ഹാഗിയ സോഫിയ: മാര്‍പാപ്പയുടെ വേദന ലോകത്തെ സ്പര്‍ശിച്ചു

സമുദ്രയാത്രികര്‍ക്കു വേണ്ടി സഭ പ്രാര്‍ത്ഥിക്കുന്ന ദിവസമായിരുന്നു ജൂലൈ 12. അന്നു സെ. പീറ്റേഴ്‌സ് അങ്കണത്തില്‍ മദ്ധ്യാഹ്ന പ്രാര്‍ത്ഥനയ്ക്കു ശേഷം സന്ദര്‍ശകരെ അഭിസംബോധന ചെയ്യുമ്പോള്‍, എഴുതി തയ്യാറാക്കിയ സന്ദേശത്തില്‍ നിന്നു വ്യതിചലിച്ച് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു, "സമുദ്രം എന്റെ ചിന്തകളെ കൂറേക്കൂടി ദൂരേയ്ക്കു കൊണ്ടു പോകുന്നു, ഇസ്താംബുളിലേയ്ക്ക്. ഞാന്‍ ഹാഗിയ സോഫിയയെക്കുറിച്ച് ചിന്തിക്കുന്നു. ഞാന്‍ അതീവ ദുഃഖിതനാണ്." തുര്‍ക്കിയിലെ ചരിത്രപ്രസിദ്ധമായ കത്തീഡ്രല്‍, മോസ്‌ക് ആക്കി മാറ്റാനുള്ള പ്രസിഡന്റ് എര്‍ദോഗാന്റെ തീരുമാനത്തെയാണു മാര്‍പാപ്പ പരാമര്‍ശിച്ചത്.

ഓര്‍ത്തഡോക്‌സ് കത്തീഡ്രലായിരുന്ന ഹാഗിയ സോഫിയ മോസ്‌ക് ആയി പ്രഖ്യാപിച്ച തുര്‍ക്കിയുടെ നടപടിയെ കുറിച്ച് വത്തിക്കാന്‍ എന്തുകൊണ്ടു അഭിപ്രായം പറയുന്നില്ല എന്ന ചോദ്യം ഓര്‍ത്തഡോക്‌സ് സഭാവൃത്തങ്ങള്‍ ഉന്നയിച്ചിരുന്നു. അതിനിടെയാണ് മാര്‍പാപ്പയുടെ ഹൃദയസ്പര്‍ശിയും സ്വാഭാവികവുമായ പ്രതികരണം വരുന്നത്.

80 വര്‍ഷം മുമ്പാണ് അന്നത്തെ ഭരണകൂടം ഈ കത്തീഡ്രല്‍ മ്യൂസിയം ആയി പ്ര ഖ്യാപിച്ചത്. മ്യൂസിയമെന്ന പദവി ഈ പുരാതന നിര്‍മ്മിതിയെ സംഭാഷണത്തിന്റെയും ഐകമത്യത്തിന്റെയും ക്രൈസ്തവ-മുസ്ലീം പരസ്പരധാരണയുടെയും പ്രതീകാത്മകകേന്ദ്രമായി മാറ്റിയിരുന്നുവെന്നും അതു മനുഷ്യവംശത്തിനാകെ അവകാശപ്പെട്ടതായിരുന്നുവെന്നും ഓര്‍ത്തഡോക്‌സ് പാത്രിയര്‍ക്കീസ് ബര്‍ത്തലോമിയോ ചൂണ്ടിക്കാട്ടി. വിവിധ മതനേതാക്കളും രാഷ്ട്ര നേതാക്കളും തുര്‍ക്കിയു ടെ നടപടിയെ വിമര്‍ശിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org