ഹയര്‍ സെക്കണ്ടറി ഏകീകരണ പദ്ധതി പൊതു വിദ്യാഭ്യാസത്തെ തകര്‍ക്കും -മാര്‍ ആന്‍ഡ്രൂസ് താഴത്ത്

ഹയര്‍ സെക്കണ്ടറി ഏകീകരണ പദ്ധതി പൊതു വിദ്യാഭ്യാസത്തെ തകര്‍ക്കും -മാര്‍ ആന്‍ഡ്രൂസ് താഴത്ത്

ഹയര്‍ സെക്കണ്ടറി ഏകീകരണ പദ്ധതി പൊതു വിദ്യാഭ്യാസത്തെ തകര്‍ക്കുമെന്നും പൊതു സമൂഹത്തിന് ആവശ്യമായ മാറ്റങ്ങള്‍ ആരോഗ്യപരമായ ചര്‍ച്ചകളിലൂടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതാണ് ജനാധിപത്യ മര്യാദയെന്നും കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അനുസ്മരിപ്പിച്ചു. കോളജുകളില്‍ നിന്നും പ്രീഡിഗ്രി കോഴ്സുകള്‍ സ്കൂള്‍ തലത്തിലേക്കു മാറ്റുന്നതുമായി ബന്ധപ്പെട്ട് സുദീര്‍ഘമായ പഠനങ്ങള്‍ നടത്തുകയും ഇതുമായി ബന്ധപ്പെട്ട മാനേജര്‍മാര്‍ ഉള്‍പ്പടെയുള്ളവരുമായി വിശദമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്ത ശേഷമാണ് 1998-ല്‍ പ്ലസ് ടു കോഴ്സുകള്‍ വ്യാപകമായി ആരംഭിച്ചത്.

പ്ലസ് ടു സംവിധാനത്തെ കൂടുതല്‍ കാര്യക്ഷമവും കുറ്റമറ്റതുമാക്കുവാനായി സര്‍ക്കാര്‍ നിയോഗിച്ച ലബ്ബ കമ്മീഷന്‍റെ റിപ്പോര്‍ട്ടുകള്‍ ഇനിയും പ്രാവര്‍ത്തികമാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ എങ്ങനെ വിദ്യാഭ്യാസാവകാശനിയമം ഫലപ്രദമായി നടപ്പിലാക്കാം എന്നതിനാവശ്യമായ റിപ്പോര്‍ട്ടു സമര്‍പ്പിക്കുന്നതിനായി ഡോ. എം.എ. ഖാദര്‍ അദ്ധ്യക്ഷനായ മൂന്നംഗ കമ്മിറ്റിയെ സര്‍ക്കാര്‍ 2017 ഒക്ടോബര്‍ 19-ലെ സര്‍ക്കാര്‍ ഉത്തരവു പ്രകാരം നിയമിച്ചു. 2009-ലെ വിദ്യാഭ്യാസ അവകാശനിയമം സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പിലാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും 12-ാം ക്ലാസുവരെയുള്ള സ്കൂള്‍ വിദ്യാഭ്യാസം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കുവാനാണ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നത്. ഈ കമ്മിറ്റിയുടെ ചര്‍ച്ചകളില്‍ ഒരു ഘട്ടത്തിലും വിദ്യാഭ്യാസമേഖലയില്‍ ക്രിയാത്മകമായ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന മാനേജര്‍മാരെ വിശ്വാസത്തിലെടുത്തു ചര്‍ച്ച ചെയ്യാന്‍ തയ്യാറായില്ല എന്നത് വലിയ ഒരു വിരോധാഭാസം തന്നെയാണ്. ഈ മേഖലയില്‍ വളരെയേറെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന റിപ്പോര്‍ട്ടാണ് കമ്മിറ്റി 2019 ജനുവരി 25-ന് സര്‍ക്കാരില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഈ റിപ്പോര്‍ട്ട് തത്ത്വത്തില്‍ ക്യാബിനറ്റും അംഗീകരിച്ചിരിക്കുകയാണ്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ അസംബ്ലിയിലും മറ്റ് ഉത്തരവാദിത്വപ്പെട്ട സമിതികളിലും ചര്‍ച്ച ചെയ്യുവാന്‍ പോലും തയ്യാറാവാതെ നടപ്പിലാക്കാന്‍ കാട്ടുന്ന ഈ തിടുക്കം ഒത്തിരിയേറെ ദൂരുഹതകള്‍ ഉയര്‍ത്തുന്നതായി മാര്‍ താഴത്ത് പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org