വിശുദ്ധനാട്ടിലേയ്ക്കു സന്ദര്‍ശകര്‍ വര്‍ദ്ധിക്കുന്നു

വിശുദ്ധനാട്ടിലേയ്ക്കു സന്ദര്‍ശകര്‍ വര്‍ദ്ധിക്കുന്നു

വിശുദ്ധനാട്ടിലേയ്ക്കുള്ള തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി ഇസ്രായേലിലെ വത്തിക്കാന്‍ സ്ഥാനപതിയും ജറുസലേമിലേയും പലസ്തീനിലെയും അപ്പസ്തോലിക് ഡെലഗേറ്റുമായ ആര്‍ച്ചുബിഷപ് ലിയോപോള്‍ദോ ജിറെല്ലി അറിയിച്ചു. ഇറാഖിലെ സ്ഥിരത, ഇസ്രായേലിന്‍റെ ഇറാനുമായുള്ള സംഘര്‍ഷം, സിറിയയിലെ തുടരുന്ന സംഘര്‍ഷങ്ങള്‍ തുടങ്ങിയവയാണ് ഈ പ്രദേശത്തെ ശ്രദ്ധേയമായ കാര്യങ്ങള്‍. ഇസ്രായേലും പലസ്തീനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. അതിനാല്‍ പ്രത്യാശാഭരിതമാണ് ഇവിടത്തെ സ്ഥിതിയെന്നു പറയാനാവില്ല. പ്രശ്നപരിഹാരങ്ങളുടെ ഭാഗമായി വിശുദ്ധനാടിനു കൂടുതല്‍ സമാധാനപൂര്‍ണമായ ഒരു ഭരണസംവിധാനം ഉണ്ടായേക്കാമെന്ന വിദൂരപ്രതീക്ഷ മാത്രമാണ് ആശ്വാസം പകരുന്നത് – ആര്‍ച്ചുബിഷപ് പറഞ്ഞു. വിശുദ്ധനാട്ടില്‍ കത്തോലിക്കരുടെ എണ്ണം കുറഞ്ഞു വരികയാണ്. മെച്ചപ്പെട്ട ജീവിതം തേടി അവര്‍ മറ്റു രാജ്യങ്ങളിലേയ്ക്കു പലായനം ചെയ്യുകയാണ്. വിശുദ്ധനാട്ടിലെ കത്തോലിക്കരില്‍ അറബി വംശജരും ഹെബ്രായ വംശജരും ഉണ്ട്. അതതു ഭാഷകളാണ് ഇവര്‍ ദിവ്യബലിയിലും ഉപയോഗിക്കുന്നത്. ലാറ്റിന്‍ റീത്തിനു പുറമെ മെല്‍കൈറ്റ്, മാരോണൈറ്റ്, ഗ്രീക്-കത്തോലിക്കാ, സിറിയന്‍ കത്തോലിക്കാ, അര്‍മീനിയന്‍ റീത്തുകളില്‍ പെട്ട കത്തോലിക്കരും ഇവിടെയുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org