ദുഃഖവെള്ളി സംഭാവനകള്‍ വിശുദ്ധനാട്ടിലെ ക്രൈസ്തവര്‍ക്ക്

ദുഃഖവെള്ളി സംഭാവനകള്‍ വിശുദ്ധനാട്ടിലെ ക്രൈസ്തവര്‍ക്ക്

ഈ വര്‍ഷവും ദുഃഖവെള്ളിയാഴ്ച വിശ്വാസികള്‍ കാണിക്ക സമര്‍പ്പിക്കുന്ന തുക വിശുദ്ധനാട്ടിലെ ക്രൈസ്തവര്‍ക്കു നല്‍കുമെന്ന് വത്തിക്കാന്‍ അറിയിച്ചു. ഈ നോമ്പുകാലത്തുള്‍പ്പെടെ അനേകം സഹനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ് വിശുദ്ധ നാ ട്ടിലെ ക്രൈസ്തവരെന്നു ഇക്കാര്യമറിയിച്ച പൗരസ്ത്യസഭാകാര്യാലയം അദ്ധ്യക്ഷനായ കാര്‍ഡിനല്‍ ലിയോനാര്‍ദോ സാന്ദ്രി ചൂണ്ടിക്കാട്ടി. പോള്‍ ആറാമന്‍ മാര്‍പാപ്പയാണ് ഈ പതിവു തുടങ്ങിവച്ചത്. തുക വിശുദ്ധനാട്ടിലെ തീര്‍ത്ഥാടനസ്ഥലങ്ങള്‍ക്കു വേണ്ടി മാത്രമല്ല മറിച്ച് അവിടത്തെ സാമൂഹ്യ, അജപാലന, വിദ്യാഭ്യാസ, കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയും ചെലവഴിക്കപ്പെടണമെന്നു പോള്‍ ആറാമന്‍ മാര്‍പാപ്പ തന്നെ വ്യക്തമാക്കിയിരുന്നു. ജെറുസലേം ലാറ്റിന്‍ പാത്രിയര്‍ക്കേറ്റിനും ഗ്രീക്ക് മെല്‍കൈറ്റ്, കോപ്റ്റിക്, മാരോണൈറ്റ്, സിറിയന്‍, കല്‍ദായ, അര്‍മീനിയന്‍ സഭകള്‍ക്കും ഈ തുക വിഭജിച്ചു നല്‍കും. യുദ്ധക്കെടുതികള്‍ നേരിടുന്ന വിശ്വാസികളുടെ ക്ഷേമത്തിനു വേണ്ടിയും തുക നല്‍കും.
സംഘര്‍ഷങ്ങള്‍ മൂലം വിശുദ്ധനാട്ടിലെ ക്രൈസ്തവര്‍ അന്യനാടുകളിലേയ്ക്കു പലായനം ചെയ്യുന്ന പ്രവണത ശക്തമാണ്. ക്രിസ്തു ജനിച്ച നാട്ടില്‍ ക്രൈസ്തവരുടെ സാന്നിദ്ധ്യം കുറഞ്ഞുവരുന്നത് സഭയെ ആകുലപ്പെടുത്തുന്നുണ്ട്. ക്രൈസ്തവരോടു ജന്മനാട്ടില്‍ തന്നെ തുടരണമെന്ന് അധികാരികള്‍ ആഹ്വാനം ചെയ്യുന്നു. വിശുദ്ധനാട്ടിലേയ്ക്കുള്ള തീര്‍ത്ഥാടനത്തെ സഭ പ്രോത്സാഹിപ്പിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. തീര്‍ത്ഥാടനവും ടൂറിസവുമാണ് ഇവിടത്തെ ജനങ്ങളുടെ പ്രധാന വരുമാനമാര്‍ഗം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org