പാക്കിസ്ഥാനില്‍ ദിവ്യകാരുണ്യവര്‍ഷം

പാക്കിസ്ഥാനില്‍ ദിവ്യകാരുണ്യവര്‍ഷം

പാക്കിസ്ഥാനില്‍ ദിവ്യകാരുണ്യവര്‍ഷം ആചരിക്കാന്‍ കത്തോലിക്കാ മെത്രാന്‍ സംഘം തീരുമാനിച്ചു. ക്രിസ്തുവിന്‍റെ രാജത്വതിരുനാള്‍ ആഘോഷിക്കുന്ന നവംബര്‍ 26 മുതല്‍ 2018 നവംബര്‍ 25 വരെയായിരിക്കും ദിവ്യകാരുണ്യവര്‍ഷാചരണം. ആദ്ധ്യാത്മിക വളര്‍ച്ചയ്ക്കും ആന്തരീക നവീകരണത്തിനുമുള്ള ഒരു വര്‍ഷമായി പാക് ക്രൈസ്തവര്‍ ഇതു ചെലവിടുമെന്ന് മെത്രാന്മാര്‍ വ്യക്തമാക്കി.

ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്ന ഒരു രാജ്യമെന്ന നിലയില്‍ സമാധാനത്തിനും സാഹോദര്യത്തിനും പുരോഗതിക്കുമായി തീക്ഷ്ണമായി പ്രാര്‍ത്ഥിക്കാന്‍ പാക് ക്രൈസ്തവര്‍ക്കു കടമയുണ്ടെന്ന് മെത്രാന്‍ സംഘം ചൂണ്ടിക്കാട്ടി. അഴിമതി നിറഞ്ഞ രാഷ്ട്രീയത്തില്‍ നിന്നാണ് സാമൂഹ്യപ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പ് സ്വതന്ത്രമായും നീതിയുക്തമായും നടത്താന്‍ കഴിയുമെന്ന പ്രത്യാശയിലാണു ഞങ്ങള്‍. ഇതു ജനാധിപത്യപ്രക്രിയയെ ശക്തിപ്പെടുത്തുമെന്നു പ്രതീക്ഷിക്കുന്നു. തിരഞ്ഞെടുപ്പു നടപടികള്‍ നിഷ്പക്ഷമായി നടത്താന്‍ കഴിയുന്ന സത്യസന്ധതയുള്ള ഒരു ഇടക്കാല ഭരണകൂടം പാക്കിസ്ഥാനിലുണ്ടാകണം. തിരഞ്ഞെടുപ്പു കമ്മീഷന്‍ തികച്ചും നിഷ്പക്ഷമായിരിക്കണം – സന്ദേശത്തില്‍ മെത്രാന്മാര്‍ രാഷ്ട്രീയവിഷയങ്ങളിലെ നിലപാടും വ്യക്തമാക്കി.

സംവരണസീറ്റുകളില്‍ ന്യൂനപക്ഷ സ്ഥാനാര്‍ത്ഥികളെ രാഷ്ട്രീയപാര്‍ട്ടികള്‍ നിയോഗിക്കുന്ന ഇപ്പോഴത്തെ തിരഞ്ഞെടുപ്പു സംവിധാനം ക്രൈസ്തവരെ മതിയായ വിധത്തില്‍ പ്രതിനിധീകരിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ നീതിപൂര്‍വകവും ന്യായവുമായ സംവിധാനം നിലവില്‍ വരേണ്ടതുണ്ടെന്നും പാക് മെത്രാന്‍മാര്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org