ഗ്രഹാം സ്റ്റെയിന്‍സിന്‍റെ ഘാതകന്‍ ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം അറസ്റ്റില്‍

ഗ്രഹാം സ്റ്റെയിന്‍സിന്‍റെ ഘാതകന്‍ ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം അറസ്റ്റില്‍
Published on

ഒറീസയില്‍ കൊല്ലപ്പെട്ട ഓസ്ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സിന്‍റെ ഘാതകന്‍ 20 വര്‍ഷങ്ങള്‍ക്കു ശേഷം സിബിഐയുടെ പിടിയിലായി. സ്റ്റെയിന്‍സിനൊപ്പം പത്തുവയസ്സുകാരനായ ഫിലിപ്പ് ഏഴുവയസ്സുള്ള തിമോത്തി എന്നീ ആണ്‍ മക്കളെയും കൊലയാളികള്‍ തീകൊളുത്തി കൊല്ലുകയായിരുന്നു. 1999 ജനുവരി 22 ന് ഒറീസയിലെ മനോഹര്‍പൂര്‍ ഗ്രാമത്തിലാണ് രാജ്യത്തെ നടുക്കിയ ഈ അരുംകൊല നടന്നത്.

കേസില്‍ പിടിയിലായി ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ധാരാസിംഗിന്‍റെ അടുത്ത അനുയായി ബുദ്ധദേവ് നായിക്കാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ഒളിവിലായിരുന്ന ഇയാളെ മയൂര്‍ബഞ്ച് ജില്ലയിലെ നിശ്ചിത്പൂര്‍ ഗ്രാമത്തിലെ വസതിയില്‍ നിന്നാണ് സിബിഐ അറസ്റ്റു ചെയ്തത്. സ്റ്റെയിന്‍സിനെയും മക്കളെയും കൊലപ്പെടുത്തിയ കേസില്‍ ധാരാസിംഗിനെ സിബിഐ കോടതി 2003 ല്‍ വധശിക്ഷയ്ക്കു വിധിച്ചിരുന്നു. എന്നാല്‍ 2005 ല്‍ ഒറീസ ഹൈക്കോടതി ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. മഹേന്ദ്ര ഹെംബ്രാം എന്ന മറ്റൊരു പ്രതിയും ഈ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയാണ്. ഈ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട 11 പേരെ തെളിവുകളുടെ അഭാവത്തില്‍ ഹൈക്കോടതി വെറുതെ വിട്ടിരുന്നു.

കുഷ്ഠരോഗികളുടെ പരിചരണത്തില്‍ ഏര്‍പ്പെട്ടിരുന്ന ഗ്രഹാം സ്റ്റെയിന്‍സും ഭാര്യ ഗ്ലാഡിസും മയൂര്‍ ബഞ്ചിലെ ബാരിപ്പാഡ കേന്ദ്രീകരിച്ചാണു മിഷനറി പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. ഭര്‍ത്താവിന്‍റെയും മക്കളുടെയും ഘാതകരോട് ക്ഷമിച്ചുവെന്ന് ഗ്ലാഡിസ് പിന്നീട് പറയുകയുണ്ടായി. 2005 ല്‍ രാജ്യം അവരെ പത്മശ്രീ നല്‍കി ആദരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org