ദൈവദാസന്‍ ഫാ. വര്‍ഗീസ് പയ്യപ്പിള്ളി ധന്യ പദവിയില്‍

ദൈവദാസന്‍ ഫാ. വര്‍ഗീസ് പയ്യപ്പിള്ളി ധന്യ പദവിയില്‍

എറണാകുളം-അങ്കമാലി അതിരൂപതാ വൈദികനും അഗതികളുടെ സഹോദരിമാര്‍ (എസ്ഡി) സന്യാസ സമൂഹത്തിന്‍റെ സ്ഥാപകനുമായ ദൈവദാസന്‍ ഫാ. വര്‍ഗീസ് പയ്യപ്പിള്ളിയെ ധന്യ പദവിയിലേക്കുയര്‍ത്തി. ഇതു സംബന്ധിച്ച ഔദ്യോഗിക രേഖയില്‍ വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഒപ്പുവച്ചു. ദൈവദാസന്‍റെ വീരോചിതമായ സുകൃതങ്ങള്‍ സഭ അംഗീകരിച്ചുകൊണ്ടുള്ള അറിയിപ്പ് നാമകരണ നടപടികള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്‍റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ഡോ. ആഞ്ജലോ അമാത്തോയ്ക്കു മാര്‍പാപ്പ കൈമാറി.

കഷ്ടതയനുഭവിക്കുന്ന പാവപ്പെട്ടവര്‍ക്കിടയില്‍ സേവനം ചെയ്യുകയെന്നതു ജീവിതദൗത്യമായി ഏറ്റെടുത്ത വൈദികനാണു ഫാ. പയ്യപ്പിള്ളി. 1876 ആഗസ്റ്റ് എട്ടിന് എറണാകുളം കോന്തുരുത്തിയിലാണു ഫാ. വര്‍ഗീസ് പയ്യപ്പിള്ളിയുടെ ജനനം. കാന്‍ഡി പേപ്പല്‍ സെമിനാരിയില്‍ 1907 ഡിസംബര്‍ 12-നാണ് പൗരോഹിത്യം സ്വീകരി ച്ചത്. 1924-ലെ പ്രകൃതിക്ഷോഭത്തില്‍ (99-ലെ വെള്ളപ്പൊക്കം) ദുരിതമനുഭവിക്കുന്നവര്‍ക്കിടയില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയാണു തന്‍റെ പ്രത്യേകമായ വിളി ഫാ. പയ്യപ്പിള്ളി ആദ്യമായി പ്രകാശിപ്പിച്ചത്. അവഗണിക്കപ്പെടുന്ന വൃദ്ധജനങ്ങളെ സംരക്ഷിക്കാന്‍ പ്രത്യേക സ്ഥാപനങ്ങളോ പ്രസ്ഥാനങ്ങളോ ഇല്ലാതിരുന്ന ഘട്ടത്തില്‍ അവര്‍ക്കായി കരുതലിന്‍റെ ഭവനം ആരംഭിച്ചു. ആര്‍ച്ച്ബിഷപ് മാര്‍ അഗസ്റ്റിന്‍ കണ്ടത്തിലിന്‍റെ അനു വാദത്തോടെ അഗതികളുടെ സഹോദരിമാരുടെ മഠം സ്ഥാപിച്ചു. 1927 മാര്‍ച്ച് 19-ന് ആരംഭിച്ച എസ് ഡി സന്യാസിനീ സമൂഹം ഇന്നു പതിനൊന്നു രാജ്യങ്ങളില്‍ 131 സ്ഥാപനങ്ങളിലൂടെ അഗതികള്‍ക്കായി ശുശ്രൂഷ ചെയ്യുന്നു.

1929 ഒക്ടോബര്‍ അഞ്ചിനാണു ഫാ. വര്‍ഗീസ് പയ്യപ്പിള്ളിയുടെ നിര്യാണം. സെന്‍റ് ജോണ്‍ നെപുംസ്യാന്‍ പള്ളിയിലാണു കബറിടം. 2009 ആഗസ്റ്റ് 25-നു കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ അദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിച്ചു നാമകരണ നടപടികള്‍ക്കു തുടക്കമായി. ധന്യപദവിയിലേക്കുയര്‍ത്തപ്പെട്ട ഫാ. വര്‍ഗീസ് പയ്യപ്പിള്ളിയുടെ മധ്യസ്ഥതയില്‍ അത്ഭുതം സ്ഥിരീകരിച്ചാല്‍ വാഴ്ത്തപ്പെട്ടവനായും ശേഷം വിശുദ്ധ പദവിയിലേക്കും ഉയര്‍ത്തപ്പെടും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org