സ്വവര്‍ഗരതി: കോടതിവിധി നിയമപരവും ധാര്‍മികവുമായ പ്രത്യാഘാതങ്ങളുണ്ടാക്കും – കെസിബിസി

പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ ഉഭയസമ്മതപ്രകാരമുള്ള സ്വവര്‍ഗരതി കുറ്റകരമല്ലെന്ന സുപ്രീം കോടതി വിധി ഇന്ത്യന്‍ സമൂഹത്തില്‍ ദൂരവ്യാപക ഫലങ്ങളുണ്ടാക്കുമെന്ന് കെസിബിസി അഭിപ്രായപ്പെട്ടു. വ്യക്തികള്‍ പരസ്യമായോ രഹസ്യമായോ ഏര്‍പ്പെടുന്ന സ്വവര്‍ഗരതിപരമായ പെരുമാറ്റവും പ്രവൃത്തിയും കുറ്റകരമാക്കുന്ന ഐപിസി 377-ല്‍ മാറ്റം വരുത്തിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ഭരണഘടന ബഞ്ച് 2018 സെപ്റ്റംബര്‍ 6-ാം തീയതി പ്രസ്തുത വിധി പുറപ്പെടുവിച്ചിരിക്കുന്നത്. നിയമനടപടി ആവശ്യപ്പെടാവുന്ന കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ നിന്ന് പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ ഉഭയസമ്മത പ്രകാരം ഏര്‍പ്പെടുന്ന സ്വവര്‍ഗ ലൈംഗിക പെരുമാറ്റങ്ങളും പ്രവൃത്തികളും ഒഴിവാക്കിയിരിക്കുന്നു. പ്രായപൂര്‍ത്തിയാകാത്തവരുമായുള്ള സ്വവര്‍ഗരതിപരമായ പ്രവൃത്തികളും പെരുമാറ്റങ്ങളും കുറ്റകരമായി തുടരും. സ്വവര്‍ഗരതിപരമായ പെരുമാറ്റവും പ്രവൃത്തിയും നിയമപരമായി ശിക്ഷാര്‍ഹമല്ല എന്ന കോടതിവിധി ഉയര്‍ത്തുന്ന ധാര്‍മികവും സാമൂഹ്യവുമായ പ്രത്യാഘാതങ്ങള്‍ കോടതി വേണ്ടത്ര പരിഗണിച്ചതായി കാണുന്നില്ല എന്നതാണ് ഈ വിധിയുടെ പരിമിതിയും പോരായ്മയും. ഭ്രൂണഹത്യയുടെയും ദയാവധത്തിന്‍റെയും കാര്യത്തിലെന്നപോലെ സ്വവര്‍ഗരതിയും നിയമപരമായി കുറ്റകരമല്ലാത്ത പ്രവൃത്തിയായിത്തീര്‍ന്നിരിക്കുന്നു. മാത്രവുമല്ല ഭ്രൂണഹത്യയ്ക്കും ദയാ വധത്തിനും ഏര്‍പ്പെടുത്തിയിട്ടുള്ള നിയമപരമായ നിയന്ത്രണങ്ങള്‍ സ്വവര്‍ഗരതിയുടെ കാര്യത്തില്‍ ഉണ്ടായിട്ടുമില്ല – കെസിബിസിയുടെ പ്രസ്താവനയില്‍ പറയുന്നു.

സ്വവര്‍ഗ ലൈംഗികാഭിമുഖ്യമുള്ള വ്യക്തികളുടെ മാനുഷിക മഹത്ത്വവും മൂല്യവും സംരക്ഷിക്കപ്പെടേണ്ടതാണ്. വ്യക്തികളെന്ന നിലയില്‍ സ്വവര്‍ഗരതിക്കാരുടെ മനുഷ്യാന്തസ്സിനെയും അതില്‍ നിന്നുത്ഭവിക്കുന്ന മനുഷ്യാവകാശങ്ങളെയും രാജ്യത്തെ പൗരന്മാരെന്ന നിലയ്ക്കുള്ള അവരുടെ ഭരണഘടനാപരമായ അവകാശങ്ങളെയും സഭ ആദരിക്കുന്നു. എന്നാല്‍ സ്വവര്‍ഗലൈംഗികതയെന്ന അവസ്ഥ അവരുടെ ലൈംഗികതയില്‍ വരുത്തിയിട്ടുള്ള പരിമിതികള്‍ അവരും സമൂഹവും അംഗീകരിക്കുകയും അതനുസരിച്ചുള്ള ജീവിതക്രമങ്ങള്‍ പാലിക്കുകയും ചെയ്യുമ്പോഴാണ് വ്യക്തിയുടെയും സമൂഹത്തിന്‍റെയും നന്മയും സുസ്ഥിതിയും ഉറപ്പുവരുത്താന്‍ കഴിയുന്നത്. വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും പൊതുസമൂഹത്തിലും ഉന്നതമായ ധാര്‍മിക നിലവാരം പ്രതീക്ഷിക്കുന്ന ഭാരതീയസമൂഹത്തിന് ഈ കോടതി വിധി ഉയര്‍ത്തുന്ന ധാര്‍മിക പ്രശ്നങ്ങളും നിയമപരമായ പ്രത്യാഘാതങ്ങളും കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് കെസിബിസി വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org