ഗോവ ബസ്ലിക്ക പൈതൃക സംരക്ഷണ പദ്ധതിയില്‍ തുടരും

ഗോവ ബസ്ലിക്ക പൈതൃക സംരക്ഷണ പദ്ധതിയില്‍ തുടരും

പൈതൃക സംരക്ഷണത്തിന്‍റെ ഭാഗമായി പുരാതന ദേവാലയങ്ങളും മറ്റും ചരിത്രസ്മാരകങ്ങളായി പരിപാലിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ പദ്ധതി പ്രകാരം, ഗോവയിലെ ബോം ജീസസ് ബസ്ലിക്കയുടെ പരിപാലന മേല്‍നോട്ടം സ്വകാര്യ കമ്പനികള്‍ക്കു നല്‍കുന്നതില്‍ കത്തോലിക്കാ സഭയ്ക്കുണ്ടായിരുന്ന എതിര്‍പ്പ് ചര്‍ച്ചകളിലൂടെ പരിഹരിച്ചു. ടൂറിസത്തിന്‍റെ ഭാഗമായാണ് പൈതൃക സംരക്ഷണ പദ്ധതി കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ചത്. എന്നാല്‍ സ്വകാര്യ കമ്പനികള്‍ ഇതില്‍ ഇടപെടുന്നതിലും സംരക്ഷണ മേല്‍നോട്ടം നിര്‍വഹിക്കുന്നതിലും വിവിധ ഭാഗങ്ങളില്‍ നിന്ന് എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. ഗോവയെ സംബന്ധിച്ച് ബിജെപി ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അഭിപ്രായം വ്യക്തമാക്കിയിരുന്നില്ല. ഗോവയിലെ ആറു പുരാതന കേന്ദ്രങ്ങള്‍ പൈതൃകസംരക്ഷണത്തിന്‍റെ ഭാഗമാക്കി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ വി. ഫ്രാന്‍സിസ് സേവ്യറിന്‍റെ ഭൗതികാവശിഷ്ടങ്ങള്‍ അടക്കം ചെയ്തിരിക്കുന്ന ബോം ജീസസ് ബസ്ലിക്കയും ഉള്‍പ്പെടും.

സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളും സഭാ നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍, പൈതൃകസംരക്ഷണത്തിന്‍റെ ഭാഗമായി ബസ്ലിക്ക സ്വകാര്യ കമ്പനിയെ ഏല്‍പിക്കുന്നതില്‍ ധാരണയായതായി സംസ്ഥാന പുരാവസ്തു വകുപ്പു മന്ത്രി വിജയ് സര്‍ദേശായി അറിയിച്ചു. പുരാതന സ്മാരകങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അന്തര്‍ദേശീയ നിലവാരത്തില്‍ അതിന്‍റെ പരിപാലനം മാത്രമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യം ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് സഭ എതിര്‍പ്പില്‍നിന്നു പിന്മാറിയത്. സര്‍ക്കാര്‍ പദ്ധതി സഭ അംഗീകരിക്കുന്നതായി ആര്‍ച്ചുബിഷപ്പിന്‍റെ സെക്രട്ടറി ഫാ. ലോയില പെരേര പറഞ്ഞു. ബസ്ലിക്കയ്ക്ക് പ്രയോജനകരവും ഗുണകരവുമായ പദ്ധതിയാണിത്. ചരിത്ര സ്മാരകമായ ബസ്ലിക്കയില്‍ ആരും കൈകടത്തുന്നില്ല. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കാവലിലുള്ള ബസ്ലിക്കയുടെ ഉടമസ്ഥാവകാശം സഭയ്ക്കു മാത്രമാണ് – ഫാ. പെരേര വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org