ഫാ. വര്‍ക്കി കാട്ടറാത്തിന്‍റെ ദൈവദാസ പദവി പ്രഖ്യാപനം

ഫാ. വര്‍ക്കി കാട്ടറാത്തിന്‍റെ ദൈവദാസ പദവി പ്രഖ്യാപനം

വിന്‍സെന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷന്‍ (വി.സി.) സ്ഥാപകന്‍ ഫാ. വര്‍ക്കി കാട്ടറാത്തിന്‍റെ നാമകരണ നടപടികള്‍ക്കു തുടക്കം കുറിക്കുന്ന ദൈവദാസ പദവി പ്രഖ്യാപനം എറണാകുളത്തു വിന്‍സെന്‍ഷ്യന്‍ ജനറലേറ്റില്‍ നടന്നു. നാമകരണ നടപടികളുടെ ഭാഗമായി രൂപീകരിച്ച അതിരൂപതാതല അന്വേഷ ണത്തിനുള്ള ബോര്‍ഡ് ഓഫ് എന്‍ക്വയറി അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു.

ഫാ. വര്‍ക്കി കാട്ടറാത്തിന്‍റെ കബറിടമുള്ള വൈക്കം തോട്ടകം ഇടവകയിലെയും ആശ്രമത്തിലെയും പ്രതിനിധികള്‍ ദൈവദാസന്‍റെ ഛായാചിത്രം അള്‍ത്താരയിലേക്ക് സംവഹിച്ചതോടെയാണു ചടങ്ങുകള്‍ക്കു തുടക്കമായത്. പോസ്റ്റുലേറ്റര്‍ ഫാ. ജോസഫ് എറമ്പില്‍ പ്രാര്‍ത്ഥന നയിച്ചു. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചു ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ദൈവദാസ പദവി പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇടവക വൈദികനായി സേവനം ചെയ്യുമ്പോഴും സന്യാസത്തിന്‍റെ പുണ്യങ്ങള്‍ ഹൃദയത്തിലേറ്റിയ മാതൃകാ വൈദികനായിരുന്നു ദൈവദാസന്‍ ഫാ. വര്‍ക്കി കാട്ടറത്തെന്നു മാര്‍ ആലഞ്ചേരി പറഞ്ഞു. വചനപ്രഘോഷണത്തിലൂടെയും സ്നേഹസാക്ഷ്യത്തിലൂടെയും ഫാ. കാട്ടറാത്ത് അനേകര്‍ക്കു ക്രിസ്ത്വാനുഭവം പകര്‍ന്നു നല്കി. ദൈവദാസന്‍ ഫാ. കാട്ടറാത്ത് വിശുദ്ധ പദവിയിലേക്കുയര്‍ത്തപ്പെടാന്‍ നാം നിരന്തരം ദൈവത്തോടു പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം അനുസ്മരിപ്പിച്ചു. എറണാകുളം – അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ചുബിഷപ് മാര്‍ ആന്‍റണി കരിയില്‍, പാലക്കാട് ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത്, സത്നാ രൂപത മുന്‍ മെത്രാന്‍ മാര്‍ മാത്യു വാണിയകിഴക്കേല്‍ എന്നിവര്‍ സന്ദേശങ്ങള്‍ നല്കി.

നാമകരണ നടപടികള്‍ക്കായി രൂപീകരിച്ച അതിരൂപതാതല അന്വേഷണത്തിനുള്ള ബോര്‍ഡ് ഓഫ് എന്‍ക്വയറി അംഗങ്ങളായ ആര്‍ച്ചുബിഷപ് മാര്‍ ആന്‍റണി കരിയില്‍, എപ്പിസ്കോപ്പല്‍ ഡെലഗേറ്റ് റവ. ഡോ. ജെയിംസ് പെരേപ്പാടന്‍, പോസ്റ്റുലേറ്റര്‍ റവ. ഡോ. ജോസഫ് എറമ്പില്‍, പ്രമോട്ടര്‍ ഓഫ് ജസ്റ്റീസ് റവ. ഡോ. സാജു കുത്തോടിപുത്തന്‍പുരയില്‍ ഹിസ്റ്റോറിക്കല്‍ കമ്മീഷന്‍ അംഗങ്ങളായ റവ. ഡോ. ആന്‍റണി പ്ലാക്കല്‍, റവ. ഡോ. ബി ജോ കൊച്ചടമ്പിള്ളില്‍, റവ. ഡോ. നോബിള്‍ മണ്ണാറത്ത്, നോട്ടറി സിസ്റ്റര്‍ ലിജ, വൈസ് നോട്ടറി സിസ്റ്റര്‍ രശ്മി, ട്രാന്‍സിലേറ്റര്‍മാരായ സിസ്റ്റര്‍ ആനി റോസിലന്‍റ്, സിസ്റ്റര്‍ സെര്‍ജിയൂസ്, കോപ്പിയര്‍ ഫാ. ജോണ്‍ കൊല്ലകോട്ടില്‍ എന്നിവരാണു സത്യപ്രതിജ്ഞ ചെയ്തത്. വിന്‍സെന്‍ഷ്യന്‍ സഭയുടെ സുപ്പീരിയര്‍ ജനറല്‍ റവ. ഡോ. സെബാസ്റ്റ്യന്‍ തുണ്ടത്തിക്കുന്നേല്‍ ജനറല്‍ കൗണ്‍സിലറും സെക്രട്ടറി ജനറലുമായ ഫാ. അലക്സ് ചാലങ്ങാടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org