന്നതുമാണ്. സര്‍ക്കാരുകളുമായി സഹകരിച്ചു പൊതുസമൂഹത്തിന്റെ നന്മയ്ക്കും രാജ്യത്തിന്റെ പുരോഗതിയ്ക്കുമായി നിരന്തരം പ്രവര്‍ത്തിക്കുന്നവരാണു കത്തോലിക്കാസഭയിലെ മിഷണറിമാര്‍. അപ്രകാരമുള്ള പ്രവര്‍ത്തനങ്ങളിലാണു വര്‍ഷങ്ങളായി ഫാ. സ്റ്റാന്‍ സ്വാമിയും ഏര്‍പ്പെട്ടിരുന്നത്.
അതിനാല്‍ ദേശീയ അന്വേഷണ സമിതിയെപ്പോലെ ഉത്തരവാദിത്വപ്പെട്ട ഒരു ഏജന്‍സി ഇക്കാര്യങ്ങള്‍ കണക്കിലെടുത്തു ഫാ. സ്റ്റാന്‍ സ്വാമിയെ ഉടന്‍ ജയിലില്‍നിന്നു മോചിപ്പിക്കണമെന്നു കേരളകത്തോലിക്കാ മെത്രാന്‍ സമിതി അഭ്യര്‍ത്ഥിക്കുന്നു. രാജ്യത്തെ എല്ലാ വിഭാഗങ്ങളിലുംപെട്ട പൗരന്മാരുടെ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കപ്പെടാനും എല്ലാവരുടെയുമിടയില്‍ സമാധാനവും ഐക്യവും നിലനില്‍ക്കാനും ആവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നു കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്യുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org