ഗ്രീക്ക് മെല്‍കൈറ്റ് കത്തോലിക്കാസഭയ്ക്കു പുതിയ പാത്രിയര്‍ക്കീസ്

ഗ്രീക്ക് മെല്‍കൈറ്റ് കത്തോലിക്കാസഭയ്ക്കു പുതിയ പാത്രിയര്‍ക്കീസ്

ഗ്രീക്ക് മെല്‍കൈറ്റ് കത്തോലിക്കാസഭയുടെ പുതിയ പാത്രിയര്‍ക്കീസായി ആര്‍ച്ചുബിഷപ് യൂസഫ് അബ്സിയെ സിനഡ് തിരഞ്ഞെടുത്തു. എഴുപത്തിയൊന്നുകാരനായ പുതിയ പാത്രിയര്‍ക്കീസ് സിറിയയിലെ ദമാസ്കസിലാണു ജനിച്ചത്. മിഷണറി സൊസൈറ്റി ഓഫ് സെ. പോള്‍ എന്ന സന്യാസസഭയില്‍ ചേര്‍ന്നു വൈദികനായി. പിന്നീട് ആ സഭയുടെ മേധാവിയായി. 2001-ല്‍ മെല്‍കൈറ്റ് പാത്രിയര്‍ക്കേറ്റില്‍ കൂരിയാ ബിഷപ്പായി നിയമിതനായി. 2007 മുതല്‍ ദമാസ്കസ് അതിരൂപതയുടെ പാത്രിയര്‍ക്കല്‍ വികാരിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. പാത്രിയര്‍ക്കീസായിരുന്ന ഗ്രിഗോറിയോസ് മൂന്നാമന്‍ ലാഹം 83-ാം വയസ്സില്‍ വിരമിച്ചതിനെ തുടര്‍ന്നാണ് പുതിയ തിരഞ്ഞെടുപ്പു വേണ്ടി വന്നത്.

കത്തോലിക്കാസഭയിലെ പൗരസ്ത്യറീത്തുകളിലൊന്നായ മെല്‍കൈറ്റ് ഗ്രീക്ക് കത്തോലിക്കാസഭയില്‍ 15 ലക്ഷം വിശ്വാസികളാണുള്ളത്. സിറിയയിലും ലെബനോനിലുമാണ് സഭ പ്രധാനമായും ഉള്ളത്. സഭയുടെ കൂടുതല്‍ രുപതകളും അറബ് മേഖലയിലാണ്. ഈ സഭാംഗങ്ങള്‍ പ്രവാസികളായിട്ടുള്ള ആസ്ത്രേലിയ, തുര്‍ക്കി, കാനഡ, മെക്സിക്കോ, അമേരിക്ക, അര്‍ജന്‍റീന, ബ്രസീല്‍, വെനിസ്വേലാ എന്നിവിടങ്ങളിലും ഇവര്‍ക്കു രൂപതകളും മറ്റ് അജപാലനസംവിധാനങ്ങളുമുണ്ട്. വി. പത്രോസിന്‍റെയും പൗലോസിന്‍റെയും സുവിശേഷവത്കരണഫലമായി ക്രൈസ്തവരാകുകയും ആദ്യമായി ക്രിസ്ത്യാനികളെന്നു വിളിക്കപ്പെടുകയും ചെയ്ത ആദിമ ക്രൈസ്തവസമൂഹത്തിന്‍റെ പിന്തുടര്‍ച്ച അവകാശപ്പെടുന്ന ക്രൈസ്തവരാണ് ഗ്രീക്ക് മെല്‍കൈറ്റ് വിശ്വാസികള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org