ഫാ. ടോമിന്‍റെ മോചനത്തിനായി ഭരണാധികാരികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം: സ്വാമി ജ്ഞാനതപസ്വി

ഫാ. ടോമിന്‍റെ മോചനത്തിനായി ഭരണാധികാരികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം: സ്വാമി ജ്ഞാനതപസ്വി

കൊച്ചി: മനുഷ്യസ്നേഹിയും കാരുണ്യത്തിന്‍റെ പ്രതീകവുമായ ഫാ. ടോം ഉഴുന്നാലിന്‍റെ മോചനം ത്വരിതപ്പെടുത്താന്‍ സര്‍ക്കാരും സമൂഹവും ശക്തമായി പ്രതികരിക്കേണ്ട സമയം കഴിഞ്ഞുവെന്നു ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പറഞ്ഞു. കെസിബിസി പ്രൊ- ലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ കൊല്ലം ചിന്നക്കടയില്‍ ഫാ. ടോം ഉഴുന്നാലിന്‍റെ മോചനത്തിനായി നടത്തിയ സാമൂഹിക സാസ്കാരിക പൊതുയോഗം ദീപം തെളിച്ചു ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും പ്രതീകമായ ഫാ. ടോമിനെ കാരുണ്യപ്രവര്‍ത്തനത്തില്‍ നിന്നും തടയാന്‍ പ്രകൃതിക്കുപോലും കഴിയില്ല. അതുകൊണ്ടാണ് പ്രതികൂല സാഹചര്യങ്ങളിലും അദ്ദേഹം യെമനിലേക്കു സേവനത്തിനായി പോയത്.
യെമനില്‍ ബന്ധിയാക്കപ്പെട്ട മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിലിന്‍റെ മോചനശ്രമം നടത്തുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ നിഷ്ക്രിയത്വം കാട്ടുകയാണെന്നു കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍ മാടശേരി പറഞ്ഞു. ഇതു സംബന്ധിച്ചു കേന്ദ്ര സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കിയില്ലെങ്കില്‍ ഇപ്പോള്‍ തുടങ്ങിയ തെരുവോരസമരം വ്യാപകമാക്കും.
കൊല്ലം രൂപത എപ്പിസ്കോപ്പല്‍ വികാര്‍ റവ. ഡോ. ബൈജു ജുലിയാന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഞങ്ങളുടേത് വെല്ലുവിളിയുടെ ശബ്ദമല്ല മറിച്ചു യാചനയുടേതാണെന്ന് അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org