കേരളത്തിനു ഗോവന്‍ സഭയുടെ സഹായഹസ്തം

കേരളത്തിലെ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഗോവ അതിരൂപതയുടെ സഹായഹസ്തം. മഴക്കെടുതിയില്‍ വിവിധ തരത്തില്‍ ക്ലേശിക്കുന്ന കേരളത്തിന് സാധ്യമായ സഹായങ്ങള്‍ നല്‍കാന്‍ ഗോവ അതിരൂപതയിലെ വൈദികരോടും സ്ഥാപന മേധാവികളോടും ഇതര സമിതികളോടും ആര്‍ച്ചുബിഷപ് ഫിലിപ്പ്നേരി അഭ്യര്‍ത്ഥിച്ചു. കേരളത്തില്‍ പ്രളയക്കെടുതിയില്‍ ഭവനങ്ങളും മറ്റു വസ്തുവകകളും നഷ്ടപ്പെട്ടവരോടുള്ള ഐക്യദാര്‍ഢ്യം ഗോവന്‍ സഭ പ്രകടിപ്പിക്കുകയാണെന്നും ദുരന്തത്തിന് ഇരകളായവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും ഇടയലേഖനത്തില്‍ ആര്‍ച്ചുബിഷപ് വ്യക്തമാക്കി. ബന്ധുക്കള്‍ നഷ്ടപ്പെട്ടവര്‍ക്കു വേണ്ടിയും പരിക്കേറ്റു കഴിയുന്നവര്‍ക്കും ഒന്നും ഇല്ലാതെ എല്ലാം നഷ്ടമായവര്‍ക്കുവേണ്ടിയും പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും ആര്‍ച്ചുബിഷപ് ആഹ്വാനം ചെയ്തു. കേരള ജനതയുടെ ഈ തീരാവേദനയില്‍ എല്ലാവരും പങ്കുചേരണമെന്നും പ്രാര്‍ത്ഥനയിലൂടെ മാത്രമല്ല, ഭൗതികമായ സഹായങ്ങള്‍ നല്‍കിയും എല്ലാവരും സഹായിക്കണമെന്നും ആര്‍ച്ചുബിഷപ് നിര്‍ദ്ദേശിച്ചു.

കര്‍ദി. ജോര്‍ജ് ആലഞ്ചേരി
അതിരൂക്ഷമായ പ്രളയക്കെടുതി അനുഭവിക്കുന്ന കേരളജനതയുടെ രക്ഷയ്ക്കായി വിശ്വാസികള്‍ കുടുംബങ്ങളിലും ദേവാലയങ്ങളിലും, സന്യാസ ഭവനങ്ങളിലും നിരന്തരമായ പ്രര്‍ത്ഥനയില്‍ മുഴുകണമെന്ന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു. ഇപ്പോഴത്തെ സാഹചര്യത്തില്‍ നിന്ന് രക്ഷ നേടാന്‍ എല്ലാവരും ഏകമനസ്സോടെ ഒറ്റക്കെട്ടായി നീങ്ങേണ്ട സമയമാണ് ഇതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വിവിധ തലങ്ങളില്‍ സാമ്പത്തികമായി കഷ്ടത അനുഭവിക്കുന്ന വരെ സഹായിക്കാന്‍ സര്‍ക്കാരിന്‍റെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഉപയുക്തമാണെന്ന് മനസ്സിലാക്കുന്നു. എല്ലാവരുടെയും സഹായസഹകരണങ്ങളുണ്ടെങ്കിലേ ഈ വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കാനാവൂ. ആയതിനാല്‍ സാധിക്കുന്ന എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേക്ക് ഉദാരമായി സംഭാവന നല്‍കണം. ദൈവകരുണയ്ക്കായി നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ട് ഇപ്പോഴത്തെ സ്ഥിതിവിശേഷത്തെ പ്രത്യാശയോടെ നമുക്കൊരുമിച്ച് തരണം ചെയ്യാനാവുമെന്നും മേജര്‍ ആര്‍ച്ച്ബിഷപ് പ്രത്യാശ പ്രകടിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org