ഫ്രാന്‍സില്‍ ക്രൈസ്തവവിരുദ്ധ അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതിനെതിരെ പ്രതിഷേധം

ഫ്രാന്‍സില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്കും സ്മാരകങ്ങള്‍ക്കുമെതിരായ അക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണെന്നും ഇവയെ ഫലപ്രദമായി നേരിടാന്‍ അധികാരികള്‍ക്കു സാധിക്കുന്നില്ലെന്നും യൂറോപ്പിലെ ക്രൈസ്തവവിരുദ്ധ വിവേചനം നിരീക്ഷിക്കുന്ന സംഘടന കുറ്റപ്പെടുത്തി. യൂറോപ്യന്‍ കത്തോലിക്കാ മെത്രാന്‍ സംഘങ്ങളുടെ മേല്‍നോട്ടത്തിലുള്ള സംഘടനയാണിത്. ഫെബ്രുവരിയിലെ ആദ്യത്തെ പത്തു ദിവസത്തിനുള്ളില്‍ ഒരു കത്തീഡ്രല്‍ ഉള്‍പ്പെടെ നാലു പള്ളികള്‍ക്കെതിരെ ആക്രമണങ്ങള്‍ നടന്നതായി സംഘടനയുടെ ഡയറക്ടര്‍ എല്ലന്‍ ഫാന്‍റിനി പറഞ്ഞു. വെലിന്‍സിലെ ഒരു പള്ളിയില്‍ മൂന്നു തവണയാണ് അക്രമം നടന്നത്. രൂപങ്ങള്‍ തകര്‍ക്കുക, സക്രാരി എടുത്തെറിയുക തുടങ്ങിയ കാര്യങ്ങളാണ് ചെയ്യുന്നത്. അക്രമങ്ങള്‍ നടക്കുന്നതായി ഭരണകൂടവും സമ്മതിക്കുന്നെങ്കിലും അതു തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ താത്പര്യം കാണിക്കുന്നില്ലെന്നു ഫാന്‍റിനി പറഞ്ഞു. മതവിരുദ്ധമായ അസഹിഷ്ണുത, അരാജകവാദികളുടെയും സ്ത്രീവിമോചനസംഘടനകളുടേയും ഇസ്ലാമിക തീവ്രവാദികളുടേയും ക്രൈസ്തവവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ മൂലം യൂറോപ്പില്‍ ക്രൈസ്തവര്‍ക്ക് ജീവിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള സ്ഥലമായി ഫ്രാന്‍സ് മാറിയിരിക്കുകയാണെന്നു സംഘടന കുറ്റപ്പെടുത്തി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org