ഹെയ്തിയിലെ സഭ രാജ്യത്തിനു വേണ്ടി പ്രാര്‍ത്ഥനാവര്‍ഷം ആചരിക്കുന്നു

അടുത്ത ഒരു വര്‍ഷം രാജ്യത്തിനു വേണ്ടി പ്രാര്‍ത്ഥനയും ആരാധനയും നടത്തുമെന്ന് ഹെയ്തിയിലെ കത്തോലിക്കാ മെത്രാന്മാര്‍ പ്രസ്താവിച്ചു. ഹെയ്തിയുടെ പ്രസിഡന്‍റ് ജോവനേല്‍ മൊയ്സിന്‍റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭങ്ങള്‍ രാജ്യ ത്തെ സംഘര്‍ഷഭരിതമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് സഭയുടെ ഈ പ്രഖ്യാപനം. ദുരിതം തീവ്രമായിരിക്കുകയാണെന്നും അരക്ഷിതത്വം പ്രത്യാശയെ ഇല്ലാതാക്കുകയാണെന്നും മെത്രാന്മാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

പാവപ്പെട്ടവരെ സഹായിക്കുന്നതിനുള്ള ഒരു സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായ കോടികണക്കിനു ഡോളര്‍ നഷ്ടമായെന്ന ഔദ്യോഗിക ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് മാസങ്ങളായി പ്രക്ഷോഭങ്ങള്‍ ഹെയ്തിയില്‍ പ്രക്ഷോഭങ്ങള്‍ നടന്നു വരികയാണ്. വെനിസ്വേലാ ഉള്‍പ്പെടെയുള്ള കരീബിയന്‍ രാഷ്ട്രങ്ങള്‍ ചേര്‍ന്നു രൂപപ്പെടുത്തിയ പദ്ധതിയില്‍ 2006-ല്‍ ഹെയ്തിയും ചേര്‍ന്നിരുന്നു. വെനിസ്വേലായുടെ സാമ്പത്തിക തകര്‍ച്ചയോടെ ഈ പദ്ധതി അവതാളത്തിലായി. ഇതിന്‍റെ ഫലമായി 200 കോടി ഡോളര്‍ ഹെയ്തിക്കു നഷ്ടമായതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മേഖലയിലെ ഏറ്റവും ദരിദ്രമായ രാഷ്ട്രമായ ഹെയ്തി അടിസ്ഥാനസൗകര്യവികസനത്തിനും ആരോഗ്യസേവനസംവിധാനങ്ങള്‍ക്കുമായി നീക്കി വച്ച പണമാണിത്. പ്രസിഡന്‍റ് വന്‍ അഴിമതികള്‍ നടത്തിയുള്ളതായും ഓഡിറ്റ് റിപ്പോര്‍ട്ട് പറയുന്നു.

2020-ലെ പെന്തക്കുസ്താ തിരുനാള്‍ വരെ രാജ്യത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ നടത്തുമെന്നാണ് മെത്രാന്മാര്‍ അറിയിച്ചിട്ടുള്ളത്. ഓരോ രൂപതയും ഇതിനു വേണ്ടി പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കണമെന്നു മെത്രാന്മാര്‍ നിര്‍ദേശിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org