ഫാ. ടോമിന്‍റെ വീഡിയോ വീണ്ടും: അബുദാബി ബിഷപ്പിനും ഇന്ത്യന്‍ സര്‍ക്കാരിനും വിമര്‍ശനം

ഫാ. ടോമിന്‍റെ വീഡിയോ വീണ്ടും: അബുദാബി ബിഷപ്പിനും ഇന്ത്യന്‍ സര്‍ക്കാരിനും വിമര്‍ശനം

യെമനില്‍ ബന്ദിയാക്കപ്പെട്ട മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലില്‍ തന്‍റെ മോചനത്തിനായി അഭ്യര്‍ത്ഥിക്കുന്ന വീഡിയോ വീണ്ടും പുറത്തുവന്നത് അദ്ദേഹത്തിന്‍റെ സ്ഥിതിയെക്കുറിച്ച് വലിയ ആശങ്കയുണര്‍ത്തുന്നു. 2017 ഏപ്രില്‍ 15 എന്നെഴുതിയ കാര്‍ഡ് ധരിച്ച് വളരെ ക്ഷീണിതനായ വിധത്തിലാണ് അദ്ദേഹത്തെ വീഡിയോയില്‍ കാണുന്നത്. തന്‍റെ മോചനവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഗവണ്‍മെന്‍റിനെയും യുഎഇ യിലെ അബുദാബി കത്തോലിക്കാ മെത്രാനെയും പല തവണ ബന്ധപ്പെട്ടിരുന്നുവെന്നും അവരുടെ പ്ര തികരണം തന്നെ കാണിച്ചുവെന്നും ആ പ്രതികരണങ്ങള്‍ വളരെയേറെ ദയനീയമാണെന്നും ഫാ. ടോം വീഡിയോയില്‍ പറയുന്നുണ്ട്. ആരോഗ്യനില വളരെ വേഗത്തില്‍ മോശമാകുകയാണെന്നും എത്രയും വേഗം ആശുപത്രിയില്‍ പ്രവേശിപ്പിച്ചുള്ള ചികിത്സ തനിക്കാവശ്യമാണെന്നും അദ്ദേഹം അറിയിക്കുന്നു. തന്‍റെ മോചനത്തിനായി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യണമെന്ന് തന്‍റെ കുടുംബാംഗങ്ങളോട് അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നു.

കഴിഞ്ഞ മാര്‍ച്ചിലാണ് ഫാ. ടോമിനെ അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. മദര്‍ തെരേസായുടെ നാലു കന്യാസ്ത്രീകള്‍ ആ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ദുഃഖവെള്ളിയാഴ്ച അദ്ദേഹത്തെ കുരിശില്‍ തറച്ചു കൊന്നുവെന്ന വാര്‍ത്ത ആഗോളതലത്തില്‍ പരന്നെങ്കിലും അതു ശരിയല്ലെന്നു പിന്നീടു സ്ഥിരീകരിക്കപ്പെട്ടു. 2016 ഡിസംബര്‍ 26 നു ഫാ. ടോമിന്‍റെ ഒരു വീഡിയോ പുറത്തു വന്നിരുന്നു. ബന്ദിയാക്കപ്പെട്ടതിനു ശേഷം അദ്ദേഹത്തില്‍ നിന്നു പുറംലോകത്തേയ്ക്കെത്തുന്ന ആദ്യത്തെ സന്ദേശമായിരുന്നു അത്. തന്‍റെ മോചനത്തിനായി ഇടപെടണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയോടും ലോകത്തിലെ എല്ലാ മെത്രാന്മാരോടും അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നതാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്. പുതിയ വീഡിയോയില്‍ അദ്ദേഹം കൂടുതല്‍ ക്ഷീണിതനായാണ് കാണപ്പെടുന്നത്.
ഫാ. ടോമിനെ ബന്ദിയാക്കിയതിന്‍റെ ഉത്തരവാദിത്വം സംഘടനകളൊന്നും ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ല. ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ മോചനശ്രമങ്ങളെ ദുഷ്കരമാക്കുന്നത് ഇതാണെന്ന് അധികാരികള്‍ സൂചിപ്പിക്കുന്നു. യെമനിലെ രാഷ്ട്രീയ അസ്ഥിരത മൂലം ആരെയാണ് ബന്ധപ്പെടേണ്ടതെന്ന് ആര്‍ക്കും അറിയാത്ത സ്ഥിതിയുണ്ടെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.

2015 മാര്‍ച്ചിലാണ് യെമനില്‍ ആഭ്യന്തരയുദ്ധം ആരംഭിക്കുന്നത്. ഷിയാ വിമതരും സുന്നി ഭരണകൂടവും തമ്മിലുള്ള പോരാട്ടത്തില്‍ സൗദി അറേബ്യ ഭരണകൂടത്തെ പിന്തുണച്ചു. പോരാട്ടത്തിനിടെ അനിശ്ചിതത്വത്തിലായ രാഷ്ട്രത്തിന്‍റെ ചില ഭാഗങ്ങളില്‍ അല്‍ ഖയിദയും ചില ഭാഗങ്ങളില്‍ ഐഎസും നിയന്ത്രണമേറ്റെടുത്തിട്ടുണ്ടെന്നാണു വാര്‍ത്തകള്‍. സംഘര്‍ഷത്തില്‍ ഇതിനകം ആറായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടുവെന്ന് യുഎന്‍ വ്യക്തമാക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org