Latest News
|^| Home -> National -> “പ്രാര്‍ത്ഥനയുടെ ശക്തിക്കു ഞാന്‍ സാക്ഷി” – ഫാ. ടോം ഉഴുന്നാലില്‍

“പ്രാര്‍ത്ഥനയുടെ ശക്തിക്കു ഞാന്‍ സാക്ഷി” – ഫാ. ടോം ഉഴുന്നാലില്‍

Sathyadeepam

ദൈവം തന്ന മഹത്തായ ദാനമാണു പ്രാര്‍ത്ഥനയെന്നും അതിലൂടെ എല്ലാം സാധ്യമാകുമെന്നും പ്രാര്‍ത്ഥനയുടെ ശക്തി അനുഭവിച്ചവനാണു താനെന്നും യെമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയി 18 മാ സങ്ങള്‍ക്കു ശേഷം മോചിപ്പിച്ച സലേഷ്യന്‍ വൈദികന്‍ ഫാ. ടോം ഉഴുന്നാലില്‍. തടവില്‍ കഴിയവേ ദൈവത്തിന്‍റെ ഇഷ്ടത്തിനു സമര്‍പ്പിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുമ്പോള്‍ ഭീകരര്‍ തന്നെ മോചിപ്പിക്കണമെന്ന പ്രാര്‍ത്ഥനയ്ക്കൊപ്പം തന്നെക്കുറിച്ചുള്ള ദൈവപദ്ധതി പൂര്‍ത്തീകരിക്കാനുള്ള കൃപയ്ക്കു വേണ്ടിയും യാചിച്ചിരുന്നു – ഒരു സ്പാനിഷ് വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ ഫാ. ഉഴുന്നാലില്‍ വ്യക്തമാക്കി.

2016 മാര്‍ച്ച് 4-നാണ് യെമനിലെ ഏഡനില്‍ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ഭവനം ആക്രമിച്ച ഭീകരര്‍ ഫാ. ടോം ഉഴുന്നാലിലിനെ ബന്ദിയാക്കിയത്. നാലു സിസ്റ്റേഴ്സ് അടക്കം 16 പേര്‍ അന്നു കൊല്ലപ്പെട്ടിരുന്നു. ബന്ദിയാക്കപ്പെട്ട ഫാ. ഉഴു ന്നാലിനെക്കുറിച്ചു പിന്നീട് പല അഭ്യൂഹങ്ങളും പ്രചരിക്കുകയുണ്ടായി. ദുഃഖവെള്ളിയാഴ്ച അദ്ദേഹത്തെ വധിക്കുമെന്നായിരുന്നു അത്തരത്തിലൊരു വാര്‍ത്ത. പിന്നീട് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ഫാ. ഉഴുന്നാലിലിന്‍റെ ഫോട്ടോകളും വീഡിയോകളും പുറത്തുവന്നു. ഒമാന്‍ സര്‍ക്കാരും വത്തിക്കാനും അദ്ദേഹത്തിന്‍റെ മോചനത്തിനായി നിരന്തരം പരിശ്രമിച്ചു. 2017 സെപ്തംബര്‍ 12-ന് അദ്ദേഹം മോചിതനായി.

ഭീകരര്‍ തന്നെ ശാരീരികമായി ഉപദ്രവിച്ചില്ലെന്നും എന്നാല്‍ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ഫാ. ഉഴുന്നാലില്‍ പറഞ്ഞു. അല്പം വെള്ളവും ഭക്ഷണവും മാത്രമാണു നല്‍കിയിരുന്നത്. എല്ലാ ദിവസവും നിരന്തരം താന്‍ പ്രാര്‍ത്ഥിച്ചിരുന്നു. ത്രികാലജപവും ജപമാലയും കുരിശിന്‍റെ വഴിയും അനുഷ്ഠിച്ചിരുന്നു. ആത്മീയമായി ദിവ്യബലിയും അര്‍പ്പിച്ചിരുന്നു. തന്നെ ബന്ദികളാക്കിയര്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിച്ചിരുന്നു. ഇപ്പോഴും തനിക്ക് അവരോട് പകയോ വിദ്വേഷമോ ഇല്ലെന്നും ഫാ. ഉഴുന്നാലില്‍ പറഞ്ഞു.

Leave a Comment

*
*