Latest News
|^| Home -> International -> ഫ്രാങ്കോയുടെ ശ്മശാനമാറ്റം: വത്തിക്കാന്‍ ഇടപെടുന്നു

ഫ്രാങ്കോയുടെ ശ്മശാനമാറ്റം: വത്തിക്കാന്‍ ഇടപെടുന്നു

Sathyadeepam

സ്പാനിഷ് സ്വേച്ഛാധിപതിയായിരുന്ന ജനറല്‍ ഫ്രാങ്കോയുടെ മൃതദേഹം മാഡ്രിഡിലെ ചരിത്രപ്രസിദ്ധമായ കത്തീഡ്രലിലേയ്ക്കു മാറ്റി സംസ്കരിക്കാനുള്ള നീക്കത്തെ ചെറുക്കാന്‍ സ്പാനിഷ് ഭരണകൂടം വത്തിക്കാന്‍റെ സഹായമഭ്യര്‍ത്ഥിച്ചു. പ്രശ്നത്തില്‍ ഇടപെടാമെന്നു വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കാര്‍ഡിനല്‍ പിയെട്രോ പരോളിന്‍ സമ്മതിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. മാഡ്രിഡിലെ അല്‍ മുദേന കത്തീഡ്രലില്‍ ഫ്രാങ്കോയുടെ കുടുംബക്കല്ലറയുണ്ട്. രണ്ടു പതിറ്റാണ്ടു മുമ്പു കുടുംബം വില കൊടുത്തു വാങ്ങിയ കല്ലറയില്‍ ഫ്രാങ്കോയുടെ മകളേയും മരുമകനേയും അടക്കിയിട്ടുണ്ട്. ഇതില്‍ രണ്ടു മൃതദേഹങ്ങള്‍ കൂടി സംസ്കരിക്കാന്‍ സാധിക്കും. അതിനാല്‍ ഫ്രാങ്കോയുടെ മൃതദേഹം ഇവിടെ സംസ്കരിക്കണമെന്ന കുടുംബത്തിന്‍റെ ആവശ്യത്തെ നിയമപരമായി നിഷേധിക്കാന്‍ കഴിയില്ല. എന്നാല്‍ നഗരമദ്ധ്യത്തിലുള്ള കത്തീഡ്രലില്‍ ഫ്രാങ്കോയുടെ മൃതദേഹം സംസ്കരിച്ചാല്‍ അതു ഫ്രാങ്കോ അനുയായികളുടെ ഒരു സന്ദര്‍ശനകേന്ദ്രമായി വളരുമെന്നും ഫ്രാങ്കോയുടെ ആശയങ്ങള്‍ക്ക് വീണ്ടും പ്രചാരമേറുമെന്നുമാണ് ഭരണകൂടത്തിന്‍റെ ആശങ്ക. സ്പെയിനിന്‍റെ ചരിത്രത്തില്‍ പ്രതിനായകസ്ഥാനത്തുള്ളയാളാണ് സ്വേച്ഛാധിപതിയായ ഫ്രാങ്കോ. അദ്ദേഹത്തിന്‍റെ കാലത്തു നടന്ന അക്രമങ്ങളില്‍ ഒരു ലക്ഷത്തിലേറെ പേരാണ് രക്തസാക്ഷിത്വം വരിച്ചത്. ഇവരുടെ മൃതദേഹങ്ങളും മാഡ്രിഡിലേതടക്കമുള്ള കത്തീഡ്രലുകളില്‍ അടക്കപ്പെട്ടിട്ടുണ്ട്.

ഫ്രാങ്കോ തന്‍റെ ഭരണകാലത്ത് നിര്‍മ്മിച്ച ഒറ്റപ്പെട്ട ഒരു സ്ഥലത്തുള്ള മുസ്സോളിയത്തിലാണ് ഇപ്പോള്‍ അദ്ദേഹത്തിന്‍റെ കബറിടം സ്ഥിതി ചെയ്യുന്നത്. അവിടേയ്ക്കു സന്ദര്‍ശകര്‍ പോകുക എളുപ്പമല്ല. അതുകൊണ്ടാണ് നഗരമദ്ധ്യത്തിലേയ്ക്കു കബറിടം മാറ്റാന്‍ ഫ്രാങ്കോയുടെ കുടുംബാംഗങ്ങളും അനുയായികളും ആഗ്രഹിക്കുന്നത്. കുടുംബാംഗങ്ങളുടെ ആവശ്യം നിരാകരിക്കുക നിയമപരമായി എളുപ്പമല്ലാത്തതിനാല്‍ ഒരു ഒത്തുതീര്‍പ്പിനാണ് സഭാധികാരികള്‍ ശ്രമിക്കുന്നതെന്നു റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. മാഡ്രിഡിലെ കത്തീഡ്രല്‍ പോലെ പ്രസിദ്ധമല്ലാത്തതും ഫ്രാങ്കോയുടെ ഭാര്യയുടെ കബറിടം സ്ഥിതി ചെയ്യുന്നതുമായ മറ്റൊരു ദേവാലയത്തിന്‍റെ സെമിത്തേരിയിലേക്ക് ഫ്രാങ്കോയുടെ കബറിടം മാറ്റാമെന്ന നിര്‍ദേശമാണ് ഒത്തുതീര്‍പ്പായി ഉയര്‍ന്നു വരുന്നത്.

Leave a Comment

*
*