ഭക്ഷണം നല്‍കാനും എടുക്കാനും ഒരു പൊതു ഫ്രിഡ്ജ്

ഭക്ഷണം നല്‍കാനും എടുക്കാനും ഒരു പൊതു ഫ്രിഡ്ജ്

ചെന്നൈയിലെ എലിയറ്റ് ബീച്ചിനു സമീപത്തു ചെല്ലുന്നവര്‍ക്ക് അവിടെയൊരു വലിയ ഫ്രിഡ്ജ് വച്ചിരിക്കുന്നതു കാണാനാവും. വിശന്നു വലയുന്നവര്‍ക്ക് അതില്‍ നിന്ന് ആഹാരമെടുത്തു കഴിക്കാം. ആരും ഒന്നും ചോദിക്കില്ല, പണം കൊടുക്കുകയും വേണ്ട. അതുപോലെ ആഹാരം നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് അതില്‍ കൊണ്ടുപോയി വയ്ക്കാം — കമ്യൂണിറ്റി ഫ്രിഡ്ജ് എന്ന ഈ ആശയം ആവിഷ്ക്കരിച്ചത് ഓര്‍ത്തോഡന്‍റിസ്റ്റായ ഇസ ഫാത്തിമ എന്ന വനിതയാണ്.

ഫ്രിഡ്ജില്‍ നിന്നു കുറച്ചു പഴങ്ങളും ജ്യൂസും എടുത്തു കഴിച്ച 72-കാരനായ ജെ. കുമാര്‍ എന്നയാള്‍ പറഞ്ഞതിങ്ങനെ: "എന്നെപ്പോലെ ആരോരുമില്ലാതെ അലയുന്നവര്‍ക്ക് ഇതൊരു അനുഗ്രഹമാണ്. സാധാരണഗതിയില്‍ ഉച്ചഭക്ഷണം കിട്ടാത്തപ്പോള്‍ വിശപ്പു സഹിച്ചു കഴിയുകയാണു ചെയ്യുന്നത്"

ഇന്ത്യയില്‍ പകുതിയലധികം ഭക്ഷ്യവസ്തുക്കളും ഉപയോഗശൂന്യമായി പാഴായിപ്പോവുകയാണെന്ന് ഇസ ഫാത്തിമ പറയുന്നു: "യഥാര്‍ത്ഥത്തില്‍ നമ്മുടെ ജനസംഖ്യയുടെ ഇരട്ടിയിലധികം പേര്‍ക്ക് ഭക്ഷണം കൊടുക്കാനാകും. എന്നാല്‍ 50 ശതമാനം ഭക്ഷണപദാര്‍ത്ഥങ്ങളും പാഴാക്കിക്കളയുകയാണ്. കുപ്പത്തൊട്ടിയില്‍ വലിച്ചെറിയുന്ന ആഹാരപദാര്‍ത്ഥങ്ങള്‍ ഫ്രിഡ്ജില്‍ വയ്ക്കാനാണ് ഞങ്ങള്‍ നിര്‍ദേശിക്കുന്നത്."

ഇസ ഫാത്തിമയുടെ ഈ പുതിയ ഉദ്യമത്തിനു വലിയ പിന്തുണയും പ്രോത്സാഹനവുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിദ്യാര്‍ത്ഥികളും വീട്ടുകാരും ഫ്രിഡ്ജില്‍ ഭക്ഷണം നിറയ്ക്കാന്‍ തയ്യാറായി വരുന്നു. വീടുകളിലും മറ്റും മിച്ചം വരുന്ന ഭക്ഷണം നശിപ്പിക്കാതെ ഇത്തരത്തില്‍ ഉപയോഗപ്പെടുത്തണമെന്നും എല്ലാ ജനവാസകേന്ദ്രങ്ങളോടനുബന്ധിച്ചും കമ്യൂണിറ്റി ഫ്രിഡ്ജ് എന്ന ആശയം വ്യാപകമാക്കണമെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org