ഹെയ്തി അഭയാര്‍ത്ഥികള്‍: ട്രംപിന്‍െറ തീരുമാനത്തിനെതിരെ വത്തിക്കാന്‍

ഹെയ്തി അഭയാര്‍ത്ഥികള്‍: ട്രംപിന്‍െറ  തീരുമാനത്തിനെതിരെ വത്തിക്കാന്‍

പ്രകൃതിദുരന്തങ്ങളെ തുടര്‍ന്ന് ഹെയ്തിയില്‍ നിന്ന് അമേരിക്കയില്‍ അഭയം തേടിയെത്തിയിരിക്കുന്ന ആയിരകണക്കിനാളുകളുടെ താത്കാലിക സംരക്ഷിത പദവി അവസാനിപ്പിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ തീരുമാനത്തെ വത്തിക്കാന്‍ രൂക്ഷമായി വിമര്‍ശിച്ചു. ഭൂകമ്പവും കൊടുങ്കാറ്റും മൂലം ദ്വീപരാഷ്ട്രമായ ഹെയ്തിയുടെ പകുതിയിലേറെ പ്രദേശങ്ങളും നാശമായി കിടക്കുകയാണെന്ന് വത്തിക്കാന്‍റെ മുന്‍ യുഎന്‍ പ്രതിനിധി ആര്‍ച്ചുബിഷപ് സില്‍വാനോ തോമാസി ചൂണ്ടിക്കാട്ടി. ഇപ്പോള്‍ അങ്ങോട്ടു മടങ്ങി പോകുക പ്രായോഗികമല്ല. ഈ സാഹചര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ തീരുമാനം അതീവ ദുഃഖകരമാണ് – ആര്‍ച്ചുബിഷപ് പറഞ്ഞു.

2010-ല്‍ ഉണ്ടായ ഭുകമ്പത്തില്‍ ലക്ഷങ്ങളാണ് ഹെയ്തിയില്‍ മരിച്ചത്. അതിന്‍റെ ശ്രമകരമായ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികെയാണ് 2016-ല്‍ കൊടുങ്കാറ്റ് അടുത്ത നാശം വിതച്ചത്. ഇതിനെയെല്ലാം തരണം ചെയ്യുന്നതിനുള്ള വിഭവസ്രോതസ്സുകള്‍ ഹെയ്തിക്കില്ലെന്നു ആര്‍ച്ചുബിഷപ് തോമാസി ചൂണ്ടിക്കാട്ടി.
60,000 ഹെയ്തിക്കാരാണ് ഇപ്പോള്‍ അമേരിക്കയില്‍ താത്കാലിക സംരക്ഷിത പദവിയോടെ അഭയാര്‍ത്ഥികളായി കഴിഞ്ഞു വരുന്നത്. ഇവരെല്ലാം 2019 ജൂലൈയോടെ രാജ്യം വിടണമെന്നാണ് പ്രസിഡന്‍റ് ഉത്തരവിട്ടിരിക്കുന്നത്. ഇത്രയധികം പേര്‍ 7 വര്‍ഷത്തിനു ശേഷം മടങ്ങി വരുന്നത് ഹെയ്തിക്കു താങ്ങാന്‍ കഴിയില്ലെന്നാണു കരുതുന്നത്. ചര്‍ച്ചകളിലൂടെ മടക്കത്തിന്‍റെ സമയം ദീര്‍ഘിപ്പിക്കാന്‍ കഴിയുമെന്ന പ്രത്യാശ വത്തിക്കാന്‍ മനുഷ്യവികസനകാര്യാലയത്തിലെ അംഗമായ ആര്‍ച്ചുബിഷപ് തോമാസി പങ്കുവച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org