ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ അദ്ധ്യാപക നിയമനപ്രശ്നം പരിഹരിക്കണം – മാര്‍ ആന്‍ഡ്രൂസ് താഴത്ത്

2014-15 വര്‍ഷം അനുവദിച്ച ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലും അഡീഷണല്‍ ബാച്ചുകളിലും അദ്ധ്യാപകതസ്തികകള്‍ സൃഷ്ടിച്ച് സ്ഥിരം അദ്ധ്യാപകരെ നിയമിക്കുവാനുള്ള നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു. ഇതിനകം തന്നെ രണ്ടുബാച്ചുകള്‍ പഠനം പൂര്‍ത്തിയാക്കിയിട്ടും ദിവസവേതനം പോലും ലഭിക്കാത്ത അദ്ധ്യാപകരാണ് അവിടെ പഠിപ്പിക്കുവാന്‍ നിയുക്തരായിരിക്കുന്നത്. സ്ഥിരം അദ്ധ്യാപകരില്ലാത്ത അവസ്ഥ സ്കൂളുകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തെയും ഗുണനിലവാരത്തെയും ഗൗരവമായി ബാധിക്കും.

അദ്ധ്യാപകനിയമനത്തിനായിട്ടുള്ള ഗവണ്‍മെന്‍റ് നോമിനിയെ അംഗീകരിച്ചു കൊടുക്കുവാന്‍ ഓഫീസുകളില്‍ വരുത്തുന്ന വലിയ കാലതാമസം ഒരു വര്‍ഷത്തിലധികം അദ്ധ്യാപകനിയമനത്തെ തടസ്സപ്പെടുത്തുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഈ അദ്ധ്യയനവര്‍ഷം ആരംഭിക്കുന്നതിനു മുമ്പ് നിയമനം നടത്തത്തക്കവിധത്തില്‍ ഗവണ്‍മെന്‍റ് നോമിനിയെ അനുവദിക്കാനുള്ള നടപടികളുണ്ടാവണം. പ്രമോഷന്‍ വഴി നടത്തേണ്ട അദ്ധ്യാപക നിയമനത്തിന് കൃത്യമായ സീനിയോരിറ്റി മാത്രം മാനദണ്ഡമായ സാഹചര്യത്തില്‍ ഗവണ്‍മെന്‍റ് നോമിനി ഈ സെലക്ഷന്‍ കമ്മിറ്റിയില്‍ ഉണ്ടാകണമെന്ന ശിപാര്‍ശ അപ്രസക്തമായതിനാല്‍ ഇത്തരത്തിലുള്ള നിയമനത്തില്‍ ഗവണ്‍മെന്‍റ് നോമിനിയെ ഒഴിവാക്കാനുള്ള നിര്‍ദ്ദേശമുണ്ടാകണമെന്നും ആര്‍ച്ചുബിഷപ് താഴത്ത് ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org