ഫാ. ഉഴുന്നാലിലിന്‍റെ മോചനം: പ്രധാനമന്ത്രിയുടെ ഇടപെടലിനായി കേരളം

ഫാ. ഉഴുന്നാലിലിന്‍റെ മോചനം: പ്രധാനമന്ത്രിയുടെ ഇടപെടലിനായി കേരളം

യെമനില്‍ ഭീകരര്‍ ബന്ദിയാക്കിയ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിലിന്‍റെ മോചനത്തിന് അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിക്കുമെന്ന് കേരള സര്‍ക്കാര്‍. ഫാ. ടോം ഉഴുന്നാലില്‍ വിഷയം പ്രധാനമന്ത്രിയെ നേരില്‍ കണ്ട് അറിയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.

മുന്‍ ധനമന്ത്രി കെ.എം. മാണിയുടെ ചോദ്യത്തിന് ഉത്തരമായാണ് ഫാ. ഉഴുന്നാലിലിന്‍റെ മോചനത്തിന് കേന്ദ്ര സര്‍ക്കാരില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്. ഫാ. ഉഴുന്നാലില്‍ വിഷയത്തില്‍ കേരള സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്നു കെ.എം. മാണി പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്രത്തിലേക്കു കത്തുകള്‍ എഴുതിയതുകൊണ്ടു കാര്യമില്ല. പ്രധാനമന്ത്രിക്കു മുമ്പില്‍ ഗൗരവത്തോടെ ഈ വിഷയം അവതരിപ്പിക്കണം – മാണി പറഞ്ഞു. പി.സി. ജോര്‍ജ് എംഎല്‍എയും മാണിയെ പിന്തുണച്ചു. ബന്ദികള്‍ ആവശ്യപ്പെടുന്ന മോചനദ്രവ്യം കൊടുത്തായാലും ഫാ. ഉഴുന്നാലിലിനെ മോചിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇക്കാര്യത്തില്‍ താന്‍ കേന്ദ്ര സര്‍ക്കാരിലേക്കു മൂന്നു കത്തുകള്‍ അയച്ചിരുന്നതായി വെളിപ്പെടുത്തിയ മുഖ്യമന്ത്രി എത്രയും വേഗം ഈ വിഷയം വ്യക്തിപരമായി പ്രധാനമന്ത്രിയെ കണ്ടു ധരിപ്പിക്കുമെന്ന് ഉറപ്പു നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org