ഹെയ്തിയിലെ സംഘര്‍ഷം: സഹായപദ്ധതികളെ ബാധിച്ചേക്കുമെന്നു സഭ

ഹെയ്തിയിലെ സംഘര്‍ഷം: സഹായപദ്ധതികളെ ബാധിച്ചേക്കുമെന്നു സഭ

ഹെയ്തിയില്‍ സഭ ചെയ്തു വരുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ അവിടത്തെ രാഷ്ട്രീയസാഹചര്യം പ്രതികൂലമായി ബാധിച്ചേക്കുമെന്നു സഭയുടെ ജീവകാരുണ്യസംഘടനകള്‍ അറിയിച്ചു. റോഡുകള്‍ അടഞ്ഞു കിടക്കുകയും ജനങ്ങള്‍ വീട്ടില്‍നിന്നു പുറത്തിറങ്ങാതിരിക്കുകയും വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്ന ഒരു സാഹചര്യമാണു ഹെയ്തിയിലെന്നും സംഘര്‍ഷം തുടരുകയാണെങ്കില്‍ അതൊരു മാനവീക പ്രതിസന്ധിയായി മാറുമെന്നും സിആര്‍എസിന്‍റെ വക്താവ് പറഞ്ഞു. അമേരിക്കന്‍ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്‍റെ അന്താരാഷ്ട്ര ജീവകാരുണ്യവിഭാഗമാണ് സിആര്‍എസ്.

കഴിഞ്ഞ വര്‍ഷം മുതല്‍ ഹെയ്തിയില്‍ നടന്നു വരുന്ന ഭരണവിരുദ്ധ പ്രക്ഷോഭങ്ങള്‍ അക്രമാസക്തമായിരിക്കുകയാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ മാത്രം പ്രക്ഷോഭങ്ങളില്‍ 32 പേര്‍ കൊല്ലപ്പെട്ടുവെന്നാണു കണക്ക്. പ്രസിഡന്‍റ് ജോവനേല്‍ മോയ്സിന്‍റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ളതാണു പ്രക്ഷോഭങ്ങള്‍. 2010-ലെ പ്രകൃതിദുരന്തത്തില്‍ നിന്നു രക്ഷ നേടുന്നതിനു ലഭിച്ച നൂറു കണക്കിനു കോടി ഡോളര്‍ പ്രസിഡന്‍റ് ദുരുപയോഗിച്ചുവെന്നു പ്രക്ഷോഭകര്‍ കുറ്റപ്പെടുത്തുന്നു. പുനനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള കരാര്‍ പ്രസിഡന്‍റിന്‍റെ കമ്പനികള്‍ക്കു നല്‍കുന്നുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

ഭൂകമ്പവും ചുഴലിക്കാറ്റും മൂലം ദുരിതമനുഭവിക്കുന്ന രാജ്യമാണു ഹെയ്തി. ഒരു വന്‍ഭൂകമ്പം കൂടി അവിടെ ഉണ്ടാകാനുള്ള സാദ്ധ്യതയും ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ രാഷ്ട്രീയ അസ്ഥിരത ഗുരുതരമായ സ്ഥിതിവിശേഷമുണ്ടാക്കുമെന്ന് സഭ പറയുന്നു. കത്തോലിക്കാസഭയുടെ വിവിധ ഏജന്‍സികളാണ് ഹെയ്തിയുടെ പുനരധിവാസത്തിനും പുനനിര്‍മ്മാണത്തിനുമായി ഏറ്റവുമധികം സംഭാവനകള്‍ നല്‍കിയത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org