യേശുവിന്‍റെ സന്ദേശം അസുഖകരവും അസൗകര്യകരവും – ഫ്രാന്‍സിസ് മാര്‍പാപ്പ

യേശുവിന്‍റെ സന്ദേശം അസുഖകരവും അസൗകര്യകരവും – ഫ്രാന്‍സിസ് മാര്‍പാപ്പ

യേശുവിന്‍റെ സന്ദേശം യഥാര്‍ത്ഥത്തില്‍ നമുക്ക് അസുഖകരവും അസൗകര്യമുണ്ടാക്കുന്നതുമാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. കാരണം, ലൗകികമായ മതശക്തികളെ വെല്ലുവിളിക്കുന്നതും നമ്മുടെ മനഃസാക്ഷിയെ പ്രകോപിപ്പിക്കുന്നതുമാണ് ആ സന്ദേശം. ക്രിസ്തുവിന്‍റെ വരവിനു ശേഷം മാനസാന്തരപ്പെടുകയും പഴയ ചിന്താശൈലിയെ തിരസ്കരിക്കുകയും ചെയ്യേണ്ടത് ആവശ്യമായി വരുന്നു – മാര്‍പാപ്പ പറഞ്ഞു. ക്രിസ്തുമസിനു പിറ്റേന്ന് സഭയിലെ ആദ്യരക്തസാക്ഷിയായ വി. സ്റ്റീഫന്‍റെ തിരുനാള്‍ അനുസ്മരിച്ചുകൊണ്ട് സെ. പീറ്റേഴ്സ് അങ്കണത്തില്‍ തീര്‍ത്ഥാടകരോടു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. യേശുവിന്‍റെ ജനനവും സ്റ്റീഫന്‍റെ മരണവും തമ്മില്‍ പ്രത്യക്ഷ ബന്ധമൊന്നുമില്ലെങ്കിലും രണ്ടിനുമിടയില്‍ ശക്തമായ ഒരു കൊളുത്തുണ്ടെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി.

തന്‍റെ പ്രഘോഷണത്തിലൂടെ ജനനേതാക്കളെ ഒരു പ്രതിസന്ധിയിലാഴ്ത്തുകയാണ് സ്റ്റീഫന്‍ ചെയ്തതെന്നു മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. കാരണം, മനുഷ്യര്‍ക്കിടയിലെ ദൈവത്തിന്‍റെ പുതുസാന്നിദ്ധ്യത്തെയാണ് അദ്ദേഹം പ്രഘോഷിച്ചത്. യേശു ക്ഷേത്രം നശിപ്പിക്കുകയും മോശ നല്‍കിയ ആചാരങ്ങള്‍ മാറ്റുകയും ചെയ്യുമെന്ന് അദ്ദേഹം പഠിപ്പിച്ചപ്പോള്‍ ദൈവത്തിന്‍റെ യഥാര്‍ത്ഥ ക്ഷേത്രം, നമുക്കിടയില്‍ ജീവിക്കാന്‍ വന്ന നിത്യവചനവും പാപമൊഴികെ എല്ലാ കാര്യത്തിലും നമുക്കു സമാനനുമായ യേശു തന്നെയാണെന്ന് സ്റ്റീഫന് അറിയാമായിരുന്നു. ജെറുസലേം ക്ഷേത്രത്തിന്‍റെ നാശമാണ് താന്‍ പ്രസംഗിക്കുന്നതെന്ന ആരോപണമുണ്ടാകുകയും മരണത്തെ നേരിടുകയും ചെയ്തപ്പോഴും തന്‍റെ അന്ത്യശ്വാസം വരെ യേശുവിന്‍റെ സന്ദേശത്തില്‍ സ്റ്റീഫന്‍ ഉറച്ചുനിന്നു – മാര്‍ പാപ്പ വിശദീകരിച്ചു.

തന്‍റെ ആത്മാവിനെ സ്വീകരിക്കണമെന്നും ഈ പാപം അവരുടെ മേല്‍ ചുമത്തരുതെന്നും ആയിരുന്നു സ്റ്റീഫന്‍റെ അന്ത്യപ്രാര്‍ത്ഥനയെന്നു മാര്‍ പാപ്പ ചൂണ്ടിക്കാട്ടി. ഇത് കുരിശിലെ യേശുവിന്‍റെ പ്രാര്‍ത്ഥനയ്ക്കു സമാനമാണ്. ദൈവപുത്രന്‍ ഭൂമിയില്‍ വന്ന് നമുക്കു വേണ്ടി മരിച്ച് ഉത്ഥാനം ചെയ്തതുകൊണ്ടു മാത്രമാണ് സ്റ്റീഫന് ഈ വാക്കുകള്‍ പറയാന്‍ സാധിച്ചത്. മാനുഷികമായി ചിന്തിച്ചാല്‍ ആര്‍ക്കും സാദ്ധ്യമായ വാക്കുകളല്ല അവ. ഉത്ഥിതനായ ക്രിസ്തു മാത്രമാണ് ദൈവത്തിനും മനുഷ്യര്‍ക്കുമിടയിലെ ഏക മദ്ധ്യസ്ഥന്‍. സ്റ്റീഫന്‍റെ കാര്യത്തിലെന്ന പോലെ മരണവേളയില്‍ മാത്രമല്ല, നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും അവന്‍ നമുക്കു വേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കുന്നു – മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org